ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മുൻ പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെ വീണ്ടും പൊലീസ്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുമ്പോഴാണ് ഗീനാകുമാരിക്കെതിരെ പൊലീസ് രംഗത്ത് വന്നത്. പ്രതികളെ സംരക്ഷിക്കുന്ന നിലപാട് മുൻ പ്രോസിക്യൂട്ടർ സ്വീകരിച്ചു എന്ന് പോലീസിന് വേണ്ടി ഹാജരായ സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. ഗീന കുമാരി കോടതിയെ തെറ്റിദ്ധരിപ്പിച്ചു. അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്ന കേസിൽ അന്വേഷണം അവസാനിപ്പിച്ചു എന്നാണ് ഗീനാകുമാരി കോടതിയെ അറിയിച്ചത്. പ്രതികൾ ചെയ്തത് ഗൗരവമേറിയ കുറ്റം ആണെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. കേസിൽ 10 പ്രതികളുടെ ജാമ്യ ഹർജിയാണ് പരിഗണിക്കുന്നത്.
