കോഴിക്കോട് ജില്ലയിൽ കൂടുതൽ പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. രോഗം സ്ഥിരീകരിച്ച പൂവാട്ടുപറമ്പ്, എരഞ്ഞിക്കൽ പ്രദേശങ്ങളിലാണ്
പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അതേസമയം, പെരുവയൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആർ ആർ ടിയും രൂപീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് ആനക്കുഴിക്കര സ്വദേശിനിയായ മൂന്നര വയസ്സുകാരി ഷിഗല്ല ബാധിച്ച് മരിക്കുന്നത്. ഇതിന് ശേഷം മൂന്നുപേരിൽ കൂടി രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിൽ മറ്റ് പന്ത്രണ്ട് പേർക്ക് കൂടി ഷിഗല്ല ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച പൂവാട്ടുപറമ്പ്, എരഞ്ഞിക്കൽ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് പെരുവയൽ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും. സമാനമായ ലക്ഷണങ്ങളോടെ മറ്റ് ചിലരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇവരുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എരഞ്ഞിക്കലിലെ അംഗനവാടിയിൽ ആരോഗ്യ വകുപ്പും ആശാപ്രവർത്തകരും ഗ്രാമപഞ്ചായത്ത് അധികൃതരും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ക്യാമ്പും ആരംഭിച്ചിട്ടുണ്ട്. ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകൾതോറും കയറിയിറങ്ങി കിണറുകൾ ക്ലോറിനേഷൻ ചെയ്തുകഴിഞ്ഞു. ഇതിന് പുറമെ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ ഭക്ഷണ സാധനങ്ങളും പാനീയങ്ങളും വിൽക്കുന്ന കടകളിൽ പരിശോധനകളും പുരോഗമിക്കുകയാണ്. വൃത്തിഹീനമായി പ്രവർത്തിച്ച മൂന്ന് കടകൾ അടച്ചുപൂട്ടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആർ ആർ ടിയും രൂപീകരിച്ചു.
അതേസമയം ഷിഗല്ല പടരാൻ ഉണ്ടായ സാഹചര്യം കാരണം കണ്ടെത്താനുള്ള
പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.

