മുസ്‌ലീം വോട്ടുകള്‍ ശബരീനാഥിനും ശിവന്‍കുട്ടിക്കുമിടയില്‍ ഭിന്നിച്ചു; നേമത്ത് രാജീവ് ചന്ദ്രശേഖറിന് പ്രതീക്ഷ; കഴക്കൂട്ടത്ത് വി മുരളീധരനും സാധ്യത; മഞ്ചേശ്വരത്തും പോസറ്റീവ് പ്രതികരണം; മൂന്ന് സീറ്റ് മിനിമം നേടുമെന്ന് ബിജെപി

AnilKumar BalaKrishnan

ഇലക്ഷന്‍ സ്‌പെഷ്യല്‍

എം മാധവദാസ്

തിരുവനന്തപുരം: വോട്ടെടുപ്പിനുശേഷമുള്ള കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ കണക്കുകള്‍ നോക്കുമ്പോള്‍, ബിജെപിക്ക് ആത്മവിശ്വാസത്തിന് കുറവൊന്നുമില്ല. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട് എന്നിങ്ങനെ പാര്‍ട്ടി പ്രതീക്ഷവെക്കുന്ന, നാലില്‍ മൂന്നും നേടാന്‍ കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇതില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുന്ന നേമം മണ്ഡലത്തിലെ സവിശേഷ സാഹചര്യം ഇത്തവണ ബിജെപിക്ക് തുണയാവുന്നുണ്ട്. ഈ മണ്ഡലത്തിലെ 29,000-ത്തോളം വരുന്ന മുസ്ലീം വോട്ടുകള്‍ ഒന്നിച്ച് ഒരു സ്ഥാനാര്‍ത്ഥിയിലേക്ക് മറിയുമ്പോഴാണ് ഇവിടെ ബിജെപി തോല്‍ക്കാറുള്ളത്. പക്ഷേ ഇത്തവണ അത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥനും, എല്‍ഡിഎഫിലെ ശിവന്‍കുട്ടിക്കുമിടയില്‍ ഭിന്നിച്ചുപോയി. അതില്‍തന്നെ തങ്ങള്‍ക്ക് വിജയസാധ്യതയുണ്ടെന്നാണ് ബിജെപി വിലയിരുത്തല്‍. നേമം മണ്ഡലത്തിലെവോട്ടര്‍മാരില്‍ ഏകദേശം 70%-ത്തിന് മുകളില്‍ ഹിന്ദുക്കളാണ്. മണ്ഡലത്തില്‍ ഏകദേശം 15-18 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാരുമുണ്ട്.

നേമത്ത് നായര്‍, നാടാര്‍ സമുദായങ്ങള്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കമുള്ളത്. ഇതില്‍ നടാര്‍ സമുദായം യുഡിഎഫിനെ പിന്തുണക്കുമ്പോള്‍ നായര്‍ സമുദായത്തിന്റെ വോട്ട് തങ്ങള്‍ക്ക് വീണുവെന്നും ബിജെപി വിലയിരുത്തുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി 3,949 വോട്ടുകളുടെ മാര്‍ജിനാണ് ഇവിടെ ജയിച്ചത്. ഇത്തവണ ശിവന്‍ കുട്ടി മൂന്നാംസ്ഥാനത്തേക്ക് പോവാനും ഇടയുണ്ടെന്ന് ബിജെപി വിലയിരുത്തുന്നു.
അതുപോലെ പാലക്കാട്ടും ബിജെപി പ്രതീക്ഷ കൈവിട്ടിട്ടില്ല. അവസാന ദിവസമുണ്ടായ വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം, ശോഭാസുരേന്ദ്രന്റെ സാധ്യതകളെ ബാധിച്ചിട്ടുണ്ട്. പക്ഷേ ഇവിടെയും മുസ്‌ലീം വോട്ട് ഏതെങ്കിലും ഒരു മുന്നണിയിലേക്ക് കേന്ദ്രീകരിച്ചിട്ടില്ല എന്നതും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു.

അതുപോലെയാണ് മഞ്ചേശ്വരും. എപ്പോഴൊക്കെ ബിജെപി ജയിക്കാന്‍ പോവുന്നു എന്ന് വാര്‍ത്ത വരുമ്പോഴൊക്കെ ഇവിടെ മുസ്‌ലീം കണ്‍സോളിഡേഷനാണ് ഉണ്ടാവാറുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണ തീര്‍ത്തും ലൊ പ്രൊഫൈലായി നിന്നുകൊണ്ട്, വികസനം മാത്രം പറഞ്ഞുകൊണ്ടായിരുന്നു, ബിജെപി സ്ഥാനാത്ഥി കെ സുരേന്ദ്രന്റെ പ്രചാരണം. 60% ത്തോളം മുസ്‌ലീം വോട്ടുകളുള്ള മണ്ഡലമാണ്, മഞ്ചേശ്വരം. ഇവിടെ ഹിന്ദുവോട്ടുകള്‍ വെറും 38 ശതമാനമാണ്. അവിടെയാണ്, കഴിഞ്ഞ തവണ കെ സുരേന്ദ്രന്‍, വെറും 745 വോട്ടിന് പരാജയപ്പെട്ടത്. ഇത്തവണ മഞ്ചേശ്വരത്തും, മുസ്‌ലീം വോട്ടുകള്‍ ഭിന്നിച്ചുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

അതുപോലെ ബിജെപി സര്‍പ്രൈസ് വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം. കഴിഞ്ഞ തവണ ഇവിടെനിന്ന് പരാജയപ്പെട്ട ബിജെപി നേതാവ് വി മുരളീധരന്‍ ഇവിടെ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. ശബരിമല സ്വര്‍ണ്ണക്കടത്തൊക്കെ വലിയ ചര്‍ച്ചയായതോടെ, മൂന്‍ദേവസ്വം മന്ത്രികൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ ഇത്തവണ പിന്നോക്കംപോവുമെന്നാണ് ബിജെപി വിലയിരുത്തല്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശരത്ചന്ദ്രപ്രസാദാവട്ടെ, പുതുതലമുറക്ക് അത്രപരിചയമുള്ള മുഖവുമല്ല.

കഴക്കൂട്ടം മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഭൂരിഭാഗവും (ഏകദേശം 70%-ത്തിന് മുകളില്‍) ഹിന്ദുക്കളാണ്. നായര്‍, ഈഴവ സമുദായങ്ങള്‍ക്കാണ് ഇവിടെ കൂടുതല്‍ മുന്‍തൂക്കമുള്ളത്. മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഏകദേശം 25-30 ശതമാനത്തോളം വരും ന്യൂനപക്ഷ വിഭാഗങ്ങള്‍. ഇതില്‍ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ മുസ്ലീങ്ങളേക്കാള്‍ അല്പം കൂടുതലാണെന്നാണ് കണക്കാക്കപ്പെടുന്നത്. ലാറ്റിന്‍ കത്തോലിക്കാ വിഭാഗത്തിന് തീരദേശ മേഖലകളില്‍ നല്ല സ്വാധീനമുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടകംപള്ളി സുരേന്ദ്രന്‍ ഇവിടെനിന്ന് 23,497 വോട്ടുകള്‍ക്കാണ് ജയിച്ചത്. അന്ന് രണ്ടാംസ്ഥാനത്തായിരുന്നു ബിജെപി. അതേസമയം ട്വന്റി ട്വന്റിയുമായി ചേര്‍ന്നുള്ള പരീക്ഷണം വേണ്ടത്ര വിജയിച്ചോ എന്ന സംശയവും ബിജെപിക്കുണ്ട്.

Share This Article