എക്സാലോജിക് ഇടപാടിലെ മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി CMRL MD എൻ ശശിധരൻ കർത്ത.
ഏപ്രിൽ 2024 ൽ ED എടുത്ത മൊഴി പിൻവലിക്കണമെന്നാണ് ശശിധരൻ കർത്ത ആവശ്യപ്പെടുന്നത്. ശശിധരൻ കർത്തയക്ക് വേണ്ടി സഹോദരനാണ് സത്യവാങ്മൂലം നൽകിയത്. ബലം പ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചു എന്നും
തന്നെ ED മാനസികമായി പീഡിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം വിജിലൻസ് അന്വേഷണ ശുപാർശയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയേക്കും.
CMRL – എക്സാലോജിക് മാസപ്പടിക്കേസ് നിർണായകഘട്ടത്തിൽ എത്തിനിൽക്കെയാണ് മൊഴി പിൻവലിക്കാൻ അപേക്ഷ നൽകിയ കൂടുതൽ പേരുടെ വിവരങ്ങൾ പുറത്തേക്ക് വരുന്നത്. സിഎംആർഎൽ CFO സുരേഷ് കുമാറിന് പിന്നാലെ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകിയതായുള്ള വിവരമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ശശിധരൻ കർത്തയുടെ സഹോദരൻ അജിത് കർത്തയാണ് മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത്. 2024 ഏപ്രിൽ മാസം 17ന് വീട്ടിൽ വെച്ചാണ് ശശിധരൻ കർത്തയെ എൻഫോഴ്സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്‍തത്. CMRL ഉദ്യോഗസ്ഥർ നൽകി എന്ന് പറയുന്ന മൊഴിയിൽ നിർബന്ധിപ്പിച്ച് ഒപ്പ് വെപ്പിച്ചു എന്ന് കർത്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. 2024 മെയ്യിൽ തന്നെ മൊഴി പിൻവലിക്കാൻ കർത്ത അപേക്ഷ സമർപ്പിച്ചിരുന്നു. സിഎംആർഎൽ ഉദ്യോഗസ്ഥരുടെ മൊഴി എന്താണെന്ന് താൻ കെട്ടിരുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന തന്നെ ബലം പ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചു എന്ന് കർത്ത ആരോപിക്കുന്നു. 72 വയസ്സുള്ള ശശിധരൻ കർത്ത തീവ്രമായ ഹൃദ്രോഗം, പാർക്കിൻസൺസ്, ഡിമെൻഷ്യ, ഗുരുതരമായ കിഡ്നി രോഗം എന്നിവയാൽ ബുദ്ധിമുട്ടുന്നയാളാണ്. ഈ സാഹചര്യങ്ങൾ പൂർണ്ണമായി അവഗണിച്ചാണ് കേന്ദ്ര ഏജൻസി ചോദ്യം ചെയ്യൽ തുടർന്നതെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം. ED മാനസികമായി പീഡിപ്പിച്ചുവെന്നും, ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിൽ ആശങ്കയുണ്ട് എന്ന് കുടുംബം പറയുന്നു. വീണ ടി സേവനം നൽകാതെ പണം വാങ്ങി എന്ന് ശശിധരൻ കർത്താ മൊഴി നൽകി എന്നായിരുന്നു ED പറഞ്ഞിരുന്നത്. ഇത് അടക്കം തള്ളുന്നതാണ് ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യാവങ്ങമൂലം. പിണറായി വിജയൻ, രമേശ് ചെന്നിത്തല പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ നൽകിയ മൊഴി നേരത്തെ സുരേഷ് കുമാർ പിൻവലിച്ചിരുന്നു. കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ വിജിലൻസ് അന്വേഷണം ഉൾപ്പെടെ എൻഫോഴ്സ് ഡയറക്ടറേറ്റ് ശുപാർശ സർക്കാരിന്റെ പരിഗണനയിൽ നിൽക്കുമ്പോഴാണ് മൊഴികൾ പിൻവലിച്ചു കൊണ്ടുള്ള നീക്കം പുറത്തുവരുന്നത്.
