സംസ്ഥാനത്ത് മെഡിക്കൽ കോളേജുകളിൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മുടങ്ങിയിട്ട് ഏഴു ദിവസം ആകുകയാണ്. അടിയന്തരമായ ചികിത്സകൾ ഒഴികെ മറ്റുള്ളവ ബഹിഷ്കരിച്ചുള്ള സർക്കാർ ഡോക്ടർമാരുടെ പ്രതിഷേധത്തിൽ ദുരിതത്തിൽ ആവുന്നത് സാധാരണക്കാരായ രോഗികളാണ്. 2016 മുതലുള്ള ശമ്പള പരിഷ്കരണ കുടിശ്ശികയും തസ്തികകളുടെ വർധനവും ആവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ സമരം പത്താം ദിവസത്തിൽ എത്തി നിൽക്കുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യ -ധനമന്ത്രിമാർ KGMCTA യുമായി നടത്തിയ ചർച്ചയിൽ സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാർ മുന്നോട്ട് വെച്ചത്. പക്ഷേ ഡോക്ടർമാർ സമരം ശക്തമാക്കി മുന്നോട്ടു പോകുന്നതിനാൽ വീണ്ടും ചർച്ച നടത്താന്നൊരുങ്ങുകയാണ് സർക്കാർ. നാളെ ഡോക്ടർമാരുടെ പ്രതിനിധികളുമായി ആരോഗ്യമന്ത്രി വീണ്ടും ചർച്ച നടത്തും. അതിനുമുമ്പ് ധനമന്ത്രിയുമായി ആരോഗ്യമന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തും. ഡോക്ടർമാർ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ പരിഹാര നിർദ്ദേശം എങ്ങനെയുണ്ടാക്കാം എന്നതിലാണ് മന്ത്രിമാർ ധാരണയിലെത്തുക. അതിനുശേഷം ഡോക്ടർമാരുമായി ചർച്ചചെയ്ത് സമവായമുണ്ടാക്കാം എന്നാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. എന്നാൽ തങ്ങളുടെ അടിസ്ഥാനപരമായ ആവശ്യം അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഡോക്ടർമാർ. അതിനിടെ തിരുവനന്തപുരം ജില്ലയിൽ KGMOA നടത്തിവരുന്ന പ്രതിഷേധ സമരത്തിൽ അയവ് വരികയാണ്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ പ്രശ്നത്തിലാണ് ജില്ലയിലെ പ്രതിഷേധം. ആറ്റുകാൽ ഡ്യൂട്ടി ബഹിഷ്കരണത്തിൽ നിന്ന് പിന്മാറിയതായി സംഘടന അറിയിച്ചു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒപി ബഹിഷ്കരണവും അവസാനിപ്പിച്ചു. അതേസമയം ഡോക്ടർമാർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സംഘടന.
