തിരുവനന്തപുരം : പാൽ വില 4 രൂപ കൂട്ടാൻ ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം ശുപാർശ ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മാറിയ ശേഷമാകും വിലവർദ്ധനവ് നടപ്പാക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങും.
അതേസമയം വില വർദ്ധിപ്പിക്കാനുള്ള തീരുമാനം വൈകുന്നേരത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. മിൽമ എറണാകുളം മേഖല യൂണിയൻ ഭാരവാഹികളാണ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്. പാൽവില കൂട്ടാൻ വൈകുന്നതിലാണ് പ്രതിഷേധം. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതി കിട്ടിയതിന് ശേഷം മാത്രം പാൽവില കൂട്ടാമെന്ന മിൽമ ചെയർമാൻ്റെ നിലപാട് അംഗീകരിക്കാനാവില്ല എന്ന് എറണാകുളം യൂണിയൻ ഭാരവാഹികൾ അറിയിച്ചു. പാൽവില കൂട്ടാൻ മിൽമയ്ക്ക് ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളതാണ്. തീരുമാനം വൈകുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയ ലക്ഷ്യമെന്ന സംശയമുണ്ട്. പുതിയ സർക്കാരിൻ്റെ തലയിൽ വയ്ക്കാനാണ് ശ്രമമെന്നും പ്രതിഷേധിച്ചിറങ്ങി വന്നവർ ആരോപിച്ചു.
