കെ വി നിരഞ്ജന്‍
കൊച്ചി: കേരളം കേന്ദ്രീകരിച്ച് നടന്ന ലവ് ജിഹാദിനെക്കുറിച്ചും, ഐസിസ് റിക്രൂട്ട്‌മെന്റിനെ കുറിച്ചുമൊക്കെയുള്ള കഥകളുമായി ഇറങ്ങിയ ‘ദ കേരളാ സ്‌റ്റോറി’ എന്ന സിനിമ ഒരു പ്രൊപ്പഗന്‍ഡ എന്ന് പറഞ്ഞ് തള്ളിയവരാണ് നാം. എന്നാല്‍ കേരളാ സ്‌റ്റോറി സിനിമയില്‍ പറയുന്ന രീതിയില്‍, ജോലിക്കെത്തിയ ഒരു യുവതിയെ പ്രണയത്തിന്റെ പേരില്‍ മതംമാറ്റിയതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത്. പ്രമുഖ സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ ‘കോയ കോളിങ്’ എന്ന ലൈവ് ഫോണ്‍ ഇന്‍ ഷോയിലേക്ക് എത്തിയ ഒരു മലയാളി യുവതിയുടെ ഫോണ്‍ കോളാണ് ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സംഭവത്തില്‍ ഇപ്പോള്‍ എന്‍ഐഎയും സ്‌പെഷ്യല്‍ ബ്രാഞ്ചും അടക്കമുള്ള ഏജന്‍സികള്‍ പരിശോധിച്ച് വരികയാണ്.
ലൗ ജിഹാദ് കേരളത്തിലും
ഇസ്ലാമിലേക്ക് മതപരിവര്‍ത്തം നടത്തിയ യുവതിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആരിഫിന്റെ വീഡിയോ. യഥാര്‍ഥ നാമം മറച്ചുവെച്ച് ‘ആയിഷ’ എന്ന പേരിലൂടെ യുവതി നടത്തിയ വെളിപ്പെടുത്തലുകള്‍ നടുക്കുന്നതായിരുന്നു. തന്റെ പഴയ പേര് വെളിപ്പെടുത്തിയാല്‍ വീട്ടുകാര്‍ താന്‍ എവിടെയാണെന്ന് കണ്ടുപിടിക്കുമെന്ന ഭയത്താലാണ് ആയിഷ എന്ന പുതിയ പേരില്‍ യുവതി സംസാരിച്ചത്. മതം മാറി ചെന്നെത്തിയ താന്‍ ഇപ്പോള്‍ പര്‍ദ്ദയ്ക്ക് അകത്തുമല്ല പുറത്തുമല്ല എന്ന രീതിയില്‍ ഒരു ‘തൃശങ്കു സ്വര്‍ഗ്ഗത്തില്‍’ പെട്ടുപോയ അവസ്ഥയിലാണെന്ന് യുവതി പറയുന്നു.
ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ ഇസ്ലാമിക വിമര്‍ശന വീഡിയോകള്‍ കാണാന്‍ തുടങ്ങിയിട്ട് വെറും രണ്ടു മൂന്ന് ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ എന്ന് ആയിഷ വ്യക്തമാക്കുന്നു. ‘ഈ കാര്യങ്ങളൊക്കെ ഞാന്‍ മുന്നേ കണ്ടിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഇസ്ലാം ആകില്ലായിരുന്നു. ഇതൊക്കെ കേട്ടപ്പോള്‍ എനിക്ക് ഒന്ന് ഉറക്കെ ഒച്ചവെച്ച് കരയാനാണ് തോന്നിയത്,’ എന്ന് യുവതി ലൈവില്‍ തുറന്നുപറഞ്ഞു.
തന്റെ കൂടെയുള്ള സുഹൃത്തുക്കളും മറ്റും നോമ്പ് നോല്‍ക്കുന്നതും ഇസ്ലാമിനെക്കുറിച്ച് പറയുന്നതും കേട്ടാണ് താന്‍ ആകര്‍ഷിക്കപ്പെട്ടത്. മറ്റുള്ളവരോട് നന്നായി പെരുമാറുക, നല്ല രീതിയില്‍ ജീവിക്കുക തുടങ്ങിയ ചില നല്ല കാര്യങ്ങള്‍ മാത്രമാണ് തന്നെ വിശ്വസിപ്പിച്ചിരുന്നതെന്നും, എന്നാല്‍ ഖുര്‍ആനിലും ഇസ്ലാമിക ഗ്രന്ഥങ്ങളിലും അടങ്ങിയിരിക്കുന്ന യഥാര്‍ത്ഥ കാര്യങ്ങള്‍ ആരും തനിക്ക് പറഞ്ഞുതന്നിരുന്നില്ലെന്നും യുവതി വെളിപ്പെടുത്തുന്നു. ആലുവയില്‍ അവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ എല്ലാവരും ഒരുപോലെ ഇസ്ലാമിനെ പ്രൊമോട്ട് ചെയ്യുന്നവര്‍ ആയിരുന്നു. ഇവര്‍ സംഘടിതമായി യുവതിയെ അവര്‍ അറിയാതെ ബ്രയിന്‍വാഷ് ചെയ്യുകയായിരുന്നു. ഈ സ്ഥാപനത്തിലെ ഒരു മുസ്‌ലീമുമായി യുവതി പ്രണയത്തിലാവുന്നു. തുടര്‍ന്ന് അവരുടെ വീട്ടില്‍ എളുപ്പത്തില്‍ അംഗീകരിക്കപ്പെടുമല്ലേ എന്ന് കരുതിയാണ് അവര്‍ മതം മാറാന്‍ തീരുമാനിച്ചത്.

