ഭീകരവാദം തകർക്കുന്ന സമ്പദ് വ്യവസ്ഥ

insight kerala
By insight kerala Add a Comment 10 Min Read

സാധാരണക്കാരന്റെ പോക്കറ്റ് വരെ നീണ്ടു വരുന്ന ഒരു ഭൂതം ലോകത്തെ ആകമാനം ഗ്രസിച്ചിരിക്കുന്നു. മത ഭീകരപ്രസ്ഥാനങ്ങൾ ഇല്ലായിരുന്നെങ്കിൽ മെച്ചപ്പെട്ട ജീവിതം നയിക്കാമായിരുന്ന 850 കോടി ജനങ്ങളുള്ള ഒരു ഗ്രഹമായിരുന്നു നമ്മുടേത്. ഭീകരവാദത്തിന്റെ പര്യായം ഇസ്ലാമിക ഭീകരവാദം ആണ് എന്ന് പെട്ടെന്ന് ചിന്തിച്ചേക്കാം എന്നാൽ വസ്തുത അങ്ങനെയല്ല. ഭൂരിപക്ഷം തീവ്രവാദ സംഘടനകളും ഇസ്ലാമിക സംഘടനകൾ ആണെങ്കിലും ഇസ്ലാമിതര തീവ്രവാദ സംഘടനകളും ലോകത്ത് സജീവമാണ്. മതം ജാതി വർഗ്ഗം വംശം ദേശം ദേശീയത തുടങ്ങിയ സാമൂഹ്യ സംജ്ഞകൾ തീവ്രവാദം വളർത്തുന്നുണ്ട്. പല രാജ്യങ്ങളും കടുത്ത തീവ്രവാദത്തിന്റെ പിടിയിൽ അമർന്നു. നൂറ്റാണ്ടുകളായി സ്വര്യജീവിതം നഷ്ടപ്പെട്ടു പോയ തലമുറകൾ ആണ് ഇപ്പോഴും അവിടെ ഉള്ളത്.

എന്താണ് തീവ്രവാദം? തീവ്രവാദം ഉയർത്തുന്ന സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ച് നിരന്തരം ചർച്ച ചെയ്യുന്നവരാണ് നമ്മൾ മാധ്യമങ്ങളും. എന്നാൽ തീവ്രവാദമുയർത്തിവിടുന്ന സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് സാധാരണ ജനം അധികം ചർച്ച ചെയ്യാറില്ല. നാം വിവക്ഷിക്കുന്നതിലും വിചാരിക്കുന്നതിലും ആഴമുള്ള പരിക്കുകൾ ആണ് സാമ്പത്തിക മേഖലയിലും അതിലൂടെ സാമൂഹ്യരാഷ്ട്രീയ ശരീരത്തിലും തീവ്രവാദം ഏൽപ്പിക്കുന്നത്.
നമ്മുടെ നിത്യ ജീവിതത്തിൽ തീവ്രവാദികളുമായി സമ്പർക്കം ഉണ്ടാകാറില്ല എന്നതാണ് ശരാശരി മലയാളി ചിന്തിക്കുന്നത്. എന്നാൽ അമൂർത്തമായ വാൾമുനകൾ തുളയിട്ട കീശകളിലാണ് നമ്മുടെ ദുരിതം തുടങ്ങുന്നത് എന്നതാണ് സത്യം. നമ്മുടെ തലമുറകൾക്കുള്ള പത്തായപ്പുരകൾ കാലിയാക്കുന്ന ഒരു ധനതത്വശാസ്ത്രം നമ്മെ ഭയപ്പെടുത്തുന്നു.

