വിഴിഞ്ഞം തുറമുഖത്തിൽ അദാനിയുടെ ഓഹരി കൈമാറ്റത്തിൽ പ്രതിഷേധം ശക്തമാകുമ്പോൾ നിയമ ഉപദേശം തേടാൻ ഒരുങ്ങുകയാണ് സർക്കാർ. നിലവിൽ വിദഗ്ധ പഠനത്തിന് ഉന്നത അധികാര സമിതിയെ നിയമിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിയമപരമായ തുടർ നീക്കങ്ങൾക്കായി സർക്കാർ നിയമോപദേശം തേടുകയാണ്. അനുമതി തേടിയുള്ള അദാനി ഗ്രൂപ്പിൻറെ കത്ത് കഴിഞ്ഞദിവസമാണ് സർക്കാറിന് മുന്നിലെത്തിയത്. അനുമതി ഉടനടി നൽകേണ്ടതില്ല എന്നാണ് സർക്കാറിന്റെ തീരുമാനം. കൃത്യമായി ആലോചിച്ച ശേഷം മാത്രമേ തുടർ നീക്കങ്ങൾ നടത്തുകയുള്ളൂ. സംസ്ഥാന താൽപര്യം സംരക്ഷിച്ചും വിദേശനിക്ഷേപത്തിന്റെ നിയമാവലി കൃത്യമായി പരിശോധിച്ചും മാത്രമേ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ വ്യക്തമാക്കിയതാണ്. എന്നാൽ പ്രതിപക്ഷം സർക്കാരിനെതിരെ അദാനിയുടെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് ആരോപണമുയർത്തുമ്പോൾ കരുതലോടെ നീങ്ങാനാണ് മുഖ്യമന്ത്രി തയ്യാറെടുക്കുന്നത്.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പാണ് തുറമുഖവും നിയമവും. അതുകൊണ്ടുതന്നെ അനുമതി നൽകുമ്പോൾ സ്വാഭാവികമായും പ്രതിപക്ഷം വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിക്കുന്ന നേരെ തന്നെയാകും. ഇപ്പോൾ തന്നെ വിഷയത്തിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് പ്രതിപക്ഷം . മുഖ്യമന്ത്രിയുടെ ബംഗളൂരു യാത്രയും അദാനി പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയും വിവാദമായി കഴിഞ്ഞു. അതിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ആണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതിനാൽ ജാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യാൻ തുറമുഖ വകുപ്പ് മന്ത്രി കൂടിയായ വി ഡി സതീശൻ തയ്യാറെടുക്കുന്നത്.

