ശ്രീകാര്യം കൊലപാതകം; പ്രതികൾ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെയാണ്; വീണ്ടും ട്വിസ്റ്റ്

insight kerala

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ 17 കാരനായ അഭിരാമിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ ലക്ഷ്യമിട്ടത് അഭിറാമിന്റെ സുഹൃത്തിനെയല്ല, അഭിറാമിനെ തന്നെയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്‍റെ പുതിയ കണ്ടെത്തല്‍.
കൊല്ലപ്പെട്ട അഭിറാമിന്‍റെ സുഹൃത്തിനെയും മൂന്നാം പ്രതി അനന്തയെയും ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായ വിവരം ലഭിച്ചത്. കേസിലെ ഒന്നാം പ്രതിയായ 17 കാരൻറെ പെൺസുഹൃത്ത് അനന്തയെ കാണാനാണ് അഭിരാം പാങ്ങപ്പാറയിലെ, അനന്തയുടെ ബന്ധുവീടിന് സമീപത്തേക്ക് പോയത്. എന്നാൽ, ഒരു ഘട്ടത്തിൽ പോലും തന്നോട് അവിടേക്ക് ചെല്ലാന്‍ അഭിറാം ആവശ്യപ്പെട്ടിരുന്നില്ലെന്ന് സുഹൃത്ത് പോലീസിന് മൊഴി നൽകി.
നേരത്തെ സുഹൃത്തിനെ സംഭവസ്ഥലത്തെത്തിച്ച് അപായപ്പെടുത്താനാണ് അഭിറാമിനെ വിളിച്ചുവരുത്തിയതെന്നായിരുന്നു നാലു പ്രതികളും അന്വേഷണ സംഘത്തിന് നൽകിയ മൊഴി. എന്നാൽ ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള തന്ത്രമായിരുന്നുവെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.
കൊലപാതകത്തിന്റെ കൂടുതൽ കാരണങ്ങൾ കണ്ടെത്താനായി, കേസിൽ ഒന്നാം പ്രതിയായ 17 വയസ്സുകാരനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം.

Share This Article