ജര്‍മ്മനിയില്‍ ‘നാസികള്‍ തിരിച്ചുവരുന്നു! രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു സംസ്ഥാനത്ത് അധികാരം പിടിക്കുന്നതിന് അടുത്തെത്തി തീവ്ര വലതുപക്ഷം; മുസ്‌ലീം- കുടിയേറ്റ വിരുദ്ധത വോട്ടാവുന്നു

insight kerala

കെ വി നിരഞ്ജന്‍

ഇസ്ലാമികരാജ്യങ്ങള്‍പോലും മടിച്ചുനിന്നപ്പോള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുസ്‌ലീം അഭയാര്‍ത്ഥികളെ കൈ നീട്ടി സ്വീകരിച്ച രാജ്യമാണ് ജര്‍മ്മനി. ആഞ്ചല മെര്‍ക്കലിന്റെ കാലത്ത് പത്തുലക്ഷത്തോളം അഭയാര്‍ത്ഥികളാണ്, ജര്‍മ്മനിയിലേക്ക് എത്തിയത്. പക്ഷേ അതോടെ ജര്‍മ്മനിയുടെ കഷ്ടകാലവും തുടങ്ങി. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം വളര്‍ന്നു. സ്‌ഫോടനങ്ങളും കത്തിയാക്രമണങ്ങളും പതിവായതോടെ രാജ്യം മറ്റൊരു പ്രതിഭാസത്തിനും സാക്ഷിയായി. അവിടെ തീവ്ര വലതുപക്ഷം ശക്തി പ്രാപിക്കയാണ്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജര്‍മനിയിലെ ഒരു സംസ്ഥാനത്ത് അധികാരം പിടിക്കുന്നതിന് അടുത്തെത്തിയിരിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായി മാറിയിരിക്കുകയാണ് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി). കിഴക്കന്‍ സംസ്ഥാനമായ സാക്സോണി-അന്‍ഹാള്‍ട്ടിലാണ് പാര്‍ട്ടി ചരിത്ര വിജയം നേടിയിരിക്കുന്നത്. ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി 44 ശതമാനം വോട്ടുകളോടെ വിജയം ഉറപ്പിച്ചെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനാവശ്യമായ കേവലഭൂരിപക്ഷം നേടിയില്ല.
ഭൂരിപക്ഷത്തിനായി 5 ശതമാനം വോട്ട് നേടിയ തീവ്ര-ഇടതുപക്ഷ പാര്‍ട്ടിയായ ‘സാഹ്‌റ വാഗന്‍ക്നെക്റ്റ് അലയന്‍സു’മായി (ബിഎസ്ഡബ്ലിയു) സഖ്യമുണ്ടാക്കി പ്രവര്‍ത്തിക്കുക എന്നത് പാര്‍ട്ടിയുടെ മുന്നിലുള്ള ഒരു സാധ്യതയാണ് എന്നാല്‍, അത്തരമൊരു ധാരണയില്‍ താല്‍പ്പര്യമില്ലെന്ന് എഎഫ്ഡി വ്യക്തമാക്കിയിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഞായറാഴ്ച ജര്‍മന്‍ ബ്രോഡ്കാസ്റ്ററായ എആര്‍ഡി പുറത്തുവിട്ട എക്‌സിറ്റ് പോള്‍ വിവരങ്ങള്‍ ഉദ്ധരിച്ച് എഎഫ്ഡി 44.5% വോട്ടുകള്‍ നേടി. ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സിന്റെ പാര്‍ട്ടിയായ മധ്യ-വലതുപക്ഷ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ നേടിയ 18.5% വോട്ടിന്റെ ഇരട്ടിയിലധികമാണിത്.പ്രതീക്ഷിച്ച ഈ വിജയം ചരിത്രപരമായ ഒരു നേട്ടമാണെന്ന് എഎഫ്ഡി പ്രധാന സ്ഥാനാര്‍ത്ഥി ഉള്‍റിച്ച് സീഗ്മണ്ട് വിശേഷിപ്പിച്ചു.’ഞങ്ങള്‍ എന്താണോ നേടാന്‍ ആഗ്രഹിച്ചത് അത് കൃത്യമായി കൈവരിച്ചു. ഈ സംസ്ഥാനത്ത് ഞങ്ങള്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു,’ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തതുപോലെ സീഗ്മണ്ട് പറഞ്ഞു.

ഈ വലിയ മുന്നേറ്റം വോട്ടര്‍മാര്‍ നല്‍കിയ വ്യക്തമായ ജനവിധിയാണെന്നും വിജയം ചരിത്രപരമാണെന്നും എഎഫ്ഡി സഹ-നേതാവ് ആലീസ് വീഡെലും അഭിപ്രായപ്പെട്ടു. ആഭ്യന്തര ഇന്റലിജന്‍സ് വിഭാഗം ‘തീവ്ര വലതുപക്ഷം’ എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ഒരു പാര്‍ട്ടിക്ക് 44 ശതമാനത്തോളം വോട്ട് ലഭിക്കുന്നത് ജര്‍മ്മനിയുടെ രാഷ്ട്രീയ സമവാക്യങ്ങളെ പൂര്‍ണ്ണമായി തിരുത്തിക്കുറിക്കുന്ന ഒന്നാണ്.

