ധര്‍മ്മസ്ഥല ഗൂഢാലോചന കേസില്‍ അന്വേഷണം നേരിടുന്നു; ഇപ്പോള്‍മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടര്‍ ഐഡികളുണ്ടെന്ന കേസില്‍ വാറന്റ്; നടന്‍ പ്രകാശ് രാജ് കുരുക്കിലേക്കോ?

insight kerala

എം മാധവദാസ്

മോദി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനാണ് നടന്‍ പ്രകാശ്‌രാജ്. സംഘപരിവാറിന്റെയും നിരന്തര വിമര്‍ശകന്‍ കുടിയായ അദ്ദേഹം ഒരു ഇടതുപക്ഷ ആക്റ്റീവിസ്റ്റ് എന്ന നിലയില്‍പോലും വിലയിരുത്തപ്പെടാറുണ്ട്. അതുകൊണ്ടുതന്ന പ്രകാശ്‌രാജിനെ ലക്ഷ്യംവെച്ച് ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത്. അടുത്തകാലത്തായി രണ്ടു പ്രധാന കേസുകളിലാണ് പ്രകാശ് രാജിന്റെ പേരില്‍ അന്വേഷണം നടക്കുന്നത്. കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥക്ഷേത്രത്തെ അപമാനിക്കാനുണ്ടാക്കിയ വ്യാജ കേസിലെ ഗൂഢാലോചനയാണ് ആദ്യത്തേത്. ഇതില്‍ 200 കോടി നല്‍കാമെന്ന് പറഞ്ഞ ആരോപണമാണ് നടനെതിരെയുള്ളത്. അതിനിടെയാണ്, 4 വോട്ടര്‍ ഐഡികളുണ്ടെന്ന് ആരോപിച്ചു പരാതി വരുന്നത്. ഈ കേസില്‍, തുടര്‍ച്ചയായി ഹാജരാവാത്തത്തിനെ തുടര്‍ന്ന് കോടതി നടന് വാറന്റ് പുറപ്പെടുവിച്ചിരിക്കയാണ്.

മൂന്ന് തവണ സമന്‍സ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടര്‍ന്നാണിത്. ബെംഗളൂരുവിലെ ശാന്തിനഗര്‍, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്‌നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് 4 വോട്ടര്‍ ഐഡികളുണ്ടെന്ന് ആരോപിച്ചു ശേഷാദ്രിപുരം സ്വദേശി കെ.ദിലീപ് കുമാറാണ് പരാതി നല്‍കിയത്. വേളാച്ചേരിയില്‍ രണ്ടു വോട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.കേസ് പരിഗണിച്ച ് എസിജെഎം കോടതി, പ്രതിയായ പ്രകാശ് രാജിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പലതവണ സമന്‍സുകള്‍ അയച്ചിരുന്നു. എന്നാല്‍, കോടതി നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് കോടതി കടുത്ത നടപടിയിലേക്ക് കടന്നത്. രണ്ടുവട്ടം നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്ത സാഹചര്യത്തില്‍, മൂന്നാം തവണയും അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ധര്‍മ്മസ്ഥലയില്‍ ഗൂഢാലോചന?

ധര്‍മ്മസ്ഥല വ്യാജാരോപണക്കേിലെ പ്രതിയായി അറസ്റ്റിലായ, ക്ഷേത്രത്തിലെ മുന്‍ ശുചീകരണത്തൊഴിലാളി ചിന്നയ്യ, കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മൊഴിയിലാണ് പ്രകാശ്‌രാജിനെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ പ്രശസ്തി തകര്‍ക്കാനും ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്‌ഡെയെ കുടുക്കാനും കേരളത്തില്‍ നിന്ന് 200 കോടി രൂപയുടെ ഗൂഢാലോചന നടന്നുവെന്നും പ്രകാശ് രാജിന് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ചിന്നയ്യ മൊഴി നല്‍കിയിരുന്നു. ആക്ടിവിസ്റ്റായ ഗിരീഷ് മട്ടന്നവര്‍ പറയുന്നതനുസരിച്ച് മൊഴി നല്‍കാന്‍ പ്രകാശ് രാജ് തന്നോട് ആവശ്യപ്പെട്ടു. പ്രകാശ് രാജ് തന്നോട് തമിഴില്‍ സംസാരിച്ചുവെന്നും പദ്ധതി വിജയിച്ചാല്‍ ആക്ടിവിസ്റ്റുകള്‍ 50 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും ഹരജിയിലുണ്ട്. കേസിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ’29-ാം തീയതി ഞാന്‍ നേരിട്ടെത്തി നിന്നെ കെട്ടിപ്പിടിക്കും’ എന്ന് പ്രകാശ് രാജ് തന്നോട് പറഞ്ഞതായി ചിന്നയ്യ പറയുന്നുണ്ട്. ഇതോടെയാണ് കേസിന്റെ ഗൂഢാലോചനയില്‍ പ്രകാശരാജിന്റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് ബംഗലൂരു പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രകാശ് രാജ് ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. താന്‍ ജീവിതത്തില്‍ ഒരിക്കലും ധര്‍മ്മസ്ഥല സന്ദര്‍ശിച്ചിട്ടില്ലെന്നും അവിടുത്തെ ഭരണസമിതിയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മുന്‍ പോലീസ് ഉദ്യോഗസ്ഥനും ആക്ടിവിസ്റ്റുമായ ഗിരീഷ് മട്ടന്നവര്‍ വഴി ചിന്നയ്യ തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്് പ്രകാശ് രാജ് സമ്മതിച്ചു. ചിന്നയ്യ തമിഴിലാണ് സംസാരിച്ചതെന്നും, നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചിന്നയ്യയെ നേരിട്ട് കാണാന്‍ താന്‍ വിസമ്മതിച്ചു.

കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഉള്ളതിനാല്‍ വിവരങ്ങള്‍ അവര്‍ക്ക് നല്‍കാനാണ് താന്‍ നിര്‍ദ്ദേശിച്ചതെന്നും പ്രകാശ് രാജ് വ്യക്തമാക്കി. തുടര്‍ന്ന് ചിന്നയ്യ അയച്ച വോയ്സ് റെക്കോര്‍ഡിംഗില്‍ സംശയം തോന്നിയ പ്രകാശ് രാജ്, അത് ഉടന്‍ തന്നെ തന്റെ അഭിഭാഷകന്‍ വഴി എസ്ഐടി തലവനായ പ്രണബ് മൊഹന്തി ഐപിഎസിന് കൈമാറുകയാണ് ചെയ്തത്. 200 കോടി രൂപയുടെ ആരോപണത്തില്‍ ചിന്നയ്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടന്‍ വ്യക്തമാക്കി.

സംശയങ്ങള്‍ ബാക്കി

പക്ഷേ അപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്. ഒരു ബന്ധവുമില്ലാത്ത കേസില്‍ എന്തിനാണ് ഇവര്‍ എന്തിനാണ് നടനെ വിളിക്കുന്നത് എന്ന് വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ഒരു ആക്റ്റീവിസ്റ്റുകൂടിയായതുകൊണ്ട് കേസില്‍ സഹായം തേടിയതാവണം എന്നാണ് വിലയിരുത്തല്‍. എന്തായാലും ചിന്നയ്യയ്യുടെ മൊഴി പുറത്തായതോടെ അന്വേഷണം പ്രകാശ്‌രാജിലേക്ക് കൂടി നീളുകയാണ്.

ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രോഡ് എന്നാണ് ധര്‍മ്മസ്ഥല ക്ഷേത്രവുമായി ബന്ധപ്പെട്ട് വന്ന കൂട്ടസംസ്‌ക്കാര ആരോപണം ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത്. മൂന്‍ ശുചീകരണത്തൊഴിലാളിയായ ചിന്നയ്യ താന്‍ ഇവിടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ അധികൃതരുടെ നിര്‍ദേശപ്രകാരം അടക്കി എന്ന് പറഞ്ഞ് ഒരു അസ്ഥികൂടവുമായി നേരെ പൊലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. ചിന്നയ്യയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്, അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ കേസ് അന്വേഷിക്കാന്‍ പ്രത്യേക ടീമിന് രൂപം കൊടുത്തത്. പക്ഷേ അരക്കോടിയോളം ധര്‍മ്മസ്ഥയിലെയും പരിസര പ്രദേശങ്ങളിലെയും വനമേഖലയില്‍ മുടക്കി കൂഴിച്ചിട്ടും ഇവിടെനിന്ന് ഏതാനും അസ്ഥികള്‍ മാത്രമാണ് കിട്ടിയത്. ഇതോടെയാണ് ചിന്നയ്യ അറസ്റ്റിലായത്.

ധര്‍മ്മസ്ഥല കേസില്‍ ഒരു വിശദീകരണമെങ്കിലും നടന്റെ ഭാഗത്തുനിന്ന് ഉണ്ടായി. എന്നാല്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡ് കേസില്‍ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share This Article