തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കാണാതായി എട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവുമില്ലാതെ വന്നതോടെ, കൈക്കുഞ്ഞുങ്ങളുമായി തീരത്ത് അലമുറയിട്ട് കരയുകയാണ് കുടുംബം. ഫിഷറീസ് മന്ത്രി തിരിഞ്ഞു നോക്കിയില്ല എന്നും സർക്കാറിന്റെ അനാസ്ഥയും ആരോപിച്ച് മണിക്കൂറുകളായി നടുറോട്ടിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ബന്ധുക്കൾ. ഒടുവിൽ മന്ത്രി സി പി ജോൺ സംഭവസ്ഥലത്ത് എത്തി ബന്ധുക്കളുമായി ചർച്ച നടത്തുകയാണ്.
ഭാര്യ സ്റ്റിജിയും, ഹൃദയസംബന്ധമായ അസുഖ ബാധിതനായ നാലു വയസ്സുകാരന് എബ്രിനും രണ്ട് വയസ്സുകാരനായ റാഫേലും അടങ്ങുന്ന കുടുബം കോസ്റ്റല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് കൂറ്റന്‍ തിരയിലും കാറ്റിലും പെട്ട് വള്ളം മറിഞ്ഞ് ഷിജിനെ കാണാതാകുന്നത്. പുത്തന്‍മണ്ണ് ലക്ഷംവീട് സ്വദേശി ജോസിന്റെ വള്ളത്തില്‍ മീന്‍പിടിക്കാന്‍ പോയ നാലംഗ സംഘത്തില്‍ നിന്ന് ബോട്ടുടമ ജോസും സ്മിത്തും മാത്രമാണ് രക്ഷപ്പെട്ടത്. അഴിമുഖ മുനമ്പില്‍ വെച്ച് അപകടമുണ്ടായപ്പോള്‍ അവിടെയുണ്ടായിരുന്ന കോസ്റ്റല്‍ പോലീസ് വെറും രണ്ട് ലൈഫ് ബോയ നല്കി മത്സ്യത്തൊഴിലാളികളോട് തന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പറഞ്ഞ് കൈമലര്‍ത്തുകയായിരുന്നു.

