തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ഊർജ്ജം പകരാൻ ലക്ഷ്യമിട്ട്, സംരംഭകർക്കായി പട്ടികജാതി വികസന വകുപ്പ് പുതിയ വായ്പാ പദ്ധതിക്ക് തുടക്കമിട്ടു. “സമൃദ്ധി കേരളം” എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, നിലവിൽ സംരംഭങ്ങളുള്ള പട്ടികജാതിക്കാർക്ക് വലിയ പ്രയോജനകരമാവുമെന്ന് മന്ത്രി ഒ.ആർ. കേളു അറിയിച്ചു.
സംരംഭകത്വ വികസന പരിപാടിയായി ആവിഷ്കരിച്ച ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനാണ്. പദ്ധതികൾക്കനുസരിച്ച് 10 ലക്ഷം രൂപ വരെ ടോപ്-അപ്പ് ലോൺ ലഭിക്കും. സംരംഭകർക്ക് പലിശ ഇളവോ സബ്‌സിഡിയോ തിരഞ്ഞെടുക്കാം. പലിശ ഇളവ് തിരഞ്ഞെടുക്കുന്നവർക്ക് 3 ശതമാനവും സബ്‌സിഡിയാണെങ്കിൽ 20 ശതമാനം വരെയും (ഏകദേശം 2 ലക്ഷം രൂപ വരെ) ലഭിക്കും.
നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്കും മറ്റു വായ്പകൾ ഉള്ളവർക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 65 വയസ്സാണ്. തിരിച്ചടവിനായി 4 മുതൽ 7 വർഷം വരെ കാലാവധി ലഭിക്കും. സംരംഭകത്വ മേഖലയിൽ പട്ടികജാതിക്കാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി കേളു വ്യക്തമാക്കി. വിപണനം അടക്കമുള്ള കാര്യങ്ങൾക്ക് കോർപ്പറേഷന്റെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്.
വനിതാ സംരംഭകർക്കും ദുർബലവിഭാഗക്കാർക്കും പദ്ധതിയിൽ പ്രത്യേക മുൻഗണനയുണ്ടാകും. ആധുനിക സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുക, പുതിയ പ്ലാന്റുകളും യന്ത്രങ്ങളും സ്ഥാപിക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, പുതിയ വിപണന കേന്ദ്രങ്ങൾ തുറക്കുക തുടങ്ങിയ കാര്യങ്ങൾ പദ്ധതി വഴി സാധ്യമാക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ഓഫീസുകളുമായി ബന്ധപ്പെടുക.

