‘ഇതിനോ ചെമ്പാ ഇതുപോലെ ഒരു കാട്ടാവരാതം’! അടി, വെടി, കുടി, കുത്താട്ടം…; സ്‌ക്രിപ്റ്റ് എന്ന സാധനമില്ല; തിയേറ്ററില്‍ കയറിയ പ്രേക്ഷകന് കിട്ടിയത് ഒന്നാന്തരം തലവേദന; ചെമ്പന്‍ വിനോദിന്റെ ഡിസ്‌ക്കോ ഒരു ‘സംസ്ഥാന ദുരന്തം’

insight kerala

റിവ്യൂ- ഡിസ്‌ക്കോ

എം റിജു

‘ഇതിനോ ആദാമേ, നിന്നെ ഞാന്‍ തോട്ടത്തിലാക്കി’ എന്ന ഈനാട് എന്ന 80കളിലെ ചിത്രത്തിലെ ഹിറ്റ് ഗാനം, റാപ്പിന്റെയും ആധുനിക സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ഗംഭീരമാക്കി പുനരവതിരിപ്പിച്ചു, എന്ന ഒറ്റക്കാരണത്താല്‍ ടിക്കറ്റ് എടുത്തപോയതാണ്, ഡിസ്‌ക്കോ എന്ന സിനിമക്ക്. നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയെഴുതി നിര്‍മ്മിച്ച്, അദ്ദേഹത്തിന്റെ സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത ഈ ചലച്ചിത്രം കണ്ടാല്‍ ഛര്‍ദിക്കാന്‍ തോന്നും. ‘അഞ്ചക്കള്ളകോക്കാന്‍’ ഒക്കെ എടുത്ത ഉല്ലാസ് ചെമ്പന്റെ പടമല്ലേ, കൂടെ പെപ്പെയും അര്‍ജുന്‍ അശോകനും ലുക്ക്മാനും ദേവ് മോഹനും ഒക്കെയുണ്ട്, നല്ലൊരു വൈബ് പടമായിരിക്കും എന്ന് കരുതി തിയേറ്ററില്‍ കയറിപ്പോയതാണ്. കഷ്ടം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇങ്ങനെയൊരു പടം പടച്ചുവിടാന്‍ ഇവര്‍ക്ക് എങ്ങനെ തോന്നി? സ്‌ക്രിപ്റ്റ് എന്ന സാധനമില്ല. അടി, ഇടി, വെടി, കുടി, പിന്നെ കഞ്ചാവും. അടുത്തകാലത്ത് കണ്ട ഏറ്റവും മോശം പടങ്ങളിലൊന്നാണ് ഡിസ്‌ക്കോയെന്ന് നിസ്സംശയം പറയാം. ‘അഞ്ചക്കള്ളകോക്കാന്‍’ എന്ന വ്യത്യസ്തമായ സിനിമയിലുടെ കിട്ടിയ സകലപേരും ഉല്ലാസ് ചെമ്പന്‍ കളഞ്ഞുകുളിച്ചു. എന്തിനാണ് ഇത്രയും ചെലവു മുടക്കി ഇതുപോലെ ഒരു മാരണം എടുത്ത് എന്ന് അറിയില്ല. ചെമ്പോസ്‌കി യൂണിവേഴ്‌സിലെ ഏറ്റവും ദുര്‍ബലമായ, തട്ടിക്കൂട്ട് പടമാണ് ‘ഡിസ്‌കോ’.

വെറും പുക മാത്രം!

ഒരു കടലോര ഗ്രാമം. അവിടെ ദേവ് മോഹന്റെ ഒരു ഗ്യാങ്ങും, ലുക്ക്മാന്റെ ഗ്യാങ്ങും തമ്മിലുള്ള ഉടക്കും കാര്യങ്ങളും. ഇതിനിടയിലേക്ക് ജയിലില്‍ നിന്നും ചെമ്പന്‍ വിനോദിന്റെ കഥാപാത്രം ഇറങ്ങി വരുന്നു. ഇവരെല്ലാം കൂടി ഒരു വലിയ ദൗത്യത്തിനായി ഒന്നിക്കുന്നു, പിന്നെ പെപ്പെയുടെ ഗ്യാങ്ങുമായിട്ടുള്ള ഏറ്റുമുട്ടലായി, അടിയായി, വെട്ടായി, വെടിയായി, കുടിയായി… തീര്‍ന്നു! സത്യത്തില്‍ ഒരു 30 മിനിറ്റ് ഷോര്‍ട്ട് ഫിലിമില്‍ ഒതുക്കാവുന്ന കഥയാണ് രണ്ടര മണിക്കൂര്‍ വലിച്ചുനീട്ടി പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നത്.

