കത്തോലിക്കാ സഭാ മുഖപത്രമായ ദീപികയ്‌ക്കെതിരായി വീണ്ടും രൂക്ഷ വിമർശനവുമായി ഷോണ്‍ ജോര്‍ജ്. ക്രൈസ്തവ മുഖപത്രമായി ഇനി ദീപികയെ അംഗീകരിക്കില്ലെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസക്കാലമായി കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തേയും ദീപികയേയും താന്‍ രണ്ടായിട്ടല്ല കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടും ഒരുപോലെയാണെന്നും ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാലെന്നാണ് പരിഹാസം.
ഒന്നുകില്‍ പത്രത്തിന്റെ മാനേജ്‌മെന്റ് മാറണം. നിലവില്‍ മാനേജ്‌മെന്റില്‍ പ്രൈവറ്റ് വ്യക്തികളുണ്ട്. അവരുടെ സ്ഥാപിത താല്‍പര്യങ്ങളും അവരുടെ രാഷ്‌ട്രീയവും ഇംപ്ലിമെന്റ് ചെയ്യുന്നുണ്ട്. അവിടുത്തെ മുഖപ്രസംഗം എഴുതി കൊടുക്കുന്നത് കെ സി വേണുഗോപാലാണ്. അതിനൊന്നും മറുപടി പറയേണ്ട കാര്യം ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റിന് ഇല്ല – അദ്ദേഹം പറഞ്ഞു.ദീപികയ്‌ക്കെതിരെയാണ് തന്റെ വിമര്‍ശനമെന്നും അല്ലാതെ സഭയ്‌ക്കെതിരെയല്ലെന്നും അദ്ദേഹം പറഞ്ഞു.
“സഭ എന്നു പറയുന്നത് പിതാക്കന്മാരും, സഭാ സ്ഥാപനങ്ങളും, സഭയും, ഞാനും ഉള്‍പ്പെടുന്നതാണ്. എന്നെ എങ്ങനെയാണ് ഞാന്‍ വിമര്‍ശിക്കുന്നത്? ഞാനും കൂടെ ഉള്‍പ്പെടുന്നതാണ് സഭ. ആ സഭയുടെ പേരില്‍ ഒരു സ്ഥാപനം, ഒരു പത്രം തട്ടിപ്പ് നടത്തിയാല്‍ അല്ലെങ്കില്‍ ഒരു ഒരു രാഷ്‌ട്രീയ ഇംപ്ലിമെന്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ അത് പറയേണ്ടത് പിതാക്കന്മാരോടാണ്. പിതാക്കന്മാരെ എല്ലാവരെയും തന്നെ ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. പരാതി തങ്ങള്‍ സ്വീകരിക്കുമെന്നും അത് ചര്‍ച്ച ചെയ്യുമെന്നും അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.”ഷോൺ ജോർജ് പ്രതികരിച്ചു.

