കൊച്ചി: അമീബിക് മസ്തിഷ്കജ്വരം (Amoebic Meningoencephalitis) കൊച്ചിയിലും സ്ഥിരീകരിച്ചു. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം കണ്ടെത്തിയത്. നിലവിൽ ഇദ്ദേഹം കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. വിശദമായ പരിശോധനകൾക്കായി സാമ്പിൾ വിദഗ്ധ ലാബിലേക്ക് അയച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം സംബന്ധിച്ച ആശങ്ക വർധിക്കുകയാണ്. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ ഒരാൾ രോഗം ബാധിച്ച് മരിച്ചിരുന്നു. ഇതോടെ ഈ മാസം മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഈ കാലയളവിൽ 65 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
പഠനം കോഴിക്കോട് തുടങ്ങി: ആരോഗ്യ വകുപ്പും ICMR-ഉം സംയുക്തമായി
രോഗവ്യാപനത്തിന്റെ കാരണങ്ങൾ കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും സംസ്ഥാന ആരോഗ്യ വകുപ്പും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും (ICMR) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും (NIE) സംയുക്തമായി പഠനം ആരംഭിച്ചു. കോഴിക്കോട് ജില്ലയിലാണ് പഠനത്തിന്റെ ആദ്യഘട്ടം ആരംഭിച്ചത്.
കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ കോഴിക്കോട് റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് സംഘം പഠനവിധേയമാക്കുന്നത്. ഓമശ്ശേരി, അന്നശ്ശേരി, വെള്ളിപറമ്പ് എന്നിവിടങ്ങളിലെ രോഗികളുടെ വീടും പരിസരവും സംഘം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. ഐസിഎംആർ, എൻഐഇ ടീം അംഗങ്ങൾ, മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ ഡോക്ടർമാർ, ജില്ലാ മെഡിക്കൽ സർവൈലൻസ് ഓഫിസർ, എപ്പിഡെമിയോളജിസ്റ്റുകൾ എന്നിവർ പഠന സംഘത്തിൽ ഉൾപ്പെടുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജിത്കുമാർ സംഘത്തെ അനുഗമിച്ചു. കോഴിക്കോടിന് പുറമെ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും.

