കോട്ടയം : സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം നടത്തിയ പിസി ജോർജ് പാലാ അരമനയിൽ എത്തി. ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. മാർ പള്ളിക്കാപ്പറമ്പിലിനെ സന്ദർശിച്ചു.
വെറും സൗഹൃദ സന്ദർശനം മാത്രം എന്നും ബിഷപ്പ് തന്നെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചു എന്നും പിസി ജോർജ് പറഞ്ഞു. സഭക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല എന്നും മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും പിസി ജോർജ് ആരോപിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ബിഷപ്പ് തനിക്കും ഭാര്യക്കും സമ്മാനങ്ങൾ നൽകി എന്നും പിസി ജോർജ് പറഞ്ഞു.
സഭാനേതൃത്വത്തിനെതിരെ കഴിഞ്ഞദിവസം അതിരൂക്ഷ വിമർശനമാണ് പിസി ജോർജ് നടത്തിയത്. മെത്രാന്മാർ രാഷ്ട്രീയം പറയുകയാണെങ്കിൽ അവരെ രാഷ്ട്രീയമായി നേരിടുമെന്നും, കാഞ്ഞിരപ്പള്ളി ബിഷപ്പ് യുഡിഎഫിന് വോട്ട് ചെയ്യാൻ നിർദ്ദേശിച്ചത് മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു. വിദേശഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്സിആർഎ ബില്ലിനെതിരെ സംസാരിക്കുന്ന മെത്രാന്മാർക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.
പിസി ജോർജിനെതിരെ ദീപിക ദിനപത്രം ഇന്ന് അതിരൂക്ഷമായ രീതിയിൽ എഡിറ്റോറിയൽ എഴുതിയിരുന്നു. ദീപിക ദിനപത്രത്തിന്റെ വിമർശനം മാധ്യമങ്ങൾ വലിയ രീതിയിൽ വാർത്തയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പിസി ജോർജ് പാലാ ബിഷപ്പ് ഹൗസിൽ എത്തിയത്.

