തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണിയുമായി സര്‍ക്കാര്‍ ഉത്തരവിറക്കി. സുപ്രധാന വകുപ്പുകളിലെല്ലാം ഉദ്യോഗസ്ഥരെ മാറ്റി. ആഭ്യന്തരം, വിജിലന്‍സ്, ധനകാര്യം, ആരോഗ്യം, കെ.എസ്.ഇ.ബി തുടങ്ങിയ പ്രധാന വകുപ്പുകളിലെല്ലാം പുതിയ മേധാവികള്‍ ഉടന്‍ ചുമതലയേല്‍ക്കും. 35 മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് വിവിധ വകുപ്പുകളിലേക്ക് മാറ്റി നിയമിച്ചത്.
ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ.ആര്‍. ജ്യോതിലാലിനെ ആഭ്യന്തര-വിജിലന്‍സ് വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ചുമതലപ്പെടുത്തി. പ ഈ പദവിക്ക് പുറമേ ജലവിഭവം, ഭവനം, കയര്‍ എന്നീ വകുപ്പുകളുടെ പൂര്‍ണ്ണ അധിക ചുമതലയും ഇദ്ദേഹം വഹിക്കും. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന മിന്‍ഹാജ് അലത്തെ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. നികുതി വകുപ്പ്, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സി.ഇ.ഒ, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നീ അധിക ചുമതലകളും മിന്‍ഹാജ് അലത്തിനാണ് നല്‍കിയിരിക്കുന്നത്.
കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറായി (സി.എം.ഡി) പ്രശാന്ത് എന്‍. ഐ.എ.എസിനെ സര്‍ക്കാര്‍ നിയോഗിച്ചു. ഈ നിയമനത്തിനായി കെ.എസ്.ഇ.ബി സി.എം.ഡി തസ്തികയെ ഒരു വര്‍ഷത്തേക്ക് ഐ.എ.എസ് സെലക്ഷന്‍ ഗ്രേഡില്‍ എക്‌സ്‌കേഡര്‍ പോസ്റ്റായി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. നിലവിലുള്ള കായിക-യുവജനകാര്യ സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതലയിലും പ്രശാന്ത് തുടര്‍ന്നും സേവനമനുഷ്ഠിക്കും. കെ.എസ്.ഇ.ബി സി.എം.ഡിയായിരുന്ന എം.ജി. രാജമാണിക്യത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് മാറ്റി നിയമിച്ചിട്ടുള്ളത്.
എം.ജി. രാജമാണിക്യം തദ്ദേശ സ്വയംഭരണ വകുപ്പിന് പുറമേ ദേവസ്വം വകുപ്പിന്റെ ചുമതലയും വഹിക്കുന്നതായിരിക്കും. കൂടാതെ ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളുടെ കമ്മീഷണര്‍ പദവിയുടെ അധിക ചുമതലയും രാജമാണിക്യത്തിന് തന്നെ നല്‍കിയിട്ടുണ്ട്. ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷിനെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി പുതിയ ഉത്തരവില്‍ നിയമിച്ചു. ഇതിനൊപ്പം ആയുഷ്, പൊതുവിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷ ക്ഷേമം എന്നീ പ്രധാന വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹം നിര്‍വ്വഹിക്കും.

