മമ്മൂക്കയും ലാലേട്ടനും സൂക്ഷിക്കുക; ബ്രാന്‍ഡ് അംബാസിഡര്‍ക്കും നിയമപരമായ ഉത്തരവാദിത്വമുണ്ട്; ‘സേവ് ബോക്സ്’ ആപ്പ് തട്ടിപ്പില്‍ ജയസൂര്യയുടെ സ്വത്ത് ഇഡി കണ്ടുകട്ടിയത് സിനിമാ ലോകത്തിന് മുന്നറിയിപ്പ്!

insight kerala

special report

എം മാധവദാസ്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അടുത്തകാലത്തായി കേരളത്തില്‍ കാണുന്ന ഒരു പരിപാടിയാണ്, പണമുണ്ടെങ്കില്‍ ഏത് തട്ടിപ്പുകാരനും, തങ്ങളുടെ പ്രോഡക്റ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി കേരളത്തിലെ ഏതൊരു താരത്തെയും വിലക്കെടുക്കാമെന്നത്. ഇങ്ങനെ പണം മോഹിച്ച്, ഉല്‍പ്പന്നങ്ങളുടെ ക്വാളിറ്റിയെന്നും പഠിക്കാതെ ചാടി വീഴുന്നവര്‍ സുക്ഷിക്കുക. ബ്രാന്‍ഡ് അംബാസിഡന്‍ എന്നത് വലിയ ഉത്തരവാദിത്വമുള്ള പണിയാണ്. മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡറായ സോപ്പ് തേച്ച് വെളുത്തില്ലെങ്കില്‍, അത് വെളുക്കുമെന്ന് പരസ്യം ചെയ്തിട്ടുണ്ടെങ്കില്‍ കേസുകൊടുത്താല്‍ സൂപ്പര്‍സ്റ്റാര്‍ ആപ്പിലാവും. ‘അപാരമായ കൂളിങ്് ‘ എന്ന പരസ്യംചെയ്ത് എ സി വര്‍ക്ക് ചെയ്തില്ലെങ്കില്‍ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണെന്ന് പറഞ്ഞ് കൈയൊഴിയാന്‍ ലാലേട്ടനും കഴിയില്ല.

ഇപ്പോള്‍ ‘സേവ് ബോക്സ്’ ആപ്പിന്റെ ബ്രാന്‍ഡ്അംബാസഡര്‍ ആയതിന്റെ പേരില്‍ നടന്‍ ജയസൂര്യയ്ക്കെതിരെ നടപടി എടുത്തിരിക്കയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. നടന്റെ 39 ലക്ഷത്തിന്റെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടി. കേസില്‍ ജയസൂര്യയെ പ്രതിചേര്‍ത്തതിന് പിന്നാലെയാണ് നടപടി. കേസില്‍ രണ്ട് തവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്‌സ് ആപ്പിനെ സാധാരണക്കാര്‍ക്കിടയില്‍ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ജയസൂര്യയെ ഇ ഡി ചോദ്യം ചെയ്തത്.

തട്ടിയത് കോടികള്‍

നിക്ഷേപകര്‍ക്ക് വന്‍ ലാഭം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത ഒരു ഓണ്‍ലൈന്‍ ലേല പ്ലാറ്റ്ഫോമാണ് സേവ് ബോക്സ്ആപ്പ്. കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും ലേലത്തിലൂടെ സ്വന്തമാക്കാം എന്ന് വിശ്വസിപ്പിച്ചാണ് ഈ ആപ്പ് ആളുകളെ ആകര്‍ഷിച്ചത്. ലേലത്തില്‍ പങ്കെടുക്കാന്‍ ഉപഭോക്താക്കള്‍ പണം നല്‍കി ‘വെര്‍ച്വല്‍ കോയിനുകള്‍’ വാങ്ങണമായിരുന്നു. എന്നാല്‍ പണം നല്‍കിയ പലര്‍ക്കും ഉല്‍പ്പന്നങ്ങള്‍ ലഭിക്കുകയോ മുടക്കിയ തുക തിരികെ കിട്ടുകയോ ചെയ്തില്ല.തൃശൂര്‍ സ്വദേശിയായ സ്വാതിക് റഹീം ആണ് ഈ ആപ്പിന്റെ ഉടമയും കേസിലെ പ്രധാന പ്രതിയും. 2023-ലാണ് ഇയാള്‍ അറസ്റ്റിലായത്.