ഭീകരവാദം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ കടുത്ത ആഘാതം ഏൽപ്പിക്കുന്നുണ്ട്. ഇത് വിവിധ മേഖലകളെ ബാധിക്കുകയും ഗണ്യമായ സാമ്പത്തിക ബാധ്യത വരുത്തി വക്കുകായും ചെയ്യുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“തീവ്രവാദ വിരുദ്ധ ചെലവുകൾ”ക്കായി മാത്രം ഇന്ത്യയ്ക്ക് ഒരു ബജറ്റ് അലോക്കേഷൻ ഇല്ലെങ്കിലും അത്തരം ചെലവുകളുടെ ഭൂരിഭാഗവും സുരക്ഷ, പ്രതിരോധം, പോലീസിംഗ് എന്നിവയ്ക്കുള്ളh റിസർവ് പോലീസ് ഫോഴ്സ് (CRPF): ₹35,147 കോടി  രൂപയും ബോർഡർ സെക്യൂരിറ്റി ഫോഴ്സിനു (ബിഎസ്എഫ്): ₹ 28,231 കോടി  രൂപയും ആണ്. മതം തിന്നു ജീവിക്കുന്ന അയൽരാജ്യങ്ങൾ ഉള്ളതുകൊണ്ടാണ് നമുക്ക് ചെലവ് വർധിച്ചത്.

ആഭ്യന്തര സുരക്ഷാ ചെലവുകൾ 4,876 കോടി ആണ്. ഇത് പലപ്പോഴും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു, പ്രത്യേകിച്ച് ജമ്മു & കാശ്മീർ, നക്സൽ ഇടതുപക്ഷ തീവ്രവാദ ബാധിത സംസ്ഥാനങ്ങളിലും ഉപയോഗിക്കേണ്ടി വരുന്നു. പോലീസ് സേനകളുടെ നവീകരണത്തിനായും തീവ്രവാദ വിരുദ്ധ പോരാട്ടങ്ങൾക്കായുള്ള പരിശീലനത്തിനായും
₹4,069 കോടി, ചെലവിടുന്നു. ഇതുകൂടാതെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇൻഫ്രാസ്ട്രക്ചർ, ഇൻ്റലിജൻസ്, നിർണായകമായ ഭീകരവിരുദ്ധ പദ്ധതികൾ നടപ്പാക്കാനും മറ്റും ചെലവുകൾ വർധിപ്പിക്കുന്നു.

സംസ്ഥാനങ്ങൾക്ക് അവരുടേതായ ഭീകരവിരുദ്ധ സ്ക്വാഡുകളും ബജറ്റുകളും ഉണ്ട്. ഉദാഹരണത്തിന്, തമിഴ്നാട് ₹57.51 കോടി ചെലവിൽ ഒരു പുതിയ തീവ്രവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളുടെ ചെലവുകൾ നോക്കിയാൽ ഭീമമായ തുക ആഭ്യന്തര സുരക്ഷക്കായി ചെലവാക്കേണ്ടി വരുന്നു. പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം ഉൾപ്പെടെ ഇന്ത്യയുടെ മൊത്തം ചെലവ് പ്രതിവർഷം ഏകദേശം ₹8 ലക്ഷം കോടിയാണ്, സർക്കാർ ചെലവിൻ്റെ ഏകദേശം 18% ആണ്. അകത്തും പുറത്തും തീവ്രവാദ ശത്രുക്കളുള്ള ഒരു രാജ്യം അതിന്റെ പൗരന്മാർക്കുള്ള ക്ഷേമ പ്രവർത്തനമാണ് ബലികൊടുക്കേണ്ടി വരുന്നത്.

ജിയോപോളിറ്റിക്കൽ വെല്ലുവിളികൾ:

