പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നതോടെയാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്.
വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് വിപുലമായ പരിപാടികളോടെയാണ് പൊതുസമ്മേളനം നടക്കുക. പുതിയ യാത്രയുടെ സമാപന വേദിയിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന യുഡിഎഫ് വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുമോ എന്നത് ആകാംക്ഷ ജനിപ്പിക്കുന്നു. കേരളത്തിൽ അധികാരമാറ്റം ഉറപ്പിക്കുന്ന കോൺഗ്രസ് അതിനായി എല്ലാ തന്ത്രങ്ങളും മെനയുകയാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ചില പദ്ധതികൾ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. നാല് മണിയോടെ സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിന് മുന്നില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് എന്നീ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്വീകരിക്കും. സ്വീകരണറാലി പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. 25 ദിവസത്തിനിടെ 121 പൊതുസമ്മേളനങ്ങളാണ് യാത്രയുടെ ഭാഗമായി നടന്നത്. സമാപന സമ്മേളനത്തിൽ എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, ദീപദാസ് മുന്‍ഷി ഉൾപ്പെടെ സംസ്ഥാനത്തെ യുഡിഎഫ് നേതാക്കൾ ഒന്നടങ്കം പങ്കെടുക്കും.
രാഹുൽ ഗാന്ധി തലസ്ഥാനത്ത് ; പുതുയുഗയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും
