ന്യൂഡൽഹി: ജന്തർമന്തറിലെ സമരത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചെന്ന തുറന്നുപറച്ചിലിൽ അറസ്റ്റ് ആവശ്യപ്പെട്ട് സിജെപി. തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകനായ സ്വതന്ത്ര ഭരദ്വാജിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നാണ് സിജെപിയുടെ ആവശ്യം. ഭരദ്വാജിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സിജെപി സംഘം വെള്ളിയാഴ്ച ഡൽഹിയിലെ പൊലീസ് സ്റ്റേഷനിൽ എത്തും. സമരത്തിൽ പങ്കെടുത്ത നിഷു ആസാദും ആക്രമണത്തിനിരയായ നിഷുവിന്റെ അച്ഛൻ സഞ്ജയും സിജെപി നേതാക്കൾക്കൊപ്പമുണ്ടാകും. സിജെപി പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു.
അതിനിടെ, സംഭവത്തിൽ സിജെപി ആരോപണങ്ങളെല്ലാം തള്ളി ഡൽഹി പൊലീസ് രംഗത്തെത്തി. ജന്തർമന്തറിലെ സമരത്തിനിടെ ഗാസിയാബാദ് സ്വദേശിയായ സഞ്ജയ് കുമാറിനെ കൈവള കൊണ്ടാണ് ആക്രമിച്ചതെന്നും ഇദ്ദേഹത്തിന്റെ പരിക്ക് നിസ്സാരമായിരുന്നുവെന്നുമാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. ആർഎംഎൽ ആശുപത്രിയിലെ ഡോക്ടർമാർ സഞ്ജയ് കുമാറിനെ പരിശോധിച്ചിരുന്നു. അദ്ദേഹത്തിന്റെ പരിക്ക് നിസ്സാരമായിരുന്നു. തലയോട്ടിക്ക് പൊട്ടലുണ്ടായെന്നത് തെറ്റായ പ്രചാരണമാണ്. ഇതിന് യാതൊരു മെഡിക്കൽ റിപ്പോർട്ടുകളുടെയും പിൻബലമില്ല. ഇത്തരം വാദങ്ങൾ അടിസ്ഥാനരഹിതമാണ്. സംഭവവുമായി ബന്ധപ്പെട്ട് സ്വതന്ത്ര ഭരദ്വാജ്(21) സുരാജ് കുമാർ(24) എന്നിവരെ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. നിയമപ്രകാരം ഇവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യംചെയ്തു. ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരം ഇവർക്കെതിരേ കേസെടുത്തു. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിച്ചു
