മരുമകനെ അടക്കമുള്ള നേതാക്കളെ ജനം വളഞ്ഞിട്ട് തല്ലുന്നു; പാര്‍ട്ടി പിളര്‍ന്നതോടെ ചിഹ്‌നവും പാര്‍ട്ടിയുടെപേരും നഷ്ടമായി; ഇനി ഫുട്‌ബോള്‍ പ്ലെയര്‍ ചിഹ്‌നം; പാര്‍ട്ടിപേര് ‘മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്’; ബംഗാളില്‍ എല്ലാം നഷ്ടമായി മമത

insight kerala

കെ വി നിരഞ്ജന്‍

കൊല്‍ക്കത്ത: ബംഗാളില്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എല്ലാം നഷ്ടമായി മമതബാനര്‍ജി. സ്വന്തം പാര്‍ട്ടിയും ചിഹ്‌നവും പോലും അവര്‍ക്ക് സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. മരുമകനും തൃണമൂല്‍ ഭരണത്തിലെ യുവരാജാവായിരുന്ന അഭിഷേക് ബാനര്‍ജി അടക്കമുള്ള നേതാക്കളെ ജനം വളഞ്ഞിട്ട് തല്ലുകയാണ്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുള്ളിലെ പിളര്‍പ്പിന് പിന്നാലെ ഉയര്‍ന്ന അവകാശത്തര്‍ക്കത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലില്‍ ഇപ്പോള്‍ താല്‍ക്കാലിക പരിഹാരമുണ്ടായിരിക്കയാണ്. ഒക്ടോബര്‍ ആറിന് നടക്കാനിരിക്കുന്ന നിര്‍ണായക നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ക്കും പുതിയ പേരുകളും ചിഹ്നങ്ങളും അനുവദിച്ചു. തര്‍ക്കത്തില്‍ അന്തിമ തീരുമാനം ആകുന്നത് വരെയുള്ള താല്‍ക്കാലിക സംവിധാനം മാത്രമാണിതെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചിഹ്‌നമടക്കം എല്ലാം പോയി

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പുതിയ ഉത്തരവ് പ്രകാരം മമത ബാനര്‍ജി നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിന് ‘മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്’ എന്ന പേരും ‘ഫുട്ബോള്‍ പ്ലെയര്‍’ ചിഹ്നവുമാണ് കമ്മീഷന്‍ നല്‍കിയത്. അതേസമയം, അരൂപ് റോയിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്’ എന്ന പേരും ‘എന്‍വലപ്പ്’ (കവര്‍) ചിഹ്നവും അനുവദിച്ചു. ഇരുവിഭാഗങ്ങള്‍ക്കും പശ്ചിമ ബംഗാള്‍, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പദവിയും നല്‍കിയിട്ടുണ്ട്.

പാര്‍ട്ടിയിലുണ്ടായ കടുത്ത അവകാശത്തര്‍ക്കത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക നാമമായ ‘ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്’ എന്നതും പരമ്പരാഗത ചിഹ്നമായ ‘പുല്ലും പൂക്കളും’ ഉപയോഗിക്കുന്നതും കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിക്ക് മുന്‍പായി പുതിയ മൂന്ന് പേരുകളും താത്പര്യമുള്ള മൂന്ന് സ്വതന്ത്ര ചിഹ്നങ്ങളും നിര്‍ദ്ദേശിക്കാന്‍ ഇരുവിഭാഗങ്ങളോടും കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ നിന്നാണ് പുതിയ പേരുകളും ചിഹ്നങ്ങളും തിരഞ്ഞെടുത്തത്.

പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗര്‍ എന്നീ മണ്ഡലങ്ങളിലാണ് ഒക്ടോബര്‍ 6-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഭവാനിപൂരില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തി വിജയിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി സീറ്റ് ഒഴിഞ്ഞതിനാലാണ് നന്ദിഗ്രാമില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രണ്ട് സീറ്റുകളില്‍ ജയിച്ചതിനെ തുടര്‍ന്ന് ആം ജനതാ ഉന്നയന്‍ പാര്‍ട്ടി സ്ഥാപകന്‍ ഹുമയൂണ്‍ കബീര്‍ രാജിവെച്ചതോടെയാണ് റെജിനഗറില്‍ ഒഴിവുവന്നത്.

