എന്‍വിഡിയ മേധാവിയെ ചൈനീസ് ചാര വനിത ഹണിട്രാപ്പില്‍ കുടുക്കിയോ? വാര്‍ത്തയായതോടെ, ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാണ കമ്പനിക്കുണ്ടായ നഷ്ടം 270 ബില്യണ്‍ ഡോളര്‍; ബിസിനസ് ലോകത്ത് വീണ്ടും ചാരവിവാദം

insight kerala

കെ വി നിരഞ്ജന്‍

ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാണ കമ്പനിയായ എന്‍വിഡിയ കടുത്ത പ്രതിസദ്ധിയിലൂടെ കടന്നുപോവുകയാണ്. എന്‍വിഡിയയുടെ മേധാവി ജെന്‍സന്‍ ഹുവാങിന്, ചൈനീസ് ചാരവനിതയെന്ന് അമേരിക്കന്‍ അധികൃതര്‍ സംശയിക്കുന്ന ഒരു വ്യവസായിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വിവാദത്തിന് കാരണമായത്. ആരോപണങ്ങള്‍ക്ക് പിന്നാലെ എന്‍വിഡിയയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. കമ്പനിയുടെ വിപണിമൂല്യത്തില്‍ ഏകദേശം 270 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

എന്‍വിഡിയ എന്ന ഒറ്റ കമ്പനിയുടെ ആകെ വിപണി മൂല്യം എന്നത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തേക്കാള്‍ (ജഡിപി) കൂടുതലാണ്! ഇവരുടെ നിലവിലെ
വിപണി മൂല്യം ഏകദേശം 4.5 ട്രില്യണ്‍ ഡോളറാണ് അതായത് 4.5 ലക്ഷം കോടി യു.എസ് ഡോളര്‍. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് ഏകദേശം 380 ലക്ഷം കോടി രൂപയോളം വരും. ആഗോള വിപണിയില്‍ ആപ്പിള്‍ , മൈക്രോസോഫ്റ്റ് തുടങ്ങിയ മുന്‍നിര കമ്പനികളോട് മത്സരിച്ച് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയില്‍ എന്‍വിഡിയ ഒന്നാമതോ രണ്ടാമതോ ആയി തുടരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റന്റലിജന്‍സ് രംഗത്തെ വിപ്ലവകരമായ കുതിപ്പിലൂടെ ലോകത്തെ നമ്പര്‍വണ്‍ കമ്പനിയായി അവര്‍ വളര്‍ന്നുവരികയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ എഐ ചിപ്പുകളുടെയും ഗ്രാഫിക്‌സ് പ്രൊസസ്സറുകളുടെയും നിര്‍മ്മാണത്തില്‍ 80 ശതമാനത്തിലധികം വിപണി വിഹിതം കൈയാളുന്നത് വഴിയാണ് കമ്പനി ഈ വന്‍ ആസ്തി നേടിയെടുത്തത്. പക്ഷേ ഒരു ചാരവനിത ആ കുതിപ്പിനെ പിടിച്ചുകെട്ടിയിരിക്കയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ആരാണ് ആ ചാര വനിത?

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മെഗാസ്പീഡ്’ എന്ന ക്ലൗഡ്/ഡാറ്റാ സെന്റര്‍ കമ്പനിയുടെ മുന്‍ ഉന്നത ഉദ്യോഗസ്ഥയായ ആലീസ് ഹുവാങ് എന്ന ചൈനീസ് വനിതയുമായാണ് ജെന്‍സന്‍ ഹുവാങിന് ബന്ധമുണ്ടായിരുന്നത്. ഇവര്‍ തമ്മില്‍ ഒരേ കുടുംബപ്പേര് പങ്കിടുന്നുവെങ്കിലും ബന്ധുക്കളോ പരിചയക്കാരോ ഒന്നുമല്ല. അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ മറികടന്ന്, ചൈനയ്ക്ക് എന്‍വിഡിയയുടെ അത്യാധുനിക എഐ ചിപ്പുകള്‍ ചോര്‍ത്തി നല്‍കാന്‍ മെഗാസ്പീഡ് എന്ന കമ്പനി ശ്രമിക്കുന്നുണ്ടോ എന്ന് യു.എസ് അധികൃതര്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. ഈ അന്വേഷണത്തിനിടയിലാണ്, ജെന്‍സന്‍ ഹുവാങില്‍ നിന്ന് എന്‍വിഡിയയുടെ ബിസിനസ്സ് രഹസ്യങ്ങളും വിവരങ്ങളും ചോര്‍ത്താന്‍ ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സി ആലീസ് ഹുവാങിനെ നിയോഗിച്ചതാണെന്ന് യു.എസ് ഇന്റലിജന്‍സ് സംശയിക്കാന്‍ തുടങ്ങിയത്. ഇത് ഒരു ഹണിട്രാപ്പാണെന്നും സംശയം ഉയരുന്നുണ്ട്.

