കശുവണ്ടി ഇറക്കുമതി അഴിമതിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. നേരത്തെ ഹാജരാകാൻ പറഞ്ഞിരുന്നുവെങ്കിലും ബജറ്റുമായി ബന്ധപ്പെട്ട് തിരക്കായതിനാൽ ഹാജരാകാൻ ആകില്ല എന്ന് മുഹമ്മദ് ഹനീഷ് അറിയിച്ചിരുന്നു. തുടർന്ന് അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കും എന്ന് കോടതി അറിയിച്ചതിനെ തുടർന്നാണ് മുഹമ്മദ് ഹനീഷ് ഇന്ന് ഹാജരായത്. കേസിൽ വ്യവസായ വകുപ്പ് സെക്രട്ടറിയെ കക്ഷി ചേർത്തിരുന്നു.
വിദേശത്തുനിന്ന് അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ 500 കോടിയുടെ അഴിമതി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ ആർ.ചന്ദ്രശേഖർ, എംഡി കെ.എ രതീഷ് ഐഎഎസിനെയും വിചാരണ നടത്താൻ അനുമതി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് നടപ്പാക്കാത്തതിനാണ് മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. അഴിമതി കണ്ടെത്താൻ തനിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ നൽകിയിരുന്ന വിശദീകരണം. എന്നാൽ സിബിഐ അഴിമതി കണ്ടെത്തിയ ഒരു കേസിൽ എങ്ങനെയാണ് അഴിമതി നടന്നിട്ടില്ല എന്ന് ഒരു ഉദ്യോഗസ്ഥന് പറയാനാവുക എന്ന് ചോദിച്ചാണ് ഹൈക്കോടതി വിമർശനമുയർത്തിയത്.

