തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ ഭരണത്തിലേക്കുള്ള മടങ്ങിവരവിന് സർവ്വ സന്നാഹങ്ങളുമായി തയ്യാറെടുക്കുകയാണ് കോൺഗ്രസ്. സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് ഔദ്യോഗികമായി നേതൃത്വം കടക്കുന്നു. കേരളത്തിൻ്റെ തിരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയുടെ മേൽനോട്ടത്തിലാണ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ നടക്കുന്നത്. ഇക്കാര്യത്തിൽ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ച് ഹൈക്കമാൻഡ് കെപിസിസി നേതൃത്വത്തിന് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം . എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവർ ഉൾപ്പെടെ സംസ്ഥാന നേതാക്കൾ ഇന്നും നാളെയും തലസ്ഥാനത്തുണ്ട്. വയനാട്ടിൽ നടന്ന ചിന്തൻ ശിബിരത്തിലെ ചർച്ചകളുടെയും തീരുമാനങ്ങളുടെയും പശ്ചാത്തലത്തിലാണ്
പ്രവർത്തനങ്ങൾ. ഗ്രൂപ്പുകളുടേയോ നേതാക്കളുടെയോ പിടിവാശിയിൽ സ്ഥാനാർത്ഥി നിർണയം അനുവദിക്കില്ല എന്നാണ് ഹൈക്കമാൻഡ് നിലപാട്. വിജയം മാത്രമായിരിക്കും മാനദണ്ഡം. പ്രാദേശിക ഘടകങ്ങളുമായി സ്ഥാനാർത്ഥികളുടെ ജയ സാധ്യത ചർച്ച ചെയ്യും. സിറ്റിംഗ് എംഎൽഎമാർ മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളും ജയ സാധ്യതയും വിലയിരുത്തും.
മണ്ഡലത്തിലെ സാധ്യതകളെക്കുറിച്ച് കനഗോലുവിന്റെയും ദീപാദാസ് മുൻഷിയുടെയും റിപ്പോർട്ടുകൾ പരിഗണിക്കപ്പെടും. ഓരോ മണ്ഡലങ്ങളിലും സ്ക്രീനിംഗ് കമ്മിറ്റിയും കോർ കമ്മിറ്റിയും ചർച്ച നടത്തി തയ്യാറാക്കുന്ന മൂന്ന് പേരടങ്ങുന്ന പട്ടിക എഐസിസിക്ക് സമർപ്പിക്കും. കോൺഗ്രസിനുള്ളിലെ പ്രാഥമിക ചർച്ചകൾ പൂർത്തിയായി ശേഷം ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കും. ജനുവരി 20 ഉള്ളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
അ