ലോകം മുഴുവനുള്ള തീവ്രവാദ പ്രവർത്തനങ്ങൾ വരുത്തിവെക്കുന്ന അതി ഭീമമായ ചെലവുകൾ ആഗോള സമ്പത് വ്യവസ്ഥയെ തകർത്തു തരിപ്പണമാക്കുകയാണ്. തകർന്നുകൊണ്ടിരിക്കുന്ന അമേരിക്കൻ സാമ്പത്തവ്യവസ്ഥ നേരെ നിർത്താൻ കടുത്ത വ്യാപാര തിരുവ ഏർപ്പെടുത്തുകയാണിപ്പോൾ. അമിത ചെലവ്, ഓരോ ദേശത്തിന്റെയും ബജറ്റുകളെയും ആഗോള സാമ്പത്തിക ഭൂമികയെയും നിരന്തരം വെല്ലുവിളിക്കുന്നു. പ്രതിരോധം, സുരക്ഷ ചെലവുകൾ, നിഷ്ക്രിയമായിപോകുന്ന ഉൽപ്പാദന പ്രക്രിയ, ദീർഘകാല സാമ്പത്തിക അരക്ഷിതാവസ്ഥ എന്നിവ ഉൾപ്പെടുന്ന തകർച്ചയാണ് തീവ്രവാദികൾ സൃഷ്ടിക്കുന്നത്.

സാമ്പത്തിക ആഘാതത്തിന്റെ തോത് പരിശോധിച്ചാൽ ഭീകരതയുടെ ആഗോള സാമ്പത്തിക ആഘാതം 2017 ൽ മാത്രം കുറഞ്ഞത് 52 ബില്യൺ ഡോളറിലെത്തിയിരുന്നു. 2007 നും 2016 നും ഇടയിൽ ആഫ്രിക്കയിലെ രാജ്യങ്ങൾക്ക് തീവ്രവാദം മൂലം ഏകദേശം 119 ബില്യൺ ഡോളർ ചെലവുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. നൈജീരിയ പോലുള്ള ചില രാജ്യങ്ങൾക്കു ആ കാലയളവിൽ 97 ബില്യൺ ഡോളർ നഷ്ടം ഉണ്ടായി. ഇത് ഏറ്റവും കൂടുതൽ ഭീഷണിയുള്ള മറ്റു ആഫ്രിക്കൻ രാജ്യങ്ങളെക്കാൾ ഏകദേശം 19 മടങ്ങ് അധികമാണ്.

ആഗോള സൈനിക, സുരക്ഷാ ചെലവുകൾ കണക്കാക്കിയാൽ അത് 2017-ൽ ഏകദേശം 5.5 ട്രില്യൺ ഡോളറും, ആഭ്യന്തര സുരക്ഷയ്ക്കായി 3.8 ട്രില്യൺ ഡോളറും, ആഭ്യന്തര സുരക്ഷക്കായി 810 ബില്യൺ ഡോളറും ചെലവഴിച്ചു എന്നതാണ് യാഥാർഥ്യം. മറ്റു ലോകരാജ്യങ്ങളെ സഹായിക്കേണ്ട വികസിത രാജ്യങ്ങളുടെ സ്ഥിതി ഇതിലും ഭയാനകമാണ് തത്വത്തിൽ ഈ ചെലവുകൾ മനുഷ്യരാശിയുടെ ക്ഷേമത്തിന്റെ ബലികഴിക്കലാണ് സൃഷ്ടിക്കുന്നത്.

തീവ്രവാദികളും ഭീകര പ്രവർത്തനവും തടയുവാൻ മാലി പോലുള്ള സ്ഥലങ്ങളിൽ ഐക്യരാഷ്ട്രസഭയും മറ്റു അന്താരാഷ്ട്ര സംഘടനകളും പ്രതിവർഷം കോടിക്കണക്കിന് തുക ചെലവിടുന്നു. 2002 നും 2017 നും ഇടയിൽ യുഎസ് മാത്രം തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഏകദേശം 2.8 ട്രില്യൺ ഡോളർ ചെലവഴിച്ചു, തീവ്രവാദ മത ചിന്തകൾ ലോകത്തിനു ഏൽപ്പിക്കുന്ന പരുക്കുകൾ വിശാല അർത്ഥത്തിൽ സർവ നാശമാണ് പാചകം ചെയ്തെടുക്കുന്നത്.

എങ്ങനെയാണു തീവ്രവാദം സാമൂഹിക സുരക്ഷയെ ബാധിക്കുന്നത്?

