തൃശ്ശൂർ എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലൻപ്പടിയിൽ വയോധികയെ ആക്രമിച്ച് കൊന്ന തെരുവുനായ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു. ഇന്നലെ വൈകിട്ടാണ് കിടപ്പ് രോഗിയായ കിഴക്കേപുരയ്ക്കൽ കാർത്യായനി തെരുവുനായുടെ ആക്രമണത്തിൽ മരണപ്പെട്ടത്. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകനെയും നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ.
കിടപ്പ് രോഗിയായ ഇവരുടെ മുഖത്തും ശരീരമാസകലവും നായയുടെ കടിയേറ്റു. കാർത്ത്യായനിയുടെ മകന് മണി സന്ധ്യയോടെ ഭക്ഷണവുമായി എത്തിയപ്പോഴാണ് വയോധികയെ രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടത്. വയ്യാതെ കിടക്കുന്ന മറ്റൊരു മകൻ ദേവദാസിനും പരുക്കേറ്റിട്ടുണ്ട്. 60 വയസുള്ള ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമാണ്. നിലവിൽ ചികിത്സയിലാണ് ദേവദാസ്.
