സിറിയില്‍ എത്തിയാര്‍ അവര്‍ ഭീകരരുടെ മൊത്തം ഭാര്യമാര്‍; 18-ാം വയസ്സില്‍ മാത്തമാറ്റിക്സ് അധ്യാപകനെ വിവാഹം ചെയ്തു; അയാള്‍ ഭീകരനാണെന്ന് അറിഞ്ഞിരുന്നില്ല; ഐസിസ് വധു മറിയം റാഡിന്റെ ദയനീയ കഥ

insight kerala

എം മാധവദാസ്

ലോകത്തിന്റെ കണ്ണീരാണ് ഐസിസ് വിധവകള്‍ എന്നും ഐസിസ് വധുക്കള്‍ എന്നും പറയുന്ന, ബന്ദികളാക്കപ്പെട്ട സ്ത്രീകള്‍. ഇറാഖിലും സിറിയയിലും പ്രവര്‍ത്തിച്ചിരുന്ന ഐസിസ് എന്ന ഭീകര സംഘടനയിലേക്ക് ഭര്‍ത്താക്കന്‍മ്മാര്‍ വഴി എത്തിയ സ്ത്രീകളെയാണ് ഐസിസ് വധുക്കള്‍ എന്ന് വിളിക്കുന്നത്. അമേരിക്കയും ബ്രിട്ടനും തൊട്ട് കേരളംവരെ എത്തിനില്‍ക്കുന്നതാണ് ഇവരുടെ വേരുകള്‍. എല്ലാവരുടെയും മോഡസ് ഓപ്പറന്‍ഡി ഒന്നായിരുന്നു.

സമൂഹമാധ്യമങ്ങള്‍ വഴിയോ മറ്റ് ഓണ്‍ലൈന്‍ വഴികളോ ആണ് ഇവര്‍ പ്രധാനമായും റിക്രൂട്ട് ചെയ്യപ്പെട്ടത്. പലരെയും പ്രണയം നടിച്ച് മതം മാറ്റി വിവാഹം കഴിപ്പിക്കും. ഇവരുടെ പങ്ക് കേവലം ഗാര്‍ഹിക ജീവിതത്തില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. ഭീകര സംഘടനയില്‍ അംഗങ്ങളായതിനു പുറമേ, ഐസിസിനു വേണ്ടി പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാനും, സമൂഹത്തില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്ന ‘മോറല്‍ പോലീസിങ്’ പ്രവര്‍ത്തനങ്ങള്‍ നടത്താനും, ആയുധ പരിശീലനം നേടാനും ഇവര്‍ മുന്നില്‍ നിന്നിരുന്നു. ഇതില്‍ ചിലരുടെ സ്ഥിതി അതി ദയയീയമായിരുന്നു. ഐസിസുകാര്‍ ഇവരെ ലൈംഗിക അടിമകളാക്കി ഉപയോഗിച്ചിരുന്നു! അതായത് ഭര്‍ത്താവ് എന്നത് വെറും റബ്ബര്‍സ്റ്റാമ്പ് മാത്രമായിരുന്നു. ഭീകരന്‍മ്മാര്‍ക്ക് കാമപ്പേക്കൂത്തിനുള്ള അടിമകള്‍ മാത്രമായിരുന്നു അവര്‍.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഐസിസിന്റെ തകര്‍ച്ചയ്ക്കും, ഭര്‍ത്താക്കാന്‍മ്മാര്‍ ഒന്നൊന്നായി കൊല്ലപ്പെട്ടതിനുംശേഷം, ഇവരില്‍ ഭൂരിഭാഗം പേരും സിറിയയിലെയും ഇറാഖിലെയും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തടവിലാക്കപ്പെടുകയുണ്ടായി. ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 8,500 വിദേശ പൗരന്മാര്‍ സിറിയയില്‍ ഉണ്ടെന്നാണ് കണക്ക്. മാതൃരാജ്യത്തേക്ക് തിരിച്ചുവരാനുള്ള ഇവരുടെ ശ്രമങ്ങള്‍ എല്ലാവരും ഒരുപോലെ എതിര്‍ക്കയാണ്. ഇനി തിരിച്ചുവന്നാലും ഇവര്‍ക്ക് ദയനീയ ജീവിതമാണ്. അതിന് ഒരു ഉദാഹരണമാണ് മറിയം റോഡ് എന്ന ഓസ്ട്രലിയക്കാരിയുടെ കഥ.