പൗരന്റെ ജീവനും സ്വത്തും കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നത്തിലൂടെ സാമ്പത്തിക വികസനത്തെ സഹായിച്ചേക്കാവുന്ന മുഴുവൻ അടിത്തറയുമാണ് തകർത്തുകളയുന്നതു. ഇതിലൂടെ സൈനിക ശാക്തീകരണവും സുരക്ഷയും വർദ്ധിപ്പിക്കാനുള്ള സമ്മർദ്ദം ഉണ്ടാവുന്നു ആയതിനാൽ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വികസന മേഖലകളിൽ ചെലവാക്കേണ്ട വിഭവങ്ങൾ വകമാറ്റി ചെലവിടാൻ രാജ്യങ്ങൾ നിർബന്ധിതരാവുന്നു.

ഈ വകമാറ്റൽ സാമ്പത്തിക വളർച്ചയിലും സാമൂഹിക സ്ഥിരതയിലും ദീർഘകാലം നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടു. നിരന്തരമുള്ള നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് മാത്രമല്ല, തീവ്രവാദം തടയുന്നതിനും കണ്ടെത്തുന്നതിനും വിചാരണ ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും രാജ്യങ്ങൾ കോടിക്കണക്കിന് പണം ചെലവൊഴിക്കേണ്ടിവരുന്നു. ദീർഘ വർഷങ്ങൾ ജയിലിൽ പാർപ്പിക്കേണ്ടി വരുന്ന ഈ പെരുച്ചാഴികൾക്കുള്ള അതീവ സുരക്ഷാ ചെലവുകൾ സത്യത്തിൽ പാവങ്ങളുടെ അപ്പമാണ് തിന്നു തീർക്കുന്നത്. സർക്കാരുകളും സ്വകാര്യ മേഖലയും, സുരക്ഷാ നിരീക്ഷണം, റിസ്ക് മാനേജ്മെന്റ് സൈബർ സുരക്ഷ എന്നിവയ്ക്കുള്ള ചെലവുകൾ വർദ്ധിപ്പിക്കുന്നു. ഇതൊക്കെ ക്ഷേമത്തിനും വികസനത്തിനുമുള്ള പണമായിരുന്നു.

insight kerala

സ്റ്റോക്ക് മാർക്കറ്റും, ഇൻഷുറൻസും, നിക്ഷേപ നഷ്ടങ്ങളും:

ഓരോ ഭീകരാക്രമണത്തിന് ശേഷവും നിക്ഷേപകരുടെ ആത്മവിശ്വാസം കുറയുന്നതിനാൽ അത് വിപണിയിൽ വർദ്ധിച്ച അസ്ഥിരതയുണ്ടാക്കുന്നു. സ്റ്റോക്ക് മാർക്കറ്റുകളിൽ സൂചിക കുത്തനെ ഇടിയുകയും പല കമ്പനികളും ഷെയർ ഉടമകളും വലിയ നഷ്ടം സഹിക്കേണ്ടി വരികയും ചെയ്യും. മാത്രമല്ല ഭീകരവാദ സാന്നിധ്യമുള്ള മേഖലകളിൽ നിന്ന് വൻതോതിൽ കമ്പനികൾ ഉപേക്ഷിക്കുകയോ മാറ്റുകയോ ചെയ്യുന്നു. ഇതുണ്ടാക്കുന്ന തൊഴിൽ നഷ്ടം തീവ്രവാദത്തിന്റെ ആഗോള ചെലവുകളിൽ കൂട്ടിവായിക്കണം.

