പ്രതിപക്ഷ ഉപനേതൃപദവി വിവാദം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി സിപിഎം. ഉപനേതാവ് പദവി തൽക്കാലം ഒഴിച്ചിടാൻ ആണ് ധാരണ. സിപിഐ കേന്ദ്ര നേതൃയോഗവും ഇക്കാര്യം ചർച്ച ചെയ്തു. യുഡിഎഫിലേക്കുള്ള ലീഗിന്റെ ക്ഷണത്തിൽ, ലീഗിന് എന്ത് വേണമെങ്കിലും പറയാമെന്നും തീരുമാനമെടുക്കേണ്ടത് സിപിഐ ആണെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
ഉപ നേതൃപദവി ആവശ്യപ്പെട്ട് സിപിഐ നിലപാട് കടുപ്പിക്കുമ്പോഴാണ് മുന്നണിക്കുള്ളിലെ പൊട്ടിത്തറിയും വിവാദങ്ങളും ഒഴിവാക്കാൻ സിപിഎം പുതിയ ഫോർമുല മുൻപോട്ട് വച്ചത്.
പ്രതിപക്ഷ ഉപനേതാവ് പദവി തൽക്കാലം ആരും ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. ഇക്കാര്യം സിപിഐയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ സിപിഐ കേന്ദ്ര നേതൃയോഗം വിഷയം ചർച്ച ചെയ്തു.
പദവി വിട്ടുനിൽക്കാൻ സിപിഎം തയ്യാറാകാത്തതോടെ വിവാദങ്ങൾ അവസാനിപ്പിക്കാൻ പുതിയ ഫോർമുല സിപിഐ അംഗീകരിക്കാൻ ആണ് സാധ്യത. സിപിഐ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ കാര്യങ്ങൾ വിശദമായി ധരിപ്പിച്ചിരുന്നു. മുന്നണി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉൾപ്പെടെ കടുത്ത നിലപാടിലേക്ക് തൽക്കാലം പോകേണ്ടതാണ് കേന്ദ്ര നേതൃത്വത്തിന്റെയും നിലപാട്. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച വിഷയത്തിൽ ലീഗിന് എന്തുവേണമെങ്കിലും പറയാമെന്നും തീരുമാനമെടുക്കേണ്ടത് സിപിഐ ആണെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. എൽഡിഎഫ് രൂപീകരിച്ചത് സിപിഐ ആണെന്നും, എൽഡിഎഫിന് കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്. ലീഗ് ലീഗിന്റെ കാര്യം മാത്രം നോക്കിയാൽ മതി എന്നായിരുന്നു സന്തോഷ് കുമാർ എംപിയുടെ പ്രതികരണം.
