കണ്ണൂര്‍ ∙ തളിപ്പറമ്പ് തിമിരിയിൽ ആർഎസ്എസ് – ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. സിപിഎം നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെട്ട കേസാണിത്. പ്രതികൾക്കെതിരെ വധശ്രമം, സ്ഫോടക വസ്തുനിയമത്തിലെ നിയമങ്ങളും തെളിഞ്ഞതായി കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.കെ പ്രദീപ് കുമാർ, ആലക്കോട് ഗ്രാമപഞ്ചായത്തംഗം പി.വി ബാബുരാജ്, ടി.വി. ബിനു, പി.പി. സത്യൻ, ഇ.വി. വിനോദ് കുമാർ, പാലേരി വിജയൻ, കെ.പി.സുരേഷ്, ടോബി, ജനാർദനൻ, ശിവപ്രസാദ് എന്നിവരെയാണ് കോടതി കുറ്റക്കാരായി വിധിച്ചത്. കേസിൽ ഉൾപ്പെട്ട രണ്ടു പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
2011 നവംബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്ത് ആർഎസ്എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സിപിഎം ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഇതിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവർത്തകർക്ക് നേരെയാണ് പ്രതികൾ ബോംബെറിഞ്ഞത്. ഒൻപത് പേർക്ക് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു.