ഈ വാര്‍ത്തകള്‍ ‘ന്യൂയോര്‍ക്ക് ടൈംസ്’ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ, എന്‍വിഡിയയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അന്വേഷണം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ, തനിക്ക് ആലീസ് ഹുവാങുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്ന് ജെന്‍സന്‍ ഹുവാങ് കമ്പനി ജീവനക്കാര്‍ക്ക് അയച്ച ഇമെയിലിലൂടെ പരസ്യമായി സമ്മതിക്കുകയും ഭാര്യയോടും കുടുംബത്തോടും മാപ്പ് ചോദിക്കുകയും ചെയ്തു. ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ സാധാരണ ബിസിനസ്സ് ചര്‍ച്ചകളുടെ ഭാഗമായിരുന്നുവെന്നും, ഔദ്യോഗിക വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നുമാണ് ഹുവാങ് വ്യക്തമാക്കുന്നത്. എങ്കിലും ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ എന്‍വിഡിയയുടെ ബോര്‍ഡ് ഇതില്‍ സ്വതന്ത്ര അന്വേഷണം നടത്തിവരികയാണ്. 2024 ജൂണില്‍ തായ്വാനിലെ തായ്‌പേയിലുള്ള ഒരു ബാറില്‍ ജെന്‍സന്‍ ഹുവാങും ആലീസ് ഹുവാങും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മറ്റ് സാങ്കേതികവിദ്യാ മേഖലയിലെ പ്രമുഖര്‍ക്കൊപ്പമായിരുന്നു ഇരുവരും അവിടെ ഉണ്ടായിരുന്നത്. 2025 മേയിലും ഇരുവരെയും ഒരുമിച്ച് കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ചൈനീസ് വിദേശകാര്യ മന്ത്രാലയം ഈ ചാര ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചൈനീസ് ചാരവനിതയെന്ന ആരോപണം ചൈന നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു

ഓഹരി വില കുത്തനെ ഇടിയുന്നു

വിവാദം പുറത്തുവന്നതോടെ ഫ്രാങ്ക്ഫര്‍ട്ട് ഓഹരി വിപണിയില്‍ എന്‍വിഡിയയുടെ ഓഹരികള്‍ ആറ് ശതമാനത്തിലധികം ഇടിഞ്ഞു. ഇതോടെ കമ്പനിയുടെ ഓഹരിവില മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വെള്ളിയാഴ്ചത്തെ ഓഹരി വിപണിയിലെ അവസാന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വിപണിമൂല്യത്തില്‍ ഏകദേശം 270 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടാകാമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. എഐ സാങ്കേതികവിദ്യയ്ക്കായി ലോകമെമ്പാടും ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നതിനുള്ള വന്‍ നിക്ഷേപങ്ങള്‍ നടക്കുന്ന സമയത്താണ് ഈ വിവാദം. അതിനാല്‍ കമ്പനിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ഇടിവിന് കാരണമായിട്ടുണ്ട്. വിവാദത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചു. ജെന്‍സന്‍ ഹുവാങുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ അദ്ദേഹം നല്ലൊരു വ്യക്തിയാണെന്നും ട്രംപ് പറഞ്ഞു. ആരോപണങ്ങളില്‍ അദ്ദേഹത്തിന് വിശദീകരണമുണ്ടാകാമെന്നും അത് കേള്‍ക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ ഏകദേശം ഒരു വര്‍ഷം മുമ്പ് രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്ന് ട്രംപിന് വിവരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം നടപടിയെടുത്തില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെസ്ല മേധാവി ഇലോണ്‍ മസ്‌കും വിഷയത്തില്‍ പ്രതികരിച്ചു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ബന്ധമല്ല ഇതെന്ന് പ്രതീക്ഷിക്കുന്നതായി ആക്മാന്‍ പറഞ്ഞു. അതേസമയം, ജെന്‍സന്‍ ഹുവാങിന്റെ പ്രവര്‍ത്തി അമേരിക്കയ്ക്ക് ദോഷകരമായിരുന്നുവെന്ന ഒരു പോസ്റ്റിനോട് മസ്‌ക് യോജിപ്പ് പ്രകടിപ്പിച്ചു.

Share This Article