കടുത്ത ഇസ്ലാം വിരുദ്ധര്‍, കുടിയേറ്റ വിരുദ്ധര്‍

ജര്‍മനിയില്‍ ഒരു തീവ്രവലതുപക്ഷ പാര്‍ട്ടി ഒരു സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഇത്ര വലിയ മന്നേറ്റം നടത്തുന്നത് ഞെട്ടിക്കുന്നതാണ്. കുടിയേറ്റ വിരുദ്ധ നിലപാടുകളും സാമ്പത്തിക അസംതൃപ്തിയുമാണ് എഎഫ്ഡിയുടെ പ്രധാന പ്രചരണ വിഷയങ്ങള്‍. എന്നാല്‍ ഈ പാര്‍ട്ടിക്ക് വ്യക്തമായ വികസന പദ്ധതികള്‍ ഇല്ലെന്നും വിദ്വേഷ രാഷ്ട്രീയമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് എന്നുമാണ് എതിരാളികള്‍ ആരോപിക്കുന്നത്. പരമ്പരാഗത പാര്‍ട്ടിയായ സിഡിയുവിന് 18.4 ശതമാനം വോട്ടാണ് പിടിക്കാനായത്.

ജര്‍മ്മനിയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സി ഈ പാര്‍ട്ടിയെ തീവ്ര വലതുപക്ഷ തീവ്രവാദ സംഘടനയായി സംശയിക്കുന്ന വിഭാഗത്തില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തിയുള്ള പാര്‍ട്ടിയാണ് എഎഫ്ഡി. വിദേശത്തുനിന്നുള്ള കുടിയേറ്റങ്ങളെയും അഭയാര്‍ത്ഥി പ്രവാഹത്തെയും പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നു.ഇസ്ലാം മതം ജര്‍മ്മന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നാണ് ഇവരുടെ വാദം. പള്ളികളുടെ വിദേശ ധനസഹായം നിരോധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. യൂറോപ്യന്‍ യൂണിയന്റെ ) നയങ്ങളെയും യൂറോ കറന്‍സിയെയും ഇവര്‍ എതിര്‍ക്കുന്നു. തീവ്ര ദേശീയവാദികളായ ഇവര്‍ ജര്‍മ്മന്‍ സംസ്‌കാരത്തിനും പാരമ്പര്യത്തിനും പരമാധികാരത്തിനും ഇവര്‍ അമിത മുന്‍ഗണന നല്‍കുന്നു. റഷ്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്നും യുക്രെയ്‌നുള്ള സൈനിക സഹായം നിര്‍ത്തണമെന്നും ഇവര്‍ വാദിക്കുന്നു.

നവനാസികള്‍ എന്നുപോലും വിമര്‍ശിക്കപ്പെട്ടവരാണ് ഇവര്‍. നിയമപരമായ കാരണങ്ങളാല്‍ ഹിറ്റ്ലറെ പരസ്യമായി പിന്തുണയ്ക്കുന്നില്ലെങ്കിലും, പാര്‍ട്ടിക്കുള്ളിലെ പല നേതാക്കളും നാസി അനുഭാവമുള്ളവരാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു
ജര്‍മ്മനിയിലെ കര്‍ശനമായ നിയമങ്ങള്‍ അനുസരിച്ച് ഹിറ്റ്ലറെയോ നാസി ആശയങ്ങളെയോ പരസ്യമായി മഹത്വപ്പെടുത്തുന്നത് കുറ്റകരമാണ്. അതിനാല്‍ ഈ പാര്‍ട്ടി ഔദ്യോഗികമായി ഹിറ്റ്ലറെ അംഗീകരിക്കുന്നില്ല. പക്ഷേ പാര്‍ട്ടിയുടെ ചില പ്രമുഖ നേതാക്കള്‍ നാസി കാലഘട്ടത്തെ നിസ്സാരവല്‍ക്കരിച്ച് സംസാരിച്ചിട്ടുണ്ട്. ഹിറ്റ്ലറുടെ ഭരണകാലം ജര്‍മ്മന്‍ ചരിത്രത്തിലെ ഒരു ചെറിയ ‘ഈച്ചക്കാഷ്ഠം’ മാത്രമാണെന്ന് പാര്‍ട്ടിയുടെ മുന്‍ നേതാവ് അലക്‌സാണ്ടര്‍ ഗൗലാന്‍ഡ് പറഞ്ഞത് വലിയ വിവാദമായിരുന്നു.ഹിറ്റ്ലറുടെ ക്രൂരമായ നാസി സൈന്യത്തിലെ എല്ലാവരും കുറ്റവാളികളല്ലെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ മാക്‌സിമിലിയന്‍ ക്രാഹ് പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനയെത്തുടര്‍ന്ന് യൂറോപ്യന്‍ പാര്‍ലമെന്റിലെ മറ്റ് വലതുപക്ഷ സഖ്യങ്ങളില്‍ നിന്ന് പോലും എഎഫ്ഡിയെ പുറത്താക്കിയിരുന്നു.

Share This Article