മതം തലക്കുപിടിച്ച ദരിദ്രരായ സോമാലിയ പോലുള്ള കടൽ കൊള്ളക്കാരുടെ കൊള്ളയടിയും മറ്റു തീവ്രവാദികൾടെ സാനിധ്യവും കാരണം ചരക്കു ഗതാഗതം വലിയ ചെലവുള്ളതാകുന്നു. കപ്പൽ മാർഗമുള്ള ഗതാഗത നീക്കം ഉയർന്ന ഇൻഷുറൻസ് തുക നൽകേണ്ട സാഹചര്യമുണ്ടാക്കുന്നതിനാൽ ആപേക്ഷികമായ വില വർധന ഉല്പന്നങ്ങൾക്കുണ്ടാക്കുന്നു. ഉയർന്ന പ്രീമിയങ്ങൾ, കുറഞ്ഞ ഉപഭോഗം, ഉയർന്ന ഉൽപാദന ചെലവ് എന്നിവയിലേക്ക് ഇത് നയിക്കുന്നു. ഇതെല്ലാം GDPവളർച്ചയെയും വിപണിയെയും സ്തംഭിപ്പിക്കുന്നു. ആയതിനാൽ പുതിയ നിക്ഷേപകർ അത്തരം രാജ്യങ്ങളിൽ ഉണ്ടാവാതെ വരും. അത് തൊഴിൽ സാധ്യതയേയും ജീവിത നിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഇതിനു നല്ല ഉദാഹരണം അഫഗാനിസ്ഥാനും ആഫ്രിക്കൻ രാജ്യങ്ങളുമാണ്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ, നിരന്തരമായ സംഘർഷവും ഭീകരതയും കാരണം വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നു.

തീവ്രവാദം വർദ്ധിക്കുന്നതിനനുസരിച്ച് ജനാധിപത്യ രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന അസമത്വം മനുഷ്യത്വവിരുദ്ധമാണ്. കൂടാതെ വികസിത സമ്പദ്‌വ്യവസ്ഥകൾക്ക്, ശക്തമായ നിക്ഷേപ ശേഷികൾ ഉണ്ടായിരുന്നിട്ടും, പുതിയ ഇൻവെസ്റ്മെന്റുകൾക്കു അവർ തയ്യാറാവുന്നില്ല. ചില രാജ്യങ്ങൾ തീവ്രവാദ ആക്രമണങ്ങളുടെ നേരിട്ടുള്ള കെടുതി വഹിക്കുന്നുണ്ടെങ്കിലും, ലോക രാഷ്ട്രങ്ങൾ എല്ലാം തന്നെ (സൈനിക സഖ്യങ്ങൾ, സമാധാന സേനകളുടെ ചെലവുകൾ, രഹസ്യാന്വേഷണ ഏജൻസികളുടെ ചെലവുകൾ, ദരിദ്ര രാജ്യങ്ങൾക്കുള്ള വിദേശ സഹായം) നേരിട്ടോ അല്ലാതെയോ ആഗോള ഭീകരതയുടെ ചെലവ് വഹിക്കേണ്ടി വരുന്നു.

ചുരുക്കത്തിൽ, തീവ്രവാദം ലോകമെമ്പാടും രാജ്യങ്ങളുടെ അമിത ചെലവുകളുടെ ഒരു കുതിച്ചു ചാട്ടത്തിനു കാരണമാകുന്നു. വികസനം ഇല്ലാതാക്കുന്നു, മുൻഗണനകൾ മാറ്റിമറിക്കുന്നു, തലമുറകളോളം കടഭാരത്തിലാക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ ചെലവുകൾ അടിച്ചേൽപ്പിക്കുന്നു.

സൂഷ്മവും സ്ഥൂലവുമായ ആഘാതത്തിന്റെ മേഖലകൾ:

ടൂറിസം:

