പത്തനംതിട്ട: സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ചോർത്തിയെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ഓഫീസിലെ ഒ.എസ്.ഡി സാംബശിവ റാവു സ്പാർക്കിന് കത്തയച്ചുവെന്നാണ് വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച രേഖ പുറത്തുവിട്ട ചെന്നിത്തല വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്നും ആരോപിച്ചു.
സർക്കാർ ജീവനക്കാരുടെ അതീവ രഹസ്യസ്വഭാവമുള്ള വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ചോർത്തിയെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
ജീവനക്കാരുടെ പേര്, ഫോൺ നമ്പർ, ജോലി സംബന്ധമായ വിവരങ്ങൾ എന്നിവയടക്കം
കെ-സ്മാർട്ട് വഴി എക്സൽ ഷീറ്റുകളിലാക്കി നൽകാൻ
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി സാംബശിവ റാവു ആണ് സ്പാർക്കിന് കത്തയച്ചത്. ഈ വിവരങ്ങൾ പി.ആർ.ഡി സ്പെഷ്യൽ സെക്രട്ടറിക്ക് കൈമാറാനായിരുന്നു നിർദ്ദേശം.
കഴിഞ്ഞ ഡിസംബറിലാണ് ഇതുസംബന്ധിച്ച കത്തയച്ചത്. ഈ മാസം 12-നകം വിവരങ്ങൾ കൈമാറണമെന്നായിരുന്നു നിർദ്ദേശം. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നും ചെന്നിത്തല ആരോപിക്കുന്നു.
സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. ഹൈക്കോടതി ജഡ്ജിമാർക്ക് വരെ മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ എത്തിയെന്നും, വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിച്ചതിൽ കോടതി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഈ നിയമവിരുദ്ധ നടപടിയെ ന്യായീകരിക്കുന്ന ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറിന്റെ പാതയിലാണെന്നും അദ്ദേഹം പരിഹസിച്ചു.