കഥയും തിരക്കഥയും ഒന്നുമില്ലെങ്കിലും കുഴപ്പമില്ല, കുറെ ചുവന്ന ലൈറ്റും, മെക്‌സിക്കന്‍ പടങ്ങളുടെ പോലത്തെ കളര്‍ ടോണും, പിന്നെ നിര്‍ത്താതെ കുറെ വെട്ടും കുത്തും ചോരക്കളിയും കാണിച്ചാല്‍ ജനം കൈയടിക്കും എന്നൊരു അമിത ആത്മവിശ്വാസമാണ് ഈ സിനിമയുടെ ഏറ്റവും വലിയ ശാപം. ‘തല്ലുമാല’ പോലെയൊരു പടം പിടിക്കാന്‍ നോക്കിയതാണോ എന്നറിയില്ല. പക്ഷേ തല്ലുമാലയില്‍ ആ തല്ലിന് പിന്നില്‍ കൃത്യമായൊരു തിരക്കഥയും രസകരമായൊരു നരേഷനും ഉണ്ടായിരുന്നു. ഇവിടെ വെറും ബഹളം മാത്രമാണ്. ആദ്യ പകുതിയില്‍ എങ്ങോട്ടാണ് പടം പോകുന്നത്, എന്താണ് സംഭവിക്കുന്നതെന്ന് സംവിധായകന് പോലും പിടിയില്ല. രണ്ടാം പകുതി ആകുമ്പോഴേക്കും എങ്ങനെയെങ്കിലും ഒന്ന് തീര്‍ന്നാല്‍ മതിയെന്നായി പ്രേക്ഷകന്.

ഇത്രയും വലിയൊരു താരനിരയെ വെറുതെ കൊണ്ട് വന്ന് വെടിവെപ്പും അടിയും നടത്തിച്ചു എന്ന് മാത്രം. പെപ്പെയുടെ സ്ഥിരം അടിയും ഇടിയും കണ്ട് മടുത്തു തുടങ്ങി. അര്‍ജുന്‍ അശോകന്‍, ലുക്ക്മാന്‍, ശ്രീനാഥ് ഭാസി, ദേവ് മോഹന്‍… ആര്‍ക്കും തന്നെ പെര്‍ഫോം ചെയ്യാന്‍ പാകത്തിനുള്ള ഒരു സീന്‍ പോലും തിരക്കഥയിലില്ല. എല്ലാവരും വെറുതെ വന്ന് ആക്രോശിക്കുന്നു, തല്ലുണ്ടാക്കുന്നു, പോകുന്നു. പെപ്പെ എന്ന മിനിമം ഗ്യാരണ്ടിയുള്ള നടന് മനസ്സിലാവുന്നില്ല. ഇത്തരം കൂതറ വേഷങ്ങളിലൂടെ തന്റെ ഇമേജ് കുത്തനെ ഇടിയുകയാണ്.

ആകെ എടുത്തു പറയാവുന്നത് മണികണ്ഠന്‍ അയ്യപ്പയുടെ സംഗീതവും ബി.ജി.എമ്മും, പിന്നെ ആര്‍മോയുടെ ക്യാമറയുമാണ്. എന്ന പാട്ടൊക്കെ തിയേറ്ററില്‍ ചെറിയൊരു വൈബ് ഉണ്ടാക്കുന്നുണ്ട്. പക്ഷേ നല്ലൊരു തിരക്കഥയില്ലാത്തപ്പോള്‍ ഈ ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്‍ കൊണ്ടൊന്നും ഒരു കാര്യവുമില്ല.

