വാളയാർ ആൾക്കൂട്ട കൊലപാതകം; 8 പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

AnilKumar BalaKrishnan

വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. വിചാരണ കോടതിയെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു. പ്രതികൾക്ക് തിടുക്കത്തിൽ ജാമ്യം അനുവദിച്ചെന്നും  മരിച്ചയാളുടെ ആശ്രിതരുടെ വാദം കേട്ടില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ജഡ്ജി യാന്ത്രികമായാണ് പ്രവർത്തിച്ചതെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. ജാമ്യത്തിലുള്ള 8 പ്രതികളും മൂന്നുദിവസത്തിനകം കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഡിസംബർ 17-നാണ് ജാർഖണ്ഡുകാരൻ റാം നാരായൺ ഭഗേലിനെ ആൾക്കൂട്ടം തല്ലിക്കൊന്നത് . 

ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഇതു സംബന്ധിച്ചു നിയമോപദേശം തേടിയ ശേഷമാണ് നിയമ നടപടികളിലേക്കു കടന്നത്. മണ്ണാർക്കാട് എസ്‌സി–എസ്ടി സ്പെഷൽ കോടതി പ്രതികൾക്ക്  ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവിന്റെ സർട്ടിഫൈഡ് കോപ്പി ലഭ്യമാകാൻ താമസമുണ്ടായതും ഹൈക്കോടതിയിൽ ഹർജി നൽകുന്നത് വൈകിപ്പിച്ചു. എങ്കിലും നടപടിക്രമങ്ങൾ വേഗത്തിലാക്കി ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കേസിൽ നിർണായകമായേക്കാവുന്ന ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നശിപ്പിക്കപ്പെട്ടേക്കുമെന്നും അന്വേഷണസംഘം നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ഏറെ ശ്രമകരമായാണ് പിടികൂടിയതെന്നും ജാമ്യം ലഭിച്ച ഇവർ വീണ്ടും കടന്നുകളയാൻ സാധ്യതയുണ്ടെന്നും എസ്ഐടി സംഘത്തിന്റെ ഹർജിയിൽ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങൾ പരിഗണിച്ചാണ് സ്പെഷൽ കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

Share This Article