സർക്കാരിന് തിരിച്ചടി; ഐഎഎസുകാരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സെൻട്രൽ അഡ്മിനിസ്ട്രേ​റ്റീവ് ട്രിബ്യൂണൽ, അജിത് കുമാറിന്റെ സ്ഥാനം പോകും

AnilKumar BalaKrishnan

കൊച്ചി: ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. ഐ എ എസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2014ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേ​റ്റീവ് ട്രിബ്യൂണൽ (സിഎടി) ഉത്തരവിടുകയായിരുന്നു. ബി അശോകിനെ മാ​റ്റിയതുൾപ്പെടെയുള്ള മൂന്ന് സ്ഥലംമാ​റ്റ ഉത്തരവുകൾ സിഎടി റദ്ദാക്കുകയും ചെയ്തു.

ഐ എ എസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി. ഐ എ എസ് ഉദ്യോഗസ്ഥരുടെ സേവന വ്യവസ്ഥകളിലും സ്ഥലംമാ​റ്റങ്ങളിലും രാഷ്ട്രീയ താൽപ്പര്യങ്ങൾ കടന്നുകൂടുന്നത് തടയാനാണ് ഉത്തരവെന്നാണ് സി എ ടി പറയുന്നത്. വിധി നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ പ്രധാന തസ്തികകളിൽ കാര്യമായ അഴിച്ചുപണി നടത്തേണ്ടിവരും.

എക്‌സൈസ് കമ്മീഷണർ സ്ഥാനം ഐ എ എസ് കേഡർ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന നിരീക്ഷണവും ട്രിബ്യൂണൽ നടത്തി. ഇത് നിലവിലെ എക്‌സൈസ് കമ്മീഷണർ എം ആർ അജിത് കുമാറിന് കനത്ത തിരിച്ചടിയാകും. അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റേണ്ടിവരും. കില, ഐ എം ജി ഡയറക്ടർ സ്ഥാനങ്ങളും ഐ എ എസ് കേഡർ തസ്തികകളാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.കേഡർ നിയമങ്ങൾ ലംഘിച്ചുള്ള നിയമനങ്ങൾ സർക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്ന് ട്രിബ്യൂണൽ ഓർമ്മിപ്പിക്കുകയും ചെയ്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article