മഞ്ചേരി സത്യസരണിയില്‍
മഞ്ചേരി സത്യസരണിയിലേക്കാണ് അവളെ മതംമാറ്റാന്‍ കൊണ്ടുപോയത്. കലിമ ചൊല്ലിയതിനുശേഷം അവിടെ രണ്ടുമാസത്തെ ക്ലാസുമുണ്ട്. ഇതില്‍ അന്വമതങ്ങള്‍ക്കെതിരായ വെറുപ്പും, ഇസ്ലാമിന്റെ മേന്‍മയും കുത്തിവെക്കുന്നു. ദിനം പ്രതി ഒരുപാട് ആളുകള്‍ ഇവിടെ മതംമാറാന്‍ എത്തുന്നു. ഇവരില്‍ ഏറെയും വിവാഹത്തനായാണ് വരുന്നത്. അതായത് പ്രണയം തന്നെയാണ് ഇന്നം മതംമാറ്റത്തിന്റെ അടിസ്ഥാനമെന്ന് ആയിഷ സ്വന്തം അനുഭവംകൊണ്ട് സമ്മതിക്കുന്നു.
പൊന്നാനിയില്‍ മതംപഠിക്കാന്‍ പോയവര്‍ അവിടെയുണ്ടായഞെട്ടിക്കുന്ന അനുഭവങ്ങള്‍ പറയുന്നതും യുവതി വെളിപ്പെടുത്തുന്നുണ്ട്. മതം പഠിക്കാന്‍ കൊണ്ട് നിര്‍ത്തുമ്പോള്‍, പിരിയഡ്‌സ് ആയാല്‍ കാണിച്ചു കൊടുക്കണം എന്ന അവസ്ഥ പോലും നേരിട്ടു എന്നാണ് അവര്‍ വെളിപ്പെടുത്തിയത്. നിസ്‌കരിക്കാതെ ഇരിക്കാന്‍ ഉള്ള അടവാണോ എന്ന് അറിയാന്‍ വേണ്ടിയാണെന്നും യുവതി വെളിപ്പെടുത്തി. ഇനി ഇങ്ങനെ മതംമാറിയശേഷം, വിവാഹിതയായ ആയിഷക്ക് കടുത്ത ദുരനുഭവങ്ങളാണ് ഭര്‍തൃവീട്ടില്‍നിന്ന് അനുഭവിക്കേണ്ടി വന്നത്. ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലം അവള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഒടുവില്‍ മനസിന്റെ സമനില തെറ്റി. ആ സമയത്ത്, തന്നെ ഉപേക്ഷിച്ചുപോവുകയാണ് ഭര്‍തൃവീട്ടുകാര്‍ ചെയ്തതെന്നും ഇപ്പോള്‍ ഒറ്റക്ക് താമസിക്കുന്ന യുവതി വെളിപ്പെടുത്തി.
കടുത്ത മതനിയമങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും കുറിച്ച് ബോധ്യപ്പെട്ടതോടെ ഈ തടവറയില്‍ നിന്നും എങ്ങനെ രക്ഷപ്പെടണം എന്ന ആലോചനയിലാണ് യുവതിയെന്നാണ് വീഡിയോയില്‍ വെളിപ്പെടുത്തുന്നത്. ഫോണ്‍ കോളിന്റെ ഒടുവില്‍, തനിക്ക് പഴയ മതത്തിലേക്ക് തന്നെ തിരികെ പോകണമെന്നും അതിനായി എന്തുചെയ്യണമെന്നും യുവതി ചോദിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന്, മതം മാറി പ്രതിസന്ധിയിലാകുന്നവര്‍ക്ക് കൗണ്‍സിലിംഗും സഹായവും നല്‍കുന്ന കോഴിക്കോട്ടെ ‘ആര്‍ഷവിദ്യാ സമാജം’ എന്ന സംഘടനയുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടാന്‍ അവതാരകനായ ആരിഫ് ഹുസൈന്‍ തെരുവത്ത് യുവതിക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ട്. അവര്‍ യുവതിയെ ഈ അവസ്ഥയില്‍ നിന്നും തിരികെ വരാന്‍ കൃത്യമായി സഹായിക്കുമെന്നും, നിലവിലുള്ള ജോലി പോയാലും വേറെ ജോലി നോക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.
അതേസമയം യുവതിയുടെ ഫോണ്‍വിളി പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വിഷയം ചര്‍ച്ചയായിട്ടുണ്ട്. ഇതോടെയാണ് വിഷയത്തില്‍ എന്‍ഐഎ അടക്കമുള്ളവര്‍ ഇടപെടുന്നത്. ഇപ്പോള്‍ എന്‍ഐഎയുടെ കൊച്ചി യൂണിറ്റ് വിഷയം അന്വേഷിച്ച് വരികയാണ്.

