ശബരിമല സ്വർണ്ണക്കൊള്ള; ഗോവര്‍ധന് സുപ്രീം കോടതിയിലും കനത്ത തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

insight kerala

ന്യൂഡല്‍ഹി: ശബരിമലയിലെ അയ്യപ്പന്റെ സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ കര്‍ണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന് സുപ്രീം കോടതിയിലും കനത്ത തിരിച്ചടി. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ഒരു കാരണവശാലും ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം മാത്രമേ ഇനി ജാമ്യത്തിനായി കോടതിയെ സമീപിക്കാനാകൂ. അല്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിനുള്ള 90 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷവും.

ശബരിമലയിലെ സ്വര്‍ണ്ണപ്പൊതികള്‍ കവര്‍ന്ന കേസില്‍ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങിയത് ഗോവര്‍ധനാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. തട്ടിയെടുത്ത സ്വര്‍ണ്ണത്തിന് പ്രതിഫലമായി പലപ്പോഴായി ഒന്നരക്കോടി രൂപ പോറ്റിക്ക് നല്‍കിയെന്ന് ഗോവര്‍ധന്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. പണം കൈമാറിയതിന്റെ നിര്‍ണ്ണായകമായ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. എന്നാല്‍ ഇത് ശബരിമലയിലെ സ്വര്‍ണ്ണമാണെന്നും ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ട് തന്നെയാണ് ഗോവര്‍ധന്‍ കച്ചവടം ഉറപ്പിച്ചതെന്നാണ് എസ്‌ഐടിയുടെ വാദം.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഗോവര്‍ധന്‍ സുപ്രീം കോടതിയെ അഭയം പ്രാപിച്ചത്. എന്നാല്‍ അയ്യപ്പന്റെ സ്വത്ത് തട്ടിയെടുത്ത കേസില്‍ ഉന്നതതല അന്വേഷണം നടക്കുന്നതിനാല്‍ ഒരു ഇളവും നല്‍കാന്‍ കോടതി തയ്യാറായില്ല. സ്വര്‍ണ്ണക്കൊള്ളയിലെ ഉന്നത ബന്ധങ്ങളിലേക്കും രാഷ്ട്രീയ ഗൂഢാലോചനകളിലേക്കും അന്വേഷണം നീളുന്ന ഘട്ടത്തില്‍ ഗോവര്‍ധന്റെ ജാമ്യം തടഞ്ഞത് അന്വേഷണ സംഘത്തിന് വലിയ വിജയമായിരിക്കുകയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article