കോൺഗ്രസ് പട്ടികയിലും സോളാർ സ്വാധീനം: ചെങ്ങന്നൂരിൽ മല്ലേലി ശ്രീധരൻ നായരുടെ അനന്തിരവൻ ബാബുപ്രസാദിനായി ചരടു വലിച്ച് ചെന്നിത്തല

insight kerala

തിരുവനന്തപുരം : ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ചെങ്ങന്നൂർ സീറ്റിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കടുത്ത തർക്കമാണ് ഉയരുന്നത്. കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ, ആലപ്പുഴ ഡിസിസി പ്രസിഡൻറ് ബി ബാബു പ്രസാദ് എന്നിവരാണ് അന്തിമപാനലിൽ ഇടംപിടിച്ചത്. കോൺഗ്രസ് നേതൃത്വം നടത്തിയ പ്രാഥമിക സർവ്വേയിൽ മുന്നിലെത്തിയ ബിനു ചുള്ളിയിലോ എബി കുര്യാക്കോസോ സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ധാരണയായ ഘട്ടത്തിലാണ് ബാബുപ്രസാദിനായി രമേശ് ചെന്നിത്തല പിടിമുറുക്കിയത്. എന്നാൽ ബാബു പ്രസാദിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിൽ വീണ്ടും സോളാർ ചർച്ചകൾ സജീവമാക്കി.

സോളാർ വിവാദ കാലത്ത് ഉമ്മൻചാണ്ടിക്കെതിരെ ആദ്യമായി പോലീസിൽ പരാതി നൽകുകയും മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തൽ നടത്തുകയും ചെയ്ത പത്തനംതിട്ടയിലെ വ്യവസായി മല്ലേലിൽ ശ്രീധരൻ നായരുടെ സഹോദരി പുത്രനാണ് ബാബുപ്രസാദ്. ബാബുപ്രസാദ് വഴി രമേശ് ചെന്നിത്തലയാണ് മല്ലേലി ശ്രീധരൻ നായരെ കൊണ്ട് ഉമ്മൻചാണ്ടിക്കെതിരെ പരാതി നൽകിയത് എന്ന ആരോപണം അന്നു തന്നെ ഉയർന്നിരുന്നു. സോളാർ വിഷയത്തിൽ ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ വേട്ടയാടലുകൾ ചൂണ്ടിക്കാട്ടി ഇടതുമുന്നണിയെയും പ്രത്യേകിച്ച് മന്ത്രി കെ ബി ഗണേഷ് കുമാറിനെയും കടന്നാക്രമിച്ച് കോൺഗ്രസ് പ്രചാരണം നടത്തുന്നതിനിടത്തിലാണ് സോളാർ വിവാദത്തിൽ കോൺഗ്രസിൽ നിന്നു തന്നെ ആരോപണ വിധേയനായ ബാബു പ്രസാദിന് സീറ്റ് നൽകാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു വിഭാഗം പ്രവർത്തകർ എഐസിസിക്ക് പരാതി നൽകിയതായും വിവരമുണ്ട്.

സോളാർ വിഷയത്തിൽ ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ നീക്കങ്ങളിൽ ആരോപണ വിധേയനായ ബാബു പ്രസാദ് മത്സരിച്ചാൽ ചെങ്ങന്നൂരിലെ ഓർത്തഡോക്സ് വോട്ടുകൾ നഷ്ടപ്പെടുമെന്ന് ഒരു വിഭാഗം പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും ഓർത്തഡോക്സ് വോട്ടുകൾ കാര്യമായുണ്ട് .

പത്തനംതിട്ടയിലെ വ്യവസായിയാണ് ബാബുപ്രസാദിന്റെ അമ്മാവനായ ശ്രീധരൻ നായർ. സോളാർ പാടത്തിനായി ശ്രീധരൻനായരിൽനിന്നു പരാതിക്കാരി 40 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു പരാതി. സോളാർ കേസുകളിൽ ഏറ്റവും വിവാദമായത് ഇദ്ദേഹത്തിന്റെ പരാതിയാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടികൂടി അറിഞ്ഞാണു പണം നൽകിയതെന്ന് ശ്രീധരൻനായർ പറഞ്ഞതാണ് വിവാദത്തിനിടയാക്കിയത്. കോടതിയിൽ രഹസ്യമൊഴി നൽകുകയും ചെയ്തിരുന്നു . സംഭവം നടക്കുമ്പോൾ വൈദ്യുതി  ബോർഡംഗമായിരുന്നു മുന്‍ ഹരിപ്പാട് എം എല്‍ എ കൂടിയായ ബാബുപ്രസാദ് .

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article