രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള എംപിമാർ ബിജെപിയിലേക്ക്; ആം ആദ്മി പാർട്ടിയിൽ പിളർപ്പ്

insight kerala

ദില്ലി: രാഘവ് ഛദ്ദ എംപി എഎപി വിട്ട് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു. എ എ പിയിൽ വൻ പിളർപ്പാണ് ഉണ്ടായിരിക്കുന്നത്. സഞ്ജയ് സിങ് ഒഴികെയുള്ള രാജ്യസഭ എം പി മാർ പാർട്ടി വിട്ടു. വാർത്താ സമ്മേളനം നടത്തിയാണ് എംപിമാർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും എഎപി വിടുന്നതായി പ്രഖ്യാപിച്ചു. കൂടുതൽ എംപിമാർ എഎപി വിടുമെന്നും രാഘവ് ഛദ്ദ അവകാശപ്പെട്ടു. നൽകിയ ഉത്തരവാദിത്വം മികച്ച രീതിയിൽ പൂർത്തിയാക്കിയെന്ന് പറഞ്ഞ രാഘവ് ഛദ്ദ, അരവിന്ദ് കെജ്‍രിവാളിന് നന്ദി പറഞ്ഞതിനൊപ്പം രൂക്ഷമായ വിമർശനവും നടത്തി. അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനം നൽകി ദില്ലിയിൽ അധികാരത്തിൽ വന്ന എഎപി സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് അകന്നുപോയതായി അദ്ദേഹം ആരോപിച്ചു.

ഹർഭജൻ സിങ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും എഎപി വിട്ട് ബിജെപിയിൽ എത്തുമെന്നാണ് രാഘവ് ഛദ്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. തന്‍റെ ജീവിതത്തിലെ 15 വർഷം ആം ആദ്മി പാർട്ടിക്കായി സമർപ്പിച്ചു. ഇപ്പോൾ പാർട്ടി സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് അകന്നു. തെറ്റായ പാർട്ടിയിലെ ശരിയായ ആളാണ് താൻ. താൻ പാർട്ടിയിൽ നിന്ന് മാറി ജനങ്ങളുമായി കൂടുതൽ അടുക്കുകയാണെന്നും രാഘവ് ഛദ്ദ അവകാശപ്പെട്ടു. ബിജെപിയിൽ ചേരുന്നതോടെ രാഘവ് ഛദ്ദ മന്ത്രിയാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ഛദ്ദ എംപി എഎപിയിൽ നിന്ന് അകന്നിരുന്നു. നിശബ്ദനാക്കപ്പെട്ടുവെങ്കിലും താന്‍ പരാജയപ്പെട്ടിട്ടില്ലെന്നായിരുന്നു അന്ന് രാഘവ് ഛദ്ദയുടെ പ്രതികരണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എക്കാലത്തും പാര്‍ലമെന്റില്‍ ഉയര്‍ത്തിയ നേതാവാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് തന്നെ ആംആദ്മി നിശബ്ദനാക്കുന്നതെന്നും എക്സിൽ പങ്കുവെച്ച പ്രതികരണത്തിൽ ഛദ്ദ ചോദിച്ചിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article