കോഴിക്കോട് തിരുവമ്പാടിയിൽ എൽ എസ് എസ് പരീക്ഷ അവസാനിക്കുന്നതിന്
മുൻപേ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് വാങ്ങിവെച്ചതായി പരാതി. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിലെ ഒന്നാം നമ്പർ പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മണാശ്ശേരി യു.പി സ്കൂളിലെ അധ്യാപിക സ്മൃതിക്കെതിരെയാണ് രക്ഷിതാക്കൾ പരാതിയുമായി എത്തിയത്. കഴിഞ്ഞ ഫെബ്രുവരി 26 ന് രണ്ടാം പേപ്പർ പരീക്ഷ 1:30 മുതൽ 3:30 വരെ നിശ്ചയിച്ചിരുന്നുവെങ്കിലും 45 മിനിറ്റ് ബാക്കിനിൽക്കെ കുട്ടികളിൽ നിന്ന് ഉത്തരക്കടലാസുകൾ പിടിച്ചുവാങ്ങുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂളിലെ 20 ഓളം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ
സംസ്ഥാന ബാലാവകാശ കമ്മീഷൻ, വിദ്യാഭ്യാസ മന്ത്രി, എം.എൽ.എ, ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. കുട്ടികൾക്ക് നീതി ലഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് രക്ഷിതാക്കളുടെ തീരുമാനം.
എൽഎസ്എസ് പരീക്ഷ അവസാനിക്കുന്നതിന് മുമ്പേ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് വാങ്ങിവെച്ചതായി പരാതി