ഭര്‍ത്താവിനെ വിശ്വസിച്ചതിന്റെ പേരില്‍

സിഡ്നിയില്‍ താമസിച്ചിരുന്ന മറിയം റാഡ് തന്റെ 18-ാം വയസ്സില്‍ മുഹമ്മദ് സഹാബ് എന്ന മാത്തമാറ്റിക്സ് അധ്യാപകനെ വിവാഹം കഴിക്കയായിരുന്നു. ആ സമയത്ത് അവര്‍ക്ക് അയാളെക്കുറിച്ച് കുടുതല്‍ അറിയുമായിരുന്നില്ല. ഈ മുഹമ്മദ് സഹാബ് പിന്നീട് ഓസ്‌ട്രേലിയയിലെ ഐസിസിന്റെ ഏറ്റവും പ്രധാനപ്പെട്ട റിക്രൂട്ടര്‍മാരില്‍ ഒരാളായി മാറുകയും, ഇസ്ലാമിക് സ്റ്റേറ്റിന്റെ മിലിട്ടറി വിഭാഗത്തില്‍ ഉയര്‍ന്ന പദവി നേടുകയും ചെയ്തു. 2013-ല്‍ മുഹമ്മദ് സഹാബ് ഓസ്‌ട്രേലിയ വിട്ട് സിറിയയിലേക്ക് പോയി. തൊട്ടടുത്ത വര്‍ഷം, മറിയം റാഡ് തന്റെ കുഞ്ഞുങ്ങളുമായി ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ സിറിയയിലേക്ക് യാത്രയായി. ഐസിസിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ‘അല്‍-റഖ്ഖ’ പ്രവിശ്യയിലാണ് ഇവര്‍ താമസിച്ചിരുന്നത്. 2018-ല്‍ സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ മുഹമ്മദ് സഹാബ് കൊല്ലപ്പെട്ടു. ഭര്‍ത്താവ് കൊല്ലപ്പെട്ടതോടെയാണ് മറിയം റാഡ് ‘ഐസിസ് വിധവ’യായി മാറിയത്

ഭര്‍ത്താവിന്റെ മരണത്തിനും ഐസിസിന്റെ തകര്‍ച്ചയ്ക്കും ശേഷം, മറിയം റാഡും കുട്ടികളും സിറിയയിലെ കുപ്രസിദ്ധമായ അല്‍-റോജ് അഭയാര്‍ത്ഥി ക്യാമ്പില്‍ തടവിലായി. ഏതാണ്ട് മൂന്ന് വര്‍ഷത്തോളം ഇവര്‍ കടുത്ത ദാരിദ്ര്യത്തിലും ദുരിതത്തിലും ആ ക്യാമ്പില്‍ കഴിഞ്ഞു. ഒടുവില്‍, 2022 ഒക്ടോബറില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രത്യേക ദൗത്യത്തിലൂടെ തിരികെ എത്തിച്ച 4 സ്ത്രീകളിലും 13 കുട്ടികളിലും മറിയം റാഡും ഉള്‍പ്പെട്ടിരുന്നു.ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ ഇവര്‍ക്കെതിരെ ഭീകരവിരുദ്ധ ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുകയും 2023 ജനുവരിയില്‍ ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭീകര സംഘടനകളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ അനുവാദമില്ലാതെ പ്രവേശിക്കുകയും താമസിക്കുകയും ചെയ്തു എന്നതായിരുന്നു കുറ്റം. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വിചാരണ വേളയില്‍ മറിയം റാഡ് കുറ്റം സമ്മതിച്ചു. എന്നാല്‍ തന്റെ ഭര്‍ത്താവ് ഒരു ഐസിസ് കമാന്‍ഡര്‍ ആണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും, കടുത്ത ഭയവും ഭര്‍ത്താവിന്റെ മാനസിക സമ്മര്‍ദ്ദവും കാരണമാണ് തനിക്ക് സിറിയയില്‍ തുടരേണ്ടി വന്നതെന്നും അവര്‍ കോടതിയില്‍ വാദിച്ചു.

2024 ജൂണില്‍ ന്യൂ സൗത്ത് വെയ്ല്‍സിലെ കോടതി ഈ കേസില്‍ അന്തിമ വിധി പ്രസ്താവിച്ചു. ചെറുപ്രായത്തിലുള്ള വിവാഹവും, ഭര്‍ത്താവിന്റെ കടുത്ത നിയന്ത്രണങ്ങളും, അവര്‍ അനുഭവിക്കുന്ന മാനസികാഘാതവും പരിഗണിച്ച് കോടതി അവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കിയില്ല. പകരമായി, 25 മാസത്തേക്ക് കര്‍ശനമായ നിരീക്ഷണത്തിലും നല്ലനടപ്പിലും കഴിയാനും, സൈക്കോളജിസ്റ്റിന്റെ സഹായം തേടാനുമുള്ള ഉപാധികളോടെ അവരെ കോടതി വിട്ടയച്ചു. മറിയം റാഡ് ജന്മനാ മുസ്ലിം കുടുംബത്തില്‍ നിന്നുള്ള സ്ത്രീയായിരുന്നു. അവര്‍ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ മുഹമ്മദ് സഹാബിനെ വിവാഹം കഴിക്കുകയായിരുന്നു. ഇത് കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ച ഒരു പരമ്പരാഗത വിവാഹമായിരുന്നു. സത്യത്തില്‍ അവര്‍ക്ക് ഭര്‍ത്താവിനെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല. ഇത് പരിഗണിച്ചാണ് കോടതിഅവരെ ശിക്ഷയില്‍നിന്ന് ഒഴിവാക്കിയത്. പക്ഷേ ഇന്നും അവരെ ഐഡന്റിറ്റി വെളിപ്പെടുത്താതെ, മറ്റൊരിടത്ത് മാറ്റിപാര്‍പ്പിച്ചിരിക്കയാണ്. ബാക്കിയുള്ള ഐസിസ് വധുക്കളെ തിരികെ കൊണ്ടുവരുന്നതിനെതിരെ ഓസ്‌ട്രേലിയയില്‍ വലിയ പ്രക്ഷോഭവും നടക്കുകയാണ്.

Share This Article