ഏതൊരു രാജ്യത്തിന്റെയും വികസന സൂചികയിലും GDP യിലും പ്രധാന സ്ഥാനം ടൂറിസത്തിനുണ്ട്. എന്നാൽ തീവ്രവാദം വിദേശ സ്വദേശ യാത്രാ പദ്ധതികളെ തടസ്സപ്പെടുത്തുകയും വിനോദസഞ്ചാരികളുടെ വരവ്, ഹോട്ടൽ ബുക്കിംഗ്, അനുബന്ധ ബിസിനസുകൾ എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. മനോഹരമായ അഫഗാനിസ്ഥാന്റെയും കാഷ്മീരിന്റെയും ഭൂ ഭംഗി ആസ്വദിക്കാൻ ലോക ജനതയ്ക്ക് കഴിയാതെപോകുന്നത് ഒരു മത ബോധമാണ് എന്നത് എത്ര സങ്കടകരമാണ്. 370 വകുപ്പ് നീക്കം ചെയ്തപ്പോൾ കാശ്മീരിലുണ്ടായ നിക്ഷേപ വളർച്ചയും ടൂറിസം മേഖലയിലെ ഉയർച്ചയും പഠിക്കേണ്ടതാണ്. 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കാശ്മീരിലെ നിക്ഷേപത്തിൽ ഗണ്യമായ വർധനയുണ്ടായി. ഔദ്യോഗിക കണക്കുകൾ പ്രകാരം, വിനോദസഞ്ചാരം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 5,656 കോടി രൂപയുടെ നിക്ഷേപമാണ് ജമ്മു കശ്മീരിൽ ഉണ്ടാകുന്നതു. ഈ കണക്കിൽ 2022-23ൽ 2,153.45 കോടിയും 2023-24ൽ 2,417.19 കോടിയും ഉൾപ്പെടുന്നു. എന്നാൽ മതം തിന്നു ജീവിച്ച കാലത്തു എന്തായിരുന്നു സ്ഥിതി?

വിദേശ നിക്ഷേപം (എഫ്ഡിഐ):

തീവ്രവാദം നിരന്തരം ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനാൽ വിദേശ നിക്ഷേപകരെ ഇന്ത്യയിൽ നിക്ഷേപിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ഇത് സാമ്പത്തിക വളർച്ചയെയും തൊഴിലവസര സൃഷ്ടിയെയും പ്രതികൂലമായി ബാധിക്കുന്നു.
ഭീകരാക്രമണങ്ങൾ പലപ്പോഴും ഓഹരി വിപണിയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും നിക്ഷേപകരുടെ ആത്മവിശ്വാസത്തിലും വിപണിയിലെ ചാഞ്ചാട്ടത്തിലും ഇടിവുണ്ടാക്കുകയും ചെയ്യുന്നു. ഇത് നിക്ഷേപകർക്ക് കാര്യമായ നഷ്ടത്തിന് കാരണമാവുകയും മൊത്തത്തിലുള്ള മാർക്കറ്റ് എക്കണോമിയെ പ്രതികൂലമായി ബാധിക്കുമെന്ന് നിക്ഷേപകർ ഭയപ്പെടുന്നു.

അടിസ്ഥാന സൗകര്യങ്ങൾ: തീവ്രവാദ ആക്രമണങ്ങൾ പലപ്പോഴും ഗതാഗതം, ആശയവിനിമയം, ഊർജ്ജ സൗകര്യങ്ങൾ തുടങ്ങിയ നിർണായക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനാൽ അത്തരം അടിസ്ഥാന സൗകര്യങ്ങളുടെ നാശം സാമ്പത്തിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും പുനർനിർമ്മാണത്തിന് ഗണ്യമായ വിഭവങ്ങൾ ഉപയോഗിക്കേണ്ടി വരികയും ചെയ്യുന്നു. ഇതൊക്കെ പുതിയ നിക്ഷേപകരെ പിന്നോട്ടടിക്കുന്നു. ക്ഷേമനിധികൾ വകമാറ്റി പുനരുദ്ധാരണ പ്രവർത്തനത്തിന് വിനയോഗിക്കും. അപ്പോൾ സാമൂഹിക സുരക്ഷയാണ് ബാലികഴിക്കേണ്ടി വരുന്നത്.