ഉപതിരഞ്ഞെടുപ്പ് നിര്‍ണ്ണായകം

ഉപതിരഞ്ഞെടുപ്പിനായി മമത വിഭാഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. നന്ദിഗ്രാമില്‍ സഞ്ജിത പ്രധാനെയും റെജിനഗറില്‍ റബീഉല്‍ ആലം ചൗധരിയെയുമാണ് അവര്‍ സ്ഥാനാര്‍ത്ഥികളാക്കിയിട്ടുള്ളത്. എന്നാല്‍ അസം, ബംഗാള്‍ മേഖലകളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിമത വിഭാഗവും ശക്തമായി രംഗത്തുണ്ട്. രണ്ട് മണ്ഡലങ്ങളിലെയും പത്രികാ പരിശോധന പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ അടിയന്തര ഇടപെടലുണ്ടായത്.

ഇതിനിടെ പുതിയ സംഭവവികാസങ്ങളില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജി രംഗത്തെത്തി. ‘രാഷ്ട്രീയം ഒരു ശാശ്വത യുദ്ധമാണ്; ഓരോ നിമിഷവും മാറുന്ന മുന്‍ഗണനകളുടെ പോരാട്ടമാണിത്,’ എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. പാര്‍ട്ടിയിലെ പിളര്‍പ്പും ചിഹ്നം മരവിപ്പിച്ച നടപടിയും വരും ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നാലെ ഇരുപക്ഷവും പുതിയ ചിഹ്നങ്ങള്‍ പ്രചാരണ ആയുധമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ‘ഫുട്ബോള്‍ പ്ലെയര്‍’ ചിഹ്നം ലഭിച്ചതില്‍ മമത ക്യാമ്പ് സന്തോഷം പ്രകടിപ്പിച്ചു. ബംഗാളിന്റെ വികാരമായ ഫുട്ബോള്‍ തങ്ങള്‍ക്ക് കൂടുതല്‍ ജനപ്രീതി നല്‍കുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാല്‍ ജനാധിപത്യപരമായ പോരാട്ടത്തിന് ‘എന്‍വലപ്പ്’ ചിഹ്നം തങ്ങള്‍ക്ക് കരുത്തേകുമെന്ന് വിമത പക്ഷവും അവകാശപ്പെടുന്നു.

നേതൃത്വതലത്തിലെ തര്‍ക്കം പൂര്‍ണമായി പരിഹരിക്കുന്നത് വരെ പാര്‍ട്ടി നാമവും ചിഹ്നവും ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതിയുണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നന്ദിഗ്രാമിലും റെജിനഗറിലും ഇരുപക്ഷവും നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് കളമൊരുക്കുന്നത്. ഒക്ടോബര്‍ 6-ന് നടക്കാനിരിക്കുന്ന വോട്ടെടുപ്പിലെ ജനവിധി ഇരുവിഭാഗങ്ങള്‍ക്കും രാഷ്ട്രീയമായി നിര്‍ണായകമാകും.വരും ദിവസങ്ങളില്‍ കൂടുതല്‍ നിയമപോരാട്ടങ്ങള്‍ക്കും പാര്‍ട്ടി ഉടമസ്ഥാവകാശം തെളിയിക്കാനുള്ള നീക്കങ്ങള്‍ക്കും ബംഗാള്‍ സാക്ഷ്യം വഹിക്കും. അന്തിമ തീരുമാനം വരുന്നത് വരെ പുതിയ പേരുകളിലും ചിഹ്നങ്ങളിലുമായിരിക്കും മമതയും വിമത വിഭാഗവും ജനങ്ങളെ സമീപിക്കുക. ഒക്ടോബര്‍ 9-നാണ് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീരുമാനിച്ചിരിക്കുന്നത്.

Share This Article