ഷാനിമോൾ കോൺഗ്രസ് വിടുന്നു? പ്രചാരണത്തിനെതിരെ പരാതി നൽകി

insight kerala

കോൺഗ്രസ് ശക്തയായ വനിതാ മുഖമായ ഷാനിമോൾ ഉസ്മാൻ പാർട്ടി വിട്ടു സിപിഎമ്മിലേക്ക് ചേരുന്നതായി പ്രചാരണം. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ രംഗത്തു വന്നു. ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലാണ് ഷാനിമോൾ ഉസ്മാൻ കോൺ​ഗ്രസ് വിടുന്നതായി പ്രചാരണം നടക്കുന്നത്. കോൺ​ഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. ചില വ്യക്തികളുടെ പേരിലുള്ള പ്രൊഫൈലുകളും പോസ്റ്റ്‌ ഷെയർ ചെയ്തിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെ തുടർന്ന് കോൺ​ഗ്രസ് വിടുന്നു എന്നാണ് പോസ്റ്റുകളിൽ പറയുന്നത്. കഴിഞ്ഞ ദിവസം ഷാനിമോൾ ഉസ്മാൻ്റെ പിതാവിൻ്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സാമൂഹിക മാധ്യമങ്ങളിൽ കോൺഗ്രസ് വിടുന്നതായി പ്രചാരണം നടക്കുന്നത്. എന്നാൽ, ഏത് സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും നിയമനടപടികളിലേക്ക് കടക്കണമെങ്കിൽ അത്തരത്തിൽ കർശനമായി മുന്നോട്ട് പോകുമെന്നുമാണ് ഷാനിമോൾ ഉസ്മാന്റെ പ്രതികരണം. ഈ പ്രചാരണത്തിനെതിരെ ഡിജിപിക്ക് ഷാനിമോൾ ഉസ്മാൻ പരാതി നൽകി.

Share This Article