special report
എം മാധവദാസ്
തിരുവനന്തപുരം: കാലം എത്രതന്നെ പുരോഗമിച്ചാലും, ശാസ്ത്രം എത്രതന്നെ വളര്‍ന്നാലും നമ്മുടെ നാട്ടിലെ ഒരു വിഭാഗം കടുത്ത അന്ധവിശ്വാസികളാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലടക്കം വിശ്വാസപരമായ കാര്യങ്ങള്‍ ഇന്നും കടന്നുവരാറുണ്ട്. 1947 ആഗസ്റ്റ് 15 അര്‍ധരാത്രിയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള കാരണം തന്നെ ജ്യോതിഷികളായിരുന്നു. ഇപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയെ ഓഫീസില്‍ നിയമിച്ചതും വിവാദത്തെത്തുടര്‍ന്ന് നിയമനം റദ്ദാക്കിയതും വാര്‍ത്തയായിരുന്നു.
അതുപോലെ കേരള മുഖ്യമന്ത്രി ആരെന്ന് അറിയാനുള്ള ദിനവും നീണ്ടത് ഒരു അന്ധവിശ്വാസത്തില്‍ തട്ടിയാണെന്നാണ് ഡല്‍ഹിയില്‍നിന്നുള്ള വര്‍ത്തമാനങ്ങള്‍. 13ാം തീയതിയായ ഇന്നലെ എല്ലാം ചര്‍ച്ചചെയ്തിട്ടും തീരുമാനം 14ലേക്ക് മാറ്റിയത് 13 എന്ന നമ്പറിനെ പേടിച്ചുകൊണ്ടാണെന്ന് പറയുന്നു.
13 എന്ന അണ്‍ലക്കി നമ്പര്‍
പാശ്ചാത്യ സംസ്‌കാരത്തില്‍ 13 എന്ന അക്കത്തോടുള്ള ഭയത്തെ ‘ട്രിസ്‌കൈഡെകാഫോബിയ’ എന്ന് വിളിക്കുന്നു. യേശുക്രിസ്തുവിന്റെ അവസാന അത്താഴത്തില്‍ അദ്ദേഹമടക്കം 13 പേരാണ് പങ്കെടുത്തത്. അതില്‍ പതിമൂന്നാമനായി ഇരുന്ന യൂദാസ് ആണ് പിന്നീട് യേശുവിനെ ഒറ്റിക്കൊടുത്തത് എന്ന വിശ്വാസം. യേശുവിനെ ക്രൂശിച്ച വെള്ളിയാഴ്ചയും 13-ാം തീയതിയും ഒത്തു വരുന്നത് വലിയ ദൗര്‍ഭാഗ്യമായി പാശ്ചാത്യര്‍ കരുതുന്നു. നോര്‍സ് (സ്‌കാന്‍ഡിനേവിയന്‍) പുരാണത്തിലെ ഒരു കഥയനുസരിച്ച്, 12 ദൈവങ്ങളുടെ വിരുന്നിലേക്ക് 13-ാമനായി ‘ലോകി’ എന്ന ദുഷ്ട ദൈവം കടന്നുവരികയും തുടര്‍ന്ന് അവിടെ ഒരു കൊലപാതകം നടക്കുകയും ചെയ്തു. പൗരാണിക കാലത്ത് 12 എന്ന സംഖ്യയെ പൂര്‍ണ്ണതയുടെ അടയാളമായി കണ്ടിരുന്നു (ഉദാഹരണത്തിന്: 12 മാസങ്ങള്‍, 12 രാശികള്‍, ക്രിസ്തുവിന്റെ 12 ശിഷ്യന്മാര്‍). അതിനാല്‍ പൂര്‍ണ്ണതയ്ക്ക് തൊട്ടുപിന്നാലെ വരുന്ന 13-നെ അവര്‍ അപൂര്‍ണ്ണമായും ദൗര്‍ഭാഗ്യമായും കണക്കാക്കാന്‍ തുടങ്ങി.

പുതിയ കേരളാ മുഖ്യമന്ത്രിയെ മെയ് 13-ന് ഡല്‍ഹിയില്‍ പ്രഖ്യാപിക്കാതിരുന്നതിന് പിന്നിലും അന്ധവിശ്വാസത്തിന്റെ സ്വാധീനമുണ്ടെന്ന് ഇംഗ്ലീഷ് പത്രങ്ങളിലടക്കം വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഭൂരിപക്ഷം കിട്ടി ഒന്‍പതാം ദിവസമായിരുന്നു ബുധനാഴ്ച. 13-ാം തീയതിയ്ക്കൊപ്പം ഒന്‍പതിന്റെ പേരു ദോഷവും കോണ്‍ഗ്രസ് പരിഗണിച്ചെന്ന വാദവും ഉയര്‍ന്നിരുന്നു. മുകുള്‍ വാസ്‌നിക്കും ദീപാദാസ് മൂന്‍ഷിയുമടക്കമുള്ളവര്‍ വലിയ ജ്യോതിഷ വിശ്വാസികളാണെന്നാണ് പറയുന്നത്. എന്നാല്‍ തീരുമാനമെടുത്തിട്ടും ശുഭദിനമല്ലെന്ന കാരണത്താല്‍ ഇന്നലത്തെ പ്രഖ്യാപനം മാറ്റിവെച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ എ.ഐ.സി.സി വൃത്തങ്ങള്‍ പൂര്‍ണ്ണമായും തള്ളി. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നീ മുന്നുപേരില്‍ ഒരാളെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാവാത്തതാണ് പ്രശ്‌നമെന്നാണ് അവര്‍ പറയുന്നത്. ശാസ്ത്രീയമായ ചിന്താഗതി പുലര്‍ത്തുന്ന പാര്‍ട്ടി ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പോകില്ലെന്ന് നേതൃത്വം വ്യക്തമാക്കി. നീണ്ട തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ 14ാം തീയതി 12 മണിക്കാണ്ൗ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള എഐസിസിയുടെ അറിയിപ്പ് എത്തിയത്്.