മനുഷ്യ മൂലധന നഷ്ടം

ഏറ്റവും വലിയ നഷ്ടം മനുഷ്യ മൂലധന നഷ്ടമാണ്. തീവ്രവാദ ആക്രമണങ്ങൾ പലപ്പോഴും വിദഗ്ദ്ധരായ പ്രൊഫഷണലുകളുടെയും സംരംഭകരുടെയും ഉൾപ്പെടെയുള്ള വിലപ്പെട്ട മനുഷ്യജീവനുകൾ ലക്‌ഷ്യം വക്കുന്നു. മാത്രമല്ല വളരെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർ തീവ്ര വാദത്തിൽ ആകൃഷ്ടരാകുന്നതിലൂടെ ഉന്നത ബുദ്ധിയുള്ള യുവതലമുറയുടെ ക്രിയാത്മക ഉത്പാദനക്ഷമത എന്നേക്കുമായി നഷ്ടപ്പെടുത്തുന്നു. അത്തരം തലച്ചോറുകൾ നശീകരണ പ്രവണതയിലേക്കു വഴിമാറിപോവുകയും ചെയ്‌യുന്നു. മനുഷ്യ മൂലധനത്തിന്റെ ഈ നഷ്ടം സാമ്പത്തിക ഉൽപ്പാദനക്ഷമതയെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു.
സ്ത്രീകളുടെ ഉത്പാദനക്ഷമത പ്രത്യുല്പാദനത്തിനു മാത്രമായി ചുരുങ്ങുന്നു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീ ജനസംഖ്യ ഏകദേശം 19.8 ദശലക്ഷമാണ്, മൊത്തം ജനസംഖ്യയുടെ ഏകദേശം 48% ഉൾപ്പെടുന്നു. അവർ പൂർണമായി ഉല്പാദന മേഖലയിൽ നിന്ന് നിഷ്കാസിതരായി എന്നതാണ് ഒരു മതം അവർക്കു നൽകിയ ദുരിതം. ശാസ്ത്ര സാങ്കേതിക വൈജ്ഞാനികവും തന്ത്രപരവുമായ മേഖലക്കെല്ലാം തീവ്രവാദം നശിപ്പിച്ചതാണ് അവിടെയും ഇസ്ലാമിക രാജ്യങ്ങളിലും ഉള്ള ദുരിതകാരാണം.

സാമൂഹികവും മാനസികവുമായ അശാന്തി:

സിറിയ ഇറാക്ക് ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ സാമൂഹിക അന്തരീഷം കലുഷിതമാണ്. തീവ്രവാദം മൂലമുണ്ടാകുന്ന ഭയവും ആഘാതവും സാമൂഹിക അശാന്തിയിലേക്കും, ഉൽപ്പാദനക്ഷമത കുറയുന്നതിലേക്കും നയിക്കും. നിരന്തരമുള്ള ഭയപ്പാടിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലമുള്ള ആരോഗ്യ സംരക്ഷണ ചെലവുകൾ വർദ്ധിക്കുന്നതിലേക്കും ഉല്പാദന പ്രക്രിയയിൽ നിന്ന് മാറിനിൽക്കാനും പ്രേരിപ്പിക്കും. മൊത്തത്തിൽ, തീവ്രവാദം ലോകത്തിനുമേൽ മേൽ ഗണ്യമായ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നു, ഇത് സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുന്നു. നിക്ഷേപകരുടെ ആത്മവിശ്വാസം കുറയ്ക്കുന്നു, വികസന മുൻഗണനകളിൽ നിന്ന് വിഭവങ്ങൾ വഴിതിരിച്ചു വിടേണ്ടി വരുന്നു.

