കണ്ണൂർ . കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് എം.സി അതുലിന് നേരെ സിപി.എം ആക്രമം. കൂത്തുപറമ്പിൽ വെച്ചായിരുന്നു അക്രമം. അക്രമത്തിൽ അതുലിന് പരിക്ക്. സിപിഎം നേതാക്കൾക്കുള്ള പോലീസ് സുരക്ഷ ഉൾപ്പെടെയുള്ള വിഷയത്തിൽ കഴിഞ്ഞദിവസം അതുൽ പരാതി നൽകിയിരുന്നു. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിന് സമീപത്ത് വെച്ചായിരുന്നു അക്രമം.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെ വസതികളിൽ ഏർപ്പെടുത്തിയിരിക്കുന്ന പൊലീസ് സുരക്ഷയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് അതുൽ പരാതി നൽകിയത്. സംസ്ഥാനത്ത് പൊലീസ് സേനയിൽ അംഗബലം കുറവായ സാഹചര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സുരക്ഷാ വിന്യാസമെന്ന് ചൂണ്ടിക്കാട്ടിയാണ് എം.സി അതുൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയത്.
കണ്ണൂർ ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കളായ മുൻ സ്പീക്കർ എ.എൻ ഷംസീർ, ഇ.പി ജയരാജൻ, പി ജയരാജൻ എന്നിവർക്കും പ്രതിപക്ഷ നേതാവിനും നൽകുന്ന സുരക്ഷാ ക്രമീകരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്. പിണറായി വിജയൻ്റെ വസതിക്ക് മുന്നിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് കാവലിനായി നിയോഗിച്ചിട്ടുള്ളത്. പി ജയരാജന് നാലും എ.എൻ ഷംസീറിന് മൂന്നും ഇ.പി ജയരാജന് രണ്ടും പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഇത്രയും ഉദ്യോഗസ്ഥരെ വിന്യസിക്കാൻ തക്കവണ്ണമുള്ള സുരക്ഷാ ഭീഷണി ഈ നേതാക്കൾക്കുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. കൃത്യമായ ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെയോ ഔദ്യോഗിക വിലയിരുത്തലിൻ്റെയോ അടിസ്ഥാനത്തിലാണോ ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്.