അമല്‍ നീരദിനെ അനുകരിച്ച് കുളമാക്കി

അമല്‍ നീരദിന്റെ സംവിധാന ശൈലിയോടുള്ള പ്രകടമായ സാമ്യതകള്‍, ഡിസ്‌ക്കോയില്‍ പലയിടത്തും കാണാന്‍ സാധിക്കും. കഥാപാത്രങ്ങളുടെ വസ്ത്രധാരണവും ഷോട്ടുകളുടെ വിന്യാസവുമെല്ലാം അമല്‍ നീരദിന്റെ ‘സാഗര്‍ ഏലിയാസ് ജാക്കി’, ‘ഇയ്യോബിന്റെ പുസ്തകം’, ‘വരത്തന്‍’, എന്നീ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നവയാണ്. അമല്‍ ചിത്രങ്ങളുടെ പ്രധാന പ്രത്യേകതയായ ഇരുണ്ട പശ്ചാത്തലത്തിലുള്ള ലൈറ്റിംഗ് ‘ഡിസ്‌കോ’യിലും വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ മുഖം വ്യക്തമാക്കാതെ നിഴല്‍രൂപങ്ങളായി അവതരിപ്പിക്കുന്ന ഷോട്ടുകള്‍ അമല്‍ നീരദിന്റെ ട്രേഡ്മാര്‍ക്കാണ്. ‘ഡിസ്‌കോ’യിലെ പല സംഘട്ടന രംഗങ്ങളിലും ഇന്‍ട്രോ സീനുകളിലും ഇതേ രീതി അനുകരിച്ചിട്ടുണ്ട്. അമല്‍ നീരദ് സിനിമകളില്‍ കഥാപാത്രങ്ങളുടെ മാസ്സ് എന്‍ട്രികള്‍ക്കും ആക്ഷന്‍ രംഗങ്ങള്‍ക്കും കൃത്യമായ ഇംപാക്ട് നല്‍കാനാണ് സ്ലോ-മോഷന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ‘ഡിസ്‌കോ’യില്‍ കഥയ്ക്ക് ആവശ്യമില്ലാത്ത സാധാരണ നടപ്പുകള്‍ക്കും സംഭാഷണങ്ങള്‍ക്കും പോലും അമിതമായി സ്ലോ-മോഷന്‍ ഉപയോഗിച്ചത് വെറുമൊരു അനുകരണം മാത്രമായി മാറി.

ഭീഷ്മപര്‍വ്വം, ബാച്ചിലര്‍ പാര്‍ട്ടി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെപ്പോലെ പ്രിന്റഡ് ഷര്‍ട്ടുകള്‍, ഓവര്‍സൈസ്ഡ് വസ്ത്രങ്ങള്‍, കറുത്ത കണ്ണടകള്‍, പ്രത്യേക രീതിയിലുള്ള ഹെയര്‍സ്‌റ്റൈലുകള്‍ എന്നിവയാണ് ‘ഡിസ്‌കോ’യിലെ കഥാപാത്രങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. ഒരു സാധാരണ കടലോര ഗ്രാമത്തിലെ ഗുണ്ടകള്‍ ധരിക്കാന്‍ സാധ്യതയില്ലാത്ത തരത്തിലുള്ള, അമിതമായി സ്‌റ്റൈലൈസ് ചെയ്ത വസ്ത്രങ്ങളാണ് ദേവ് മോഹന്‍, ലുക്ക്മാന്‍, പെപ്പെ എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

insight kerala

പശ്ചാത്തല സംഗീതത്തിന്റെ താളത്തിനൊത്ത് ഷോട്ടുകള്‍ മുറിക്കുന്ന രീതി അമല്‍ നീരദ് ചിത്രങ്ങളില്‍ വളരെ മനോഹരമായി കാണാറുണ്ട്. ‘ഡിസ്‌കോ’യിലും മണികണ്ഠന്‍ അയ്യപ്പയുടെ സംഗീതത്തിനൊത്ത് ദൃശ്യങ്ങള്‍ അടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, തിരക്കഥയുടെ ബലമില്ലാത്തതിനാല്‍ അത് വെറുമൊരു മ്യൂസിക് വീഡിയോയുടെ പ്രതീതി മാത്രമാണ് നല്‍കുന്നത്. ചുരുക്കത്തില്‍ കാശ് കൊടുത്ത് തിയേറ്ററില്‍ കയറി തലവേദന വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.

വാല്‍ക്കഷ്ണം: യാതൊരു കഥയുമില്ലാത്ത ഇത്തരം സിനിമകള്‍ കാണുമ്പോഴാണ്, കള്ളപ്പണം വെളുപ്പിക്കാനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഉദ്ദേശത്തോടെയാണ് ചിലര്‍ സിനിമയെടുക്കുന്നത് എന്ന ആരോപണം ഉയരുന്നത്. എന്തായിരിക്കും ഇതുപോലെ ഒരു കൂതറ പടം എടുക്കാനുള്ള സര്‍ഗാത്മക പ്രകോപനമെന്ന് ഇനിയും മനസ്സിലാവുന്നില്ല.

Share This Article