വരുന്നത് ലീഗിന്റെ ഭരണം! കിട്ടുന്നത് വിദ്യാഭ്യാസവും വ്യവസായവും അടക്കം പ്രമുഖ വകുപ്പുകള്‍; ഇത്തവണ 5 പേര്‍ മന്ത്രിമാവും; കെ എം ഷാജിയും ലിസ്റ്റില്‍; ഭരണ കടിഞ്ഞാണിനായി ചരടുവലിച്ച് കുഞ്ഞാലിക്കുട്ടിയും കൂട്ടരും

insight kerala

special report

എം മാധവദാസ്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ഉജ്ജ്വലമായ വിജയം നേടിയ പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗ്. 27 സീറ്റുകളിലാണ് മത്സരിച്ച ലീഗ് 22 സീറ്റുകളില്‍ വിജയിച്ചു. മലപ്പുറത്ത് മത്സരിച്ച എല്ലാ സീറ്റുകളും തൂത്തുവാരിയ ലീഗ്, കോഴിക്കോട് പേരാമ്പ്രയില്‍ നിന്ന് തങ്ങളുടെ ചരിത്രത്തിലെ ആദ്യ വനിതാ എം.എല്‍.എയായി അഡ്വ. ഫാത്തിമ തഹ്ലിയയെ നിയമസഭയിലെത്തിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായി വി ഡി സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിശ്ചയിക്കാനുള്ള പ്രധാന കാരണവും മുസ്‌ലീം ലീഗിന്റെ പിന്തുണയായിരുന്നു.

അതുകൊണ്ടുതന്നെ പുതിയ സര്‍ക്കാറില്‍ മുസ്‌ലീം ലീഗിനെ വലിയ സ്വാധീനമുണ്ടാവുമെന്നാണ് കരുതുന്നത്. നേരത്തെ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് നല്‍കണം എന്നുവരെ ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും ഇപ്പോള്‍, 5 മന്ത്രിസ്ഥാനം കൊണ്ട് ഒതുങ്ങാനാണ് ലീഗിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാന വകുപ്പുകള്‍ ലീഗിന്

പ്രധാന വകുപ്പുകളിലും ലീഗ് കണ്ണുവെച്ചിരിക്കയാണ്. മുന്‍ യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് ലീഗ് കൈകാര്യം ചെയ്തിരുന്നതും പാര്‍ട്ടിയുടെ പരമ്പരാഗത സ്വാധീന മേഖലകളായതുമായ പ്രമുഖ വകുപ്പുകള്‍ക്കായിരിക്കും ഇത്തവണയും മുന്‍ഗണന. വ്യവസായം ഐ ടി എന്നിവ മുമ്പ് പി.കെ. കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്ത വകുപ്പാണ്. ഇത്തവണയും ലീഗ് ഇതിനായി ശക്തമായി വാദിക്കും. പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ലീഗിന്റെ താല്‍പ്പര്യപ്പട്ടികയില്‍ എപ്പോഴുമുള്ള വകുപ്പാണ്. തദ്ദേശസ്വയംഭരണം, പൊതുമരാമത്ത് / നഗരവികസനം, സാമൂഹികനീതി / ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളും ലീഗ് ലക്ഷ്യമിടുന്നു.

ഇടതുപക്ഷ ഭരണക്കാലത്ത്, വിദ്യാഭ്യാസവും, വ്യവസായവും, പൊതുമരാമത്തും ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ സിപിഎമ്മും, റവന്യൂ സിപിഐയുമാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ യുഡിഎഫ് ഭരണത്തില്‍ ഈ പ്രധാന വകുപ്പുകളൊക്കെ ലീഗിന്റെ കൈയിലാണ് വന്നുചേരുക. ഇതില്‍ വിദ്യാഭ്യാസവകുപ്പ് ലീഗിനെയും, കേരളാ കോണ്‍ഗ്രസിനെയും പോലുള്ളവരെ ഏല്‍പ്പിക്കരുത് എന്ന ശക്തമായ വിമര്‍ശനം പൊതുസമൂഹത്തില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടിമുതല്‍ ഷാജിവരെ

മുസ്ലിം ലീഗ് ഇത്തവണ 5 മന്ത്രിസ്ഥാനങ്ങള്‍ക്കായി ശക്തമായ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പതിവുപോലെ, പി. കെ. കുഞ്ഞാലിക്കുട്ടിയാവും ലീഗിന്റെ നിയമസഭാ കക്ഷിനേതാവ്. പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവായ അദ്ദേഹം മന്ത്രിസഭയിലെ ലീഗിന്റെ മുഖ്യ പ്രതിനിധിയായിരിക്കും. മണ്ണാര്‍ക്കാട് നിന്ന് തുടര്‍ച്ചയായി വിജയിക്കുന്ന എന്‍. ഷംസുദ്ദീന് ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചേക്കും. ഏറനാട് മണ്ഡലത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ പി കെ ബഷീര്‍, കെ. എം. ഷാജി, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, മഞ്ഞളാംകുഴി അലി തുടങ്ങിയവരുടെ പേരും പട്ടികയിലുണ്ട്. പ്രാദേശിക സന്തുലിതാവസ്ഥ ഉറപ്പാക്കാനായി, കോഴിക്കോട്, കാസര്‍കോട് ജില്ലകള്‍ക്ക് പ്രാതിനിധ്യം നല്‍കുകയാണെങ്കില്‍, കുന്ദമംഗലത്ത് നിന്ന് ജയിച്ച എം. എ. റസാഖ് മാസ്റ്റര്‍, മഞ്ചേശ്വരം എം.എല്‍.എ എ. കെ. എം. അഷ്‌റഫ് എന്നിവരെയും പരിഗണിക്കും.

ലീഗിന്റെ ചരിത്രത്തിലെ ആദ്യ വനിതാ എം.എല്‍.എ ആയ അഡ്വ. ഫാത്തിമ തഹ്ലിയയുടെ പേര് ചര്‍ച്ചകളില്‍ വരുന്നുണ്ടെങ്കിലും, മുതിര്‍ന്ന നേതാക്കളുടെ നീണ്ട നിരയുള്ളതിനാല്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. മാത്രമല്ല ഒരു വനിത മന്ത്രിയാവുന്നതിനോട് സമസ്തയിലെ നേതാക്കള്‍ക്ക് ഒന്നും യോജിപ്പില്ല. ഇതില്‍ കെ എം ഷാജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ‘മതമാണ്, മതമാണ്, മതമാണ് പ്രശ്നമെന്നും’, ഭരണം പിടിക്കുന്നന്നത് മുസ്ലീം സമുദായത്തിന് വേണ്ടിയായിരിക്കണമെന്ന് പരസ്യമായി പറയുന്ന ഒരാള്‍ക്ക് എങ്ങനെയാണ്, മന്ത്രിയായി നിഷ്പക്ഷനായി പ്രവര്‍ത്തിക്കാനാവുക എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍വെച്ച് ഷാജിയും മന്ത്രിയാവുമെന്നാണ് അറിയുന്നത്.

Share This Article