ആളില്ല ; SFI യുടെ പ്രതിഷേധം മാറ്റിവച്ചു; പങ്കെടുക്കാനെത്തിയത് 20 പേർ

insight kerala

കോട്ടയത്ത് എസ്എഫ്ഐ നടത്താനിരുന്ന പ്രതിഷേധ പരിപാടി ആളില്ലാത്തതിനെ തുടർന്ന് മാറ്റിവെച്ചു. തിരുവനന്തപുരത്തെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നത്. കോട്ടയത്ത് എസ്പി ഓഫീസ് മാർച്ച് സംഘടിപ്പിക്കുവാൻ ആയിരുന്നു തീരുമാനം. രാവിലെ പത്തരയ്ക്ക് എസ്പി ഓഫീസ് മാർച്ച് നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് 12 മണിയിലേക്ക് സമയം മാറ്റി. ഒരു മണിയായിട്ടും പ്രതിഷേധക്കാർ എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പരിപാടി മാറ്റി വെച്ചതായി അറിയിച്ചത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്ന പ്രതിഷേധ പരിപാടിക്ക് ഇരുപതോളം പേർ മാത്രമാണ് എത്തിയത് എന്നാണ് സൂചന. അതേസമയം കളക്ടറേറ്റിനു മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് വഴി തടയുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഒന്നരമണിക്കൂറോളം പോലീസ് വഴി തടഞ്ഞത് യാത്രക്കാരെയും വലച്ചു. പ്രതിഷേധ പരിപാടി മാറ്റിവെച്ചതായി അറിയിപ്പിനെ തുടർന്ന് പോലീസ് ഗതാഗത നിയന്ത്രണം പിൻവലിക്കുകയായിരുന്നു.

Share This Article