ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് സുപ്രീംകോടതി; മുസ്ലിം സ്ത്രീകളുടെ വിവേചനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശം

AnilKumar BalaKrishnan

ന്യൂഡൽഹി : മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഒരു ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീംകോടതി. ഏകീകൃത സിവിൽ കോഡ് ആണ് ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം എന്ന് സുപ്രീംകോടതി വ്യക്തമാക്കി. യൂസിസി നടപ്പിലാക്കുന്നത് പരിഗണിക്കേണ്ട സമയമാണിത് എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ശരിയത്ത് അനന്തരാവകാശ നിയമം മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ ആണ് സുപ്രീം കോടതി ഈ പ്രധാന പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.

1937 ലെ ശരിയത്ത് നിയമത്തിലെ ചില വകുപ്പുകളെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവേ, ഏകീകൃത സിവിൽ കോഡ് പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു, എന്നാൽ അത് പാർലമെന്റിന്റെ അധികാരപരിധിയിലുള്ള വിഷയമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ശരിയത്ത് നിയമത്തിലെ വ്യവസ്ഥകൾ റദ്ദാക്കുന്നത് പോലുള്ള ഒരു സെൻസിറ്റീവ് വിഷയത്തിൽ അന്തിമ തീരുമാനം നിയമനിർമ്മാണ അധികാരപരിധിക്കുള്ളിലാണെന്നും കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായി, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശരിയത്ത് നിയമത്തിലെ അനന്തരാവകാശ വ്യവസ്ഥകൾ കോടതി റദ്ദാക്കിയാൽ, മുസ്ലീം അനന്തരാവകാശത്തെ നിയന്ത്രിക്കുന്ന മറ്റൊരു വ്യക്തമായ നിയമവുമില്ലാത്തതിനാൽ, അത് നിയമപരമായ ഒരു ശൂന്യത സൃഷ്ടിക്കുമെന്ന് കോടതി ഹർജിക്കാരെ അറിയിച്ചു. പാർലമെന്റ് ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതാണ് കൂടുതൽ ഉചിതമെന്നും സുപ്രീംകോടതി വ്യക്തമാക്കി

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article