തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതി ഹരിഷ് കുമാറിന് ജാമ്യം നൽകിയത് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ആയിരുന്നു. ആ വിധിക്കെതിരെ അതേ കോടതിയിൽ തന്നെ ഹജ്ജി നൽകിയിരിക്കുകയാണ് പോലീസ്. ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. ശരിയായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അല്ല ജാമ്യം നൽകിയതും അതിനാൽ ജാമ്യം റദ്ദ് ചെയ്യണമെന്നുമാണ് പോലീസ് ആവശ്യപ്പെടുന്നത്. BNS 389( 3 ) പ്രകാരം തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു പ്രതിക്ക് ജാമ്യം നൽകിയതെങ്കിൽ അത് റ്ട്ട് ചെയ്യാൻ അതേ കോടതിക്ക് അധികാരം നൽകുന്നതാണ് ഈ വകുപ്പ്.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി തിങ്കളാഴ്ച വിശദമായ വാദം കേൾക്കും . കേസിൽ ഇഡിയെ കക്ഷി ചേരാനും കോടതി അനുവദിച്ചിട്ടുണ്ട്. ജില്ലാ സെഷൻസ് കോടതിയുടെ വിധികെതിരെ ഇ ഡി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുമുണ്ട്. ഹൈക്കോടതിയിൽ ഇഡിയുടെ നീക്കം നടക്കുമ്പോഴാണ് സെഷൻസ് കോടതി കക്ഷിചേരാൻ ഇഡിക്ക് അനുമതി നൽകിയത്.
കേസിൽ പ്രതികളുടെ ഫോണുകൾ പരിശോധിച്ചുവെന്നും ഗൂഢാലോചനയുടെ തെളിവുകൾ ഇല്ല എന്നും പോലീസ് അറിയിച്ചു. എന്നാൽ വിശദമായ തെളിവുകൾക്കായി ഫോറൻസിക് പരിശോധന വേണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നിലവിൽ വാഹനം ആക്രമിച്ച മൂന്ന് പ്രതികൾ ഉൾപ്പെടെ 20 പേർ ഇപ്പോഴും ഒളിവിലാണ്. അതിനിടെ കേസിലെ പന്ത്രണ്ടാം പ്രതി ലെനിൻ രാജിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. ഈ ഹർജിയും തിങ്കളാഴ്ച വിശദമായ വാദം കേൾക്കാനാണ് മാറ്റിയത്.