പലായനവും അസ്ഥിരതയും:

അന്താരാഷ്ട്ര അതിർത്തികൾ കടന്ന് പലായനം ചെയ്തവർ ഏകദേശം 42.7 ദശലക്ഷം ആളുകളെണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ 73.5 ദശലക്ഷം ആളുകൾ സംഘർഷമോ അക്രമമോ കാരണം സ്വന്തം രാജ്യങ്ങൾക്കുള്ളിൽ തന്നെ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരാണ്. തീവ്രവാദ ബാധിത പ്രദേശങ്ങളിലെ സംഘർഷമാണ് മിക്ക കുടിയിറക്കങ്ങൾക്കും കാരണം, അഫ്ഗാനിസ്ഥാൻ, വെനിസ്വേല, ഉക്രെയ്ൻ, സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ ദക്ഷിണ സുഡാൻ, സഹേൽ പ്രദേശങ്ങളിൽ തീവ്രവാദവും സായുധ അക്രമവും രാഷ്ട്രീയ അരക്ഷിതാവസ്ഥയും അതിരൂക്ഷമാണ്. ഇവിടെ നഷ്ടപ്പെടുന്ന മനുഷ്യ വിഭവങ്ങൾ, ഉല്പാദന നഷ്ടം, ഉപേക്ഷിക്കപ്പെടുന്ന ഭക്ഷ്യ ധാന്യ ഉത്പാദനം ലോക ഭക്ഷ്യ ക്രമത്തിലുണ്ടാക്കുന്ന അസന്തുലിതാവസ്ഥ എല്ലാം എല്ലാം മാരകമായ മുറിവാണ് ലോക ശരീരത്തിൽ ഏൽപ്പിക്കുന്നത്.

അങ്ങനെ നമ്മൾ അറിഞ്ഞു അറിയാതെയും ഇരകളാക്കപ്പെടുന്നു. തീവ്രവാദ സാനിധ്യം തന്നെ മനുഷ്യ വർഗത്തെ ഉയർന്ന ജീവിത ചെലവകളിലേക്കു നയിക്കുന്നു. 1980-നും 2018-നും ഇടയിൽ 163 രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ തീവ്രവാദവും സാമ്പത്തിക അസമത്വവും തമ്മിലുള്ള ബന്ധം വളരെ സജീവമാണെന്ന് യൂറോപ്പ്യൻ ജേർണൽ ഓഫ് പൊളിറ്റിക്കൽ ഇക്കോണമി വ്യക്തമാക്കുന്നു. കൂടുതൽ തീവ്രവാദ പ്രവർത്തനങ്ങൾ ഉയർന്ന വരുമാന അസമത്വത്തിന് കാരണമാകുന്നു എന്നതിന് ശക്തമായ തെളിവുകൾ ഈ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ജനാധിപത്യ രാജ്യങ്ങളിൽ പ്രത്യേകിച്ചും പ്രകടമാണ്. സത്യത്തിൽ നമ്മൾ ജീവിക്കുന്നത് നമ്മൾ അർഹിക്കുന്നതിലും താഴ്ന്ന നിലവാരത്തിലാണ്. എന്തിനു നമ്മൾ സഹിക്കണം. നമ്മുടെ രാജ്യത്തിൻറെ വിഭവങ്ങൾ കൊള്ളയടിക്കുന്ന പല ഘടകങ്ങളും ഉണ്ട്. എങ്കിലും സുസ്ഥിരമായ ഒരു ഭരണ സംവിധാനം ഉണ്ടെങ്കിൽ ഉയർന്ന ജീവിത നിലവാരവും സാമൂഹ്യ സുരക്ഷയും അനുഭവിക്കേണ്ട നമ്മൾ തീവ്ര ചിന്തഗതിക്കാരുടെ ഭ്രാന്തൻ ചിന്തകളാൽ വെറുതെ സഹിക്കേണ്ടി വരികയും അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. സത്യത്തിൽ നമ്മുടെ പോക്കറ്റ് ഓട്ട സഞ്ചി പോലെയാണ്. അതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് തീവ്രവാദമാണെന്നു തിരിച്ചറിയുമ്പോൾ തീവ്രവാദത്തെ അഭിസംബോധന ചെയ്യുന്നത് ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും സമൃദ്ധിക്കും നിർണായകമാണ്. ഭീകരവാദികളായ ഭ്രാന്തന്മാർ പറയുന്നത് അവരൊഴികെ എല്ലാവർക്കും ഭ്രാന്താണെന്നാണ്.

Share This Article