കെ വി നിരഞ്ജന്‍
ലോകത്തിന്റെ ഡ്രോണ്‍ ഫാക്ടറി എന്നാണ് യുക്രൈന്‍ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ റഷ്യ എന്ന വന്‍ ശക്തിയെ അവര്‍ വിറപ്പിക്കുയാണ്്. ഇനിയുള്ള കാലം ആയുധശക്തിയല്ല, ഡ്രോണ്‍ ശക്തിയാണ് യുദ്ധത്തിന്റെ ഗതി നിയന്ത്രിക്കുക എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് യുക്രൈന്‍ എന്ന കൊച്ചുരാജ്യം. ഇക്കഴിഞ്ഞ ദിവസം
റഷ്യയ്‌ക്കെതിരെ ഒറ്റരാത്രി കൊണ്ട് 1,000ലേറെ ഡ്രോണുകളാണ് യുക്രൈന്‍ വിക്ഷേപിച്ചത്. മോസ്‌കോ ലക്ഷ്യമിട്ട് നൂറുകണക്കിന് ഡ്രോണുകളാണ് എത്തിയതെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. മോസ്‌കോ നഗരത്തിനെതിരായ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിതെന്നും അധികൃതര്‍ വിശേഷിപ്പിച്ചു. മോസ്‌കോ മേഖലയില്‍ ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഗവര്‍ണര്‍ ആന്‍ഡ്രി വൊറോബ്യോവ് അറിയിച്ചു. മോസ്‌കോയിലെ എണ്ണ ശുദ്ധീകരണശാലയ്ക്കും ഒരുകെട്ടിടത്തിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ആക്രമണം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും സ്ഥിരീകരിച്ചു. യുക്രെയ്ന്റെ യുദ്ധശ്രമങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്ന റഷ്യന്‍ ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കിയത്.
കോടിക്കണക്കിന് ചെലവിട്ട് പ്രതിരോധം
യുദ്ധ യന്ത്രത്തെ നിലനിര്‍ത്തുന്നത് കോടിക്കണക്കിന് ഡോളറാണെന്ന് സെലന്‍സ്‌കി എക്സില്‍ കുറിച്ചു. ആഭ്യന്തരമായി വികസിപ്പിച്ച ഫ്ലമിംഗോ, പെലിക്കന്‍ മിസൈലുകള്‍ ഉള്‍പ്പെടെ വിവിധ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് എണ്ണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കീവിന് സമീപം റഷ്യ നടത്തിയ രാത്രി ഡ്രോണ്‍ ആക്രമണത്തില്‍ ഒരു അമ്മയും അവരുടെ രണ്ട് കുട്ടികളും കൊല്ലപ്പെട്ടതായി യുക്രൈന്‍ അടിയന്തര സേവന വിഭാഗം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,100 യുക്രൈന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. റഷ്യ പിടിച്ചെടുത്ത ക്രിമിയന്‍ ഉപദ്വീപും കരിങ്കടല്‍ മേഖലയും ഇതില്‍ ഉള്‍പ്പെടുന്നു.

റഷ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമാണ് യുക്രെയ്ന്റെ വന്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണം തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്ന് മോസ്‌കോ മേയര്‍ സെര്‍ഗെയ് സൊബ്യാനിന്‍ ആരോപിച്ചു. മോസ്‌കോ ലക്ഷ്യമാക്കി എത്തിയ 450 ഡ്രോണുകള്‍ നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും മേയര്‍ വ്യക്തമാക്കി. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ റഷ്യ പിടിച്ചെടുത്ത് പിന്നീട് കൂട്ടിച്ചേര്‍ത്തതായി പ്രഖ്യാപിച്ച ഡൊണെറ്റ്സ്‌ക്, ലുഹാന്‍സ്‌ക്, ഖേഴ്സണ്‍, സപൊറീഷ്യ എന്നീ നാല് യുക്രെയ്ന്‍ മേഖലകളിലും റഷ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് നടത്തി.
2014ല്‍ റഷ്യ കൂട്ടിച്ചേര്‍ത്ത ക്രിമിയയിലും വോട്ടെടുപ്പ് നടന്നു. അധിനിവേശ പ്രദേശങ്ങളിലെ വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നാണ് യുക്രെയ്ന്റെ നിലപാട്.
റഷ്യ പൂര്‍ണതോതിലുള്ള അധിനിവേശം ആരംഭിച്ച് നാല് വര്‍ഷത്തിലേറെയായ സാഹചര്യത്തില്‍ യുക്രെയ്ന്‍ ദീര്‍ഘദൂര സൈനിക ഡ്രോണ്‍ ശേഷി കൂടുതല്‍ വികസിപ്പിച്ചിട്ടുണ്ട്. ആഭ്യന്തരമായി നിര്‍മിച്ച ദീര്‍ഘദൂര ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കുമൊപ്പം ഉപയോഗിച്ചാണ് റഷ്യന്‍ പ്രദേശങ്ങളുടെ ആഴങ്ങളിലേക്ക് യുക്രെയ്ന്‍ ആക്രമണം നടത്തുന്നത്.
യുക്രെയ്ന്റെ ഡ്രോണ്‍ സാങ്കേതികവിദ്യ അന്താരാഷ്ട്ര തലത്തില്‍ സര്‍ക്കാരുകളുടെയും പ്രതിരോധ വ്യവസായ സ്ഥാപനങ്ങളുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. റഷ്യന്‍ ജനതയെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിട്ട് അനുഭവിപ്പിക്കുകയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമേല്‍ സമാധാന ചര്‍ച്ചകള്‍ക്ക് സമ്മര്‍ദം ശക്തമാക്കുകയുമാണ് യുക്രെയ്ന്റെ തന്ത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ഉദ്ദേശ്യം പുടിന്‍ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ഇതിനിടെ, റഷ്യയും യുക്രൈനും പരസ്പരം ദീര്‍ഘദൂര വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. കിഴക്കന്‍, തെക്കന്‍ യുക്രെയ്നിലായി ഏകദേശം 1,250 കിലോമീറ്റര്‍ നീളുന്ന മുന്‍നിരയില്‍ നേരിട്ടുള്ള പോരാട്ടം താരതമ്യേന മന്ദഗതിയിലായിട്ടുണ്ട്. വലിയ തോതില്‍ ഡ്രോണുകളും ഭൂതല റോബോട്ടുകളും ഉപയോഗിക്കുന്നതിനാല്‍ സൈനികരുടെ നീക്കങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായിരിക്കുകയാണ്.

