ന്യൂഡൽഹി: “ജുഡീഷ്യറിയിലെ അഴിമതി” എന്ന വിവാദ പാഠഭാഗമുള്ള എൻ.സി.ഇ.ആർ.ടിയുട പുതിയ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം വിൽപ്പനയിൽ നിന്ന് പിൻവലിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച ഇത് വിൽപ്പനയിൽ നിന്ന് പിൻവലിച്ചതായി വൃത്തങ്ങൾ അറിയിച്ചു. എട്ടാം ക്ലാസ്സിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമർശിച്ചതിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിഷയത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ഒരാളെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഇന്ന് വ്യക്തമാക്കിയിരുന്നു. നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയത് കേവലം അശ്രദ്ധയല്ലെന്നും, മറിച്ച് ജുഡീഷ്യറിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കോടതി ഇപടെലിന് പിന്നാലെയാണ് പുസത്കം വിൽപ്പനയിൽ നിന്ന് പിൻവലിച്ച വാർത്ത പുറത്തുവന്നത്.
കൃത്യമായ തെളിവുകളില്ലാതെ അഴിമതിയെക്കുറിച്ച് സാമാന്യവൽക്കരിച്ച പ്രസ്താവനകൾ നടത്തുന്നത് ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജുഡീഷ്യറിക്കെതിരെ സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളുടെ തുടർച്ചയായാണോ ഇതെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. ഇത്തരം ഉള്ളടക്കങ്ങൾ എങ്ങനെയാണ് പാഠപുസ്തക സമിതിയുടെ അനുമതി നേടിയതെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

