ചാലയിലെ സ്വർണ്ണ മോഷണം; ദുരൂഹത ഏറുന്നു; പിന്നിൽ സ്വർണ്ണം പൊട്ടിക്കൽ സംഘം?

insight kerala

തിരുവനന്തപുരം: ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം കവർന്ന സംഭവത്തിൽ ദുരൂഹതയേറുന്നു. സ്വർണ കവർച്ചക്ക് പിന്നിൽ പിന്നിൽ സ്വർണ്ണ കടത്ത് സംഘം എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്വർണം പൊട്ടിക്കൽ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കൾ ഉപയോഗിച്ച ബൈക്ക് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്വർണ്ണം വിൽക്കാൻ സഹായിക്കുന്ന ഏജന്‍റുമാര്‍ ഉൾപ്പെടെയുള്ളവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇതുവരെ പത്തോളം പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തത്. കവർച്ച നടന്ന ദിവസം കടയിൽ വലിയ തോതിൽ കച്ചവടം നടന്നിട്ടുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ഇടപാടുകളെക്കുറിച്ച് കൃത്യമായി അറിയാവുന്നവരും പൊലീസ് നിരീക്ഷണത്തിലാണ്. വ്യാപാരിയുടെ കൈവശം ഉണ്ടാകാവുന്ന സ്വർണ്ണത്തിന്റെ അളവിന്‍റെ വിവരങ്ങൾ മോഷ്ടാക്കൾക്ക് ആരെങ്കിലും ചോർത്തി നൽകിയിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കവർച്ച നടന്ന രീതിയിലും പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. മോഷ്ടാക്കൾ രക്ഷപെട്ട വഴി സംബന്ധിച്ച് വ്യാപാരി നൽകിയ മൊഴിയിലും അവ്യക്തതയുണ്ട്. വ്യാപാരി കാണിച്ചുകൊടുത്ത വഴിയിലൂടെയല്ല മോഷ്ടാക്കൾ പോയതെന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.

Share This Article