കോഴിക്കോട് : കൊട്ടിഘോഷിച്ച വിശാല സംസ്ഥാന കമ്മിറ്റിയിൽ ഒന്നും സംഭവിക്കാതെ ആദ്യദിനം കടന്നു പോയി. കണ്ണൂർ ജില്ലാ ഘടകത്തിന്റെ വിമർശനം ഒഴിച്ചുനിർത്തിയാൽ കാര്യമായി ഒന്നും ഉണ്ടായില്ല. സ്വയം വിമർശനം പാർട്ടി ഫോറങ്ങളിൽ മാത്രം ഉണ്ടാകണമെന്ന് ജനറൽ സെക്രട്ടറി ആമുഖപ്രസംഗത്തിൽ പറഞ്ഞുവെങ്കിലും ചർച്ചയിൽ പറയേണ്ട വിമർശനങ്ങൾ ഒന്നും തന്നെ ആരും പറഞ്ഞിട്ടുമില്ല. വിമർശനങ്ങൾ വിഭാഗീയതയ്ക്ക് വിത്തെറിയുമെന്ന മുന്നറിയിപ്പ് അനുനയരൂപത്തിലും ഭീഷണിയുടെ സ്വരത്തിലും നേതാക്കൾ എല്ലാ കോണുകളിലും എത്തിച്ചിരുന്നു. അതിന്റെ പരിണിതഫലമാണ് ആദ്യദിനത്തെ ചർച്ചകളിൽ കണ്ടത്.
പാർട്ടി സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ തോൽവിയുടെ യഥാർത്ഥ കാരണങ്ങളൊന്നും തന്നെയും പരാമർശിച്ചില്ല എന്നാണ് വിവരം. വ്യക്തി കേന്ദ്രകൃത വിമർശനങ്ങൾ ഇല്ല എന്ന് മാത്രമല്ല തോൽവിയുടെ കാര്യകാരണങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തെ കുറിച്ചോ പയ്യന്നൂർ തളിപ്പറമ്പ് മണ്ഡലങ്ങളെക്കുറിച്ചോ പരാമർശം ഇല്ലാതെയാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. എന്നാൽ ഇഡിയെ കുറിച്ച് പരാമർശം ഉണ്ട് .പിണറായിയെ വ്യക്തിപരമായി തകർക്കാനാണ് ഇഡിയുടെ അന്വേഷണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
യഥാർത്ഥ കാരണങ്ങൾ പറയാതെയാണ് റിപ്പോർട്ട് അവതരിപ്പിച്ചതെന്ന് കണ്ണൂർ ഘടകം എതിർപ്പ് അറിയിച്ചു. സംഘടനയുടെ മുന്നോട്ടുള്ള പോക്കും സംഘടിതമായ ആക്രമണങ്ങളെ ചെറുത് തോൽപ്പിച്ച് മുന്നേറുന്നതും ഉൾപ്പെടെയുള്ള പൊതുവായ കാര്യങ്ങൾ മാത്രം ചൂണ്ടിക്കാട്ടിയാൽ എങ്ങനെ തിരുത്താൻ ആകും എന്നാണ് കണ്ണൂർ കമ്മിറ്റിയിലെ പ്രതിനിധികൾ ചോദിച്ചത്. തിരുവനന്തപുരം , കാസർകോട് , കൊല്ലം ഉൾപ്പെടെയുള്ള 5 കമ്മറ്റികളാണ് ആദ്യദിനത്തെ ചർച്ചയിൽ പങ്കെടുത്തത്.
നാളെയും ചർച്ച തുടരും. ആലപ്പുഴ, എറണാകുളം ഉൾപ്പെടെയുള്ള കമ്മിറ്റികൾ വിമർശനം ഉന്നയിക്കുമെന്നാണ് സൂചന. എന്നാൽ ശക്തമായ വിമർശനമോ കടുത്ത വിയോജിപ്പും ഒന്നും ഉണ്ടാകാൻ സാധ്യതയില്ല. അങ്ങനെയെങ്കിൽ എന്ത് തിരുത്തൽ ഉണ്ടാകും എന്നാണ് കാത്തിരുന്നു കാണേണ്ടത്.

