ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് അപകടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

insight kerala

ദില്ലി: തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം കെട്ടിടം തകർന്നു വീണ് വൻ അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദുരന്തമുണ്ടായത്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ദില്ലി ഫയർ സർവീസും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. നിലവിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 5 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. ഡൽഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനിൽ വിദ്യാർത്ഥികൾ താമസിക്കുന്ന പേയിംഗ് ഗസ്റ്റ് (പി ജി) കെട്ടിടമാണ് തകർന്നുവീണത്. ഞായറാഴ്ചയായതിനാൽ ഭൂരിഭാഗം വിദ്യാർത്ഥികളും മുറികളിൽ തന്നെയുണ്ടായിരുന്നു. അപകടസമയത്ത് അൻപതോളം വിദ്യാർത്ഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായി പ്രദേശവാസിയായ ദൃക്‌സാക്ഷി വെളിപ്പെടുത്തി. നിലവിൽ പന്ത്രണ്ടോളം ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്താണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതിന്റെയും രക്ഷാപ്രവർത്തകർ അവരെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമീപവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ സ്ഥലത്ത് ഫയർ ഫോഴ്സും എൻ ഡി ആർ എഫും പോലീസും ചേർന്നുള്ള പരിശോധന തീവ്രമാക്കിയിരിക്കുകയാണ്.

Share This Article