തൃശൂര്‍ വിയ്യൂര്‍ സ്വദേശിയാണ്. ഇയാള്‍ സ്വയം ഒരു ലോ ഗ്രാജുവേറ്റ് ആണെന്ന് അവകാശപ്പെട്ടിരുന്നു. സിനിമാ മേഖലയില്‍ പ്രോജക്ട് ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ക്ക് താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ജാക്ക് ആന്‍ഡ് ജില്‍, ഗൗതമന്റെ രഥം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. ‘സേവ് ബോക്സ്’ ഫ്രാഞ്ചൈസികള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നൂറോളം പേരില്‍ നിന്ന് കോടികളാണ് ഇയാള്‍ കൈക്കലാക്കിയത്. നിക്ഷേപകര്‍ക്ക് പ്രതിമാസം 25 ലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തിരുന്നു. സേവ് ബോക്സ് കൂടാതെ സേവ് ബോക്സ് എക്സ്പ്രസ്, ക്രിപ്റ്റോ ഏജന്‍സി തുടങ്ങിയ പേരുകളിലും ഇയാള്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നു.

തൃശൂരില്‍ നടന്ന സേവ് ബോക്സ് ആപ്പിന്റെ വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങില്‍ ഇരുപതോളം സിനിമാ താരങ്ങള്‍ പങ്കെടുത്തിരുന്നു. ആപ്പിന്റെ ലോഞ്ചിന് എത്തിയ പല താരങ്ങള്‍ക്കും പ്രതി സ്വാതിക് റഹീം ഐഫോണുകള്‍ സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ ഇവ പിന്നീട് പരിശോധിച്ചപ്പോള്‍ പഴയ ഫോണുകള്‍ പുതിയ കവറിലിട്ട് നല്‍കിയതാണെന്ന് കണ്ടെത്തി നിലവില്‍ ജയസൂര്യയെയാണ് ഇ.ഡി. പ്രധാനമായും ചോദ്യം ചെയ്യുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ ആപ്പുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ മറ്റ് സിനിമാ പ്രവര്‍ത്തകരെയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു.

ബ്രാൻഡ് അംബാസിഡറായാലും പെടും!

insight kerala

സേവ് ബോക്സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായ ജയസൂര്യ ആപ്പിന്റെ ഉദ്ഘാടന ചടങ്ങുകളിലും പ്രൊമോഷനുകളിലും സജീവമായി പങ്കെടുത്തിരുന്നു. ജയസൂര്യയുടെയും ഭാര്യ സരിതയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിയായ സ്വാതിക് റഹീമിനോട് ബന്ധപ്പെട്ട കമ്പനികളില്‍ നിന്ന് ഏകദേശം 1 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ സമ്പാദിച്ച പണമാണ് ജയസൂര്യയ്ക്ക് പ്രതിഫലമായി നല്‍കിയതെന്ന് ആരോപിച്ചുകൊണ്ട് ഇ.ഡി. അദ്ദേഹത്തിന്റെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി (പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റ്).

ആപ്പിന്റെ പരസ്യങ്ങളില്‍ അഭിനയിച്ചതിനുള്ള നിയമപരമായ പ്രതിഫലം മാത്രമാണ് താന്‍ കൈപ്പറ്റിയതെന്നാണ് ജയസൂര്യയുടെ വാദം. പരസ്യത്തിന് എത്തുന്നവര്‍ തട്ടിപ്പുകാരാണോ എന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ഈ വാദം നിലനില്‍ക്കില്ല. ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്കും നിയമപരമായ ഉത്തരവാദിത്തങ്ങള്‍ ഏറെയുണ്ട്. ഇന്ത്യയിലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം ഒരു ഉല്‍പ്പന്നം പരസ്യം ചെയ്യുന്ന വ്യക്തിക്ക് വലിയ ഉത്തരവാദിത്തങ്ങളുണ്ട്. ഒരു ഉല്‍പ്പന്നം പ്രമോട്ട് ചെയ്യുന്നതിന് മുന്‍പ് അതിന്റെ വിശ്വാസ്യതയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താന്‍ താരങ്ങള്‍ക്ക് ബാധ്യതയുണ്ട്. പരസ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തെളിഞ്ഞാല്‍ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിക്ക് താരങ്ങള്‍ക്ക് പിഴ ചുമത്താനും പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കാനും അധികാരമുണ്ട്.
ആദ്യതവണത്തെ കുറ്റത്തിന് 10 ലക്ഷം രൂപ വരെയും, ആവര്‍ത്തിച്ചാല്‍ 50 ലക്ഷം രൂപ വരെയും പിഴ ഈടാക്കാം. കൂടാതെ 3 വര്‍ഷം വരെ പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കാനും നിയമമുണ്ട്.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യത്തില്‍, തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളുടെ പരസ്യങ്ങളില്‍ പണം വാങ്ങി അഭിനയിക്കുന്നവരെയും ‘കൂട്ടാളികളായി’ കണക്കാക്കി നടപടി എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ജയസൂര്യക്കെതിരെ നടപടി എടുത്തിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാക്കി ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ജയസൂര്യയെ കേസില്‍ പ്രതിയാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Share This Article