ഐഷാ പോറ്റി കോൺഗ്രസ് അംഗത്വം സ്വീകരിച്ചു

insight kerala

കോൺഗ്രസിന്റെ സമരവേദിയിൽ അപ്രതീക്ഷിത കടന്നു വരവായിരുന്നു ഇടതു കോട്ടയിലെ കരുത്തയായ വനിതാ നേതാവിൻ്റേത്. തുടർച്ചയായി 15 വർഷം കൊട്ടാരക്കരയുടെ എംഎൽഎ ആയിരുന്ന സിപിഎമ്മിന്റെ മുഖം. 2006 സാക്ഷാൽ ആർ ബാലകൃഷ്ണപിള്ളയെ അദ്ദേഹത്തിൻ്റെ ഉറച്ച കോട്ടയായ കൊട്ടാരക്കരയിൽ മലർത്തിയടിച്ച് ചെങ്കൊടി പാറിയ വീര വനിത. ഇക്കാലമത്രയും ഐഷാ പോറ്റിക്ക് ആ ധീര പരിവേഷമായിരുന്നു ഉണ്ടായിരുന്നത്. 2006ലും 2011ലും 2016ലും തുടർച്ചയായി കൊട്ടാരക്കരയിൽ നിന്ന് വിജയിച്ചു. 2016 നാൽപ്പതിനായിരത്തിലേറെ വോട്ടുകൾക്കാണ് വിജയക്കൊടി പാറിച്ചത്. മന്ത്രിയോ സ്പീക്കറോ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് ലഭിച്ചില്ല. 2021നു ശേഷം പാർട്ടിയുമായി അത്ര സ്വരചേർച്ചയിൽ ആയിരുന്നില്ല ഐഷാ പോറ്റി. പല കാരണങ്ങളാൽ സിപിഎമ്മിൽ നിന്ന് അകന്നു . സമീപകാലത്ത് ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ കോൺഗ്രസ് അനുകൂലമായി സംസാരിച്ചത് ചർച്ചയായി. പാർട്ടി വിടുമെന്ന അഭ്യൂഹം അന്നുമുതലേ ഉണ്ടായിരുന്നു. എന്നാൽ തലസ്ഥാനത്ത് ലോക് ഭവന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച കേന്ദ്ര നയങ്ങൾക്കെതിരായ സമരവേദിയിൽ തന്നെ കടന്നുവരികയായിരുന്നു ഐഷാ പോറ്റി. വലിയ സ്വീകരണമാണ് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ലഭിച്ചത്. എ ഐ സി സി ജനറൽ സെക്രട്ടറിമാര് അടക്കം പങ്കെടുത്ത വേദിയിൽ ഐഷ പോറ്റിയെ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് അംഗത്വം നൽകി സ്വീകരിച്ചു. സിപിഎമ്മിൽ നിന്ന് താൻ നേരിട്ട അവഗണനകൾ ആയിഷ പോറ്റി എണ്ണിപ്പറഞ്ഞു. സി പി എം അണികളോട് തനിക്ക് വിരോധമില്ല എന്നും പറയാൻ പറ്റാത്ത പല അവഗണനകളും നേതൃത്വത്തിൽ നിന്ന് ഉണ്ടായി എന്നും ഐഷാ പോറ്റി പറഞ്ഞു. എന്നാൽ മൂന്നു പതിറ്റാണ്ട് നീണ്ടു നിന്ന സിപിഎം ബാന്ധവം ഉപേക്ഷിച്ച് കോൺഗ്രസ് പാളയത്തിൽ എത്തിയ ഐഷാ പോറ്റിയെ കടുത്ത ഭാഷയിലാണ് സിപിഎം നേതാക്കൾ വിമർശിക്കുന്നത്. വർഗ വഞ്ചകയെന്നും സ്ഥാനമാനങ്ങളോടുള്ള ആർത്തിയാണെന്നും മുൻ മന്ത്രി മെഴ്സിക്കുട്ടിയമ്മ വിമർശിച്ചു. കൊട്ടാരക്കരയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ഐഷാ പോറ്റി മത്സരിക്കുമെനാണ് സൂചന.

